കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ പോകുന്നു നല്ല
മുടിനാരിലെ മാംസ്യമായ കെരാറ്റിന്റെ നിർമ്മിതിക്ക് മാംസ്യം അത്യാവശ്യമാണ്. പ്രോട്ടീനിലുള്ള അമിനോ ആസിഡുകളാണ് കെരാറ്റിൻ വളർച്ചയ്ക്ക് സഹായിക്കുക. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പിന്നിലെ പ്രധാന ഘടകമാണ് കെരാറ്റിൻ. കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാനും കട്ടികുറയാനും ഇടയാക്കും.
ആരോഗ്യമുള്ള മുടിക്ക് ഇരുമ്പ് അത്യാവശ്യമാണ്. മുടിയിഴകൾക്കാവശ്യമായ പ്രാണവായു നൽകുന്നത് ഇരുമ്പാണ്. ഇതിന്റെ കുറവ് മുടി വരണ്ട് കൊഴിഞ്ഞുപോവാൻ ഇടയാക്കും. മുടിയിഴയുടെ വ്യാസം കുറഞ്ഞ് പൊട്ടിപ്പോകാനും കാരണമാകും.ഇരുമ്പടങ്ങിയ ഭക്ഷണം : പച്ചിലക്കറികൾ, ഉണക്കപഴങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചക്കര, മുട്ട, തണ്ണിമത്തൻ.
വ്യായാമം മുടിവളരാൻ പ്രത്യക്ഷ കാരണമാകില്ലെങ്കിലും പരോക്ഷമായി സഹായിക്കും. ഇത് ശരീരകോശങ്ങളിലൂടെയുള്ള രക്തയോട്ടം കൂട്ടും. തത്ഫലമായി മുടി വളർച്ച കൂടും. അരമണിക്കൂർ വീതം ആഴ്ചയിൽ മൂന്നു പ്രാവശ്യമെങ്കിലും വ്യായാമം ചെയ്താലെ ഫലമുള്ളൂ.
താരൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താരൻ രോഗമല്ല. തലയോട്ടിയിൽ കാണുന്ന ഫംഗസ് പോലുള്ള ഒരു സൂക്ഷ്മജീവി മാത്രമാണ്. ചെറിയ അളവിൽ തലയോട്ടിക്ക് സംരക്ഷണകവചമായി ഇത് പ്രവർത്തിക്കും. പ്രതിരോധ ശക്തി കുറയുമ്പോഴോ, ആൻറിബയോട്ടിക്കുകൾ പോലുള്ള ശക്തിയേറിയ മരുന്നുകൾ കഴിക്കുമ്പോഴോ താരൻ ക്രമാതീതമായി പെരുകി സെബോറിക് ഡെർമറ്റൈറ്റിസ് ആയി മാറും. അപ്പോഴാണ് ചൊറിച്ചിൽ, മുടികൊഴിച്ചിൽ എന്നിവയുണ്ടാവുക.