പണ്ട് നമ്മുടെ ഭക്ഷണത്തിൽ ഇലക്കറികൾക്കുണ്ടായിരുന്ന സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മുടെ വീടിൻ്റെ തൊടിയിലും പരിസരത്തും അടുക്കളതോട്ടത്തിലും നാം നട്ട് വളർത്തിയിരുന്ന, പ്രകൃതി കനിഞ്ഞും നൽകുന്ന ഒത്തിരിയേറെ ഗുണങ്ങളുള്ള പല ഇലക്കറികളും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. കാലം കടന്ന് പോകുമ്പോൾ, ഭക്ഷണസംസ്കാരം പാടേ മാറിടുമ്പോൾ ഇലക്കറികളുടെ പ്രസക്തി അപ്പാടെ തേഞ്ഞു മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. കണ്ണിൻ്റെ കാഴ്ചശക്തിയ്ക്ക് വളരെ ഉപകാരപ്രദമായ ഒരു ഇലക്കറിയാണ് മുരിങ്ങയിലാണെന്ന് പഴമക്കാർ മുതൽ പറഞ്ഞുകേൾക്കുന്നതാണ്.എന്നാൽ അവയുടെ ഉപയോഗം ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇനി ഉപയോഗിക്കാമെന്ന് വച്ചാലോ മുരിങ്ങയിലയുടെ ലഭ്യതയും ഒരു ചോദ്യചിഹ്നമായ് മാറിയിരിക്കുന്നു.
‘മൊരിംഗ ഒലേയ്ഫെറ’ എന്ന ശാസ്ത്രനാമമുള്ള മുരിങ്ങകളാണ് നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത്. വളരെ വേഗം വളരുകയും, വരൾച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങയുടെ കായ, പൂവ്, ഇല, എന്നിവ ഭക്ഷണത്തിനായ് ഉപയോഗിക്കുന്നു. വളരെയധികം പോഷകസമ്പന്നമായ ഒരു നല്ല ഇലക്കറിയാണ് മുരിങ്ങയില. മലയാളപദമായ മുരിങ്ങ തമിഴ് പദമായ മുരുംഗൈയിൽ നിന്നുണ്ടായതാണ്. പല ഭാഷകളിലും മുരിങ്ങ പല പേരുകളിലും അറിയപ്പെടുന്നു.
ഗുണങ്ങൾ
പോഷകസമ്പന്നം:-ജീവകം എ, ബി, സി, ഇ, കെ, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മറ്റു ഭക്ഷണ പദാർത്ഥങ്ങളായ് താരതമ്യം ചെയ്യുമ്പോൾ, 100 ഗ്രാം പാകം ചെയ്ത മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുതലായ് കാണപ്പെടുന്നു.
പോഷകാഹാരക്കുറവിന്:-മുകളിൽപറഞ്ഞിരിക്കുന്ന പോഷകമൂല്യങ്ങൾ ധാരാളം ഉള്ള ഇലക്കറിയായതിനാൽ കുട്ടികൾക്കും, ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരക്കുറവ് പരിഹരിക്കാൻ മുരിങ്ങയില ഉത്തമമാണ്. കുട്ടികൾക്ക് ഇലക്കറികൾ ഇഷ്ടമില്ലെങ്കിൽ അത് കഴിപ്പിക്കുവാൻ ഇഡ്ഢലി, പുട്ട്, ചപ്പാത്തി, കട്ലറ്റ് എന്നിവയിലും മുട്ട ചിക്കി വറുക്കുന്നതിലും ചേർത്ത് കൊടുക്കുന്നത് അത്യുത്തമമാണ്.
നല്ല ദഹനത്തിന്:-മുരിങ്ങയിലയിൽ ഫൈബർ ധാരാളമുള്ളതിനാൽ മലബന്ധം തടയാൻ സഹായിക്കുന്നു. എല്ലുകൾക്കും, പല്ലുകൾക്കും:-ധാരാളം കാൽസ്യം, ഫോസ്ഫറസ് മുരിങ്ങയിലയുള്ളതിനാൽ, എല്ലുകളുടെരും, പല്ലുകളുടെയും ആരോഗ്യത്തിനു ഗുണപ്രദമായിരിക്കും.
പ്രതിരോധശേഷിക്ക്:-മുരിങ്ങയിലയിൽ ജീവകം സി, ഇ, ആൻ്റിഓക്സിഡൻ്റുകൾ, ധാരാളമുള്ളതിനാൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ ക്കെതിരെ പ്രവർത്തിക്കുന്നു. കാഴ്ചശക്തിയ്ക്ക്:-മുരിങ്ങയിലയിൽ ബീറ്റാകരോട്ടിനുകൾ ധാരാളമുള്ളതിനാൽ കാഴ്ചശക്തിയെ പ്രോജ്ജ്വലിപ്പിക്കുന്നു.
പ്രമേഹരോഗികൾക്ക്:-മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളായ ഐസോതയോസൈനേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു