സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര് ഭൂരഹിതരാണ്. സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ഭൂമിവിലയുടെ വര്‍ദ്ധനവും, ഭവനനിര്‍മാണച്ചെലവിലുണ്ടായ കുതിച്ചുകയറ്റവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്. സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു. നാലു വിധത്തിലുള്ള ഗുണഭോക്താക്കളെയാണ് ഈ ദൗത്യം അഭിസംബോധന ചെയ്യുന്നത്.
ഭൂരഹിതരായ ഭവനരഹിതരില്‍ അമ്പത് ശതമാനത്തോളം 5 കോര്‍പറേഷനുകള്‍, 16 മുനിസിപ്പാലിറ്റികള്‍, 43 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കും അതുപോലെതന്നെ പുറമ്പോക്കില്‍ താല്‍ക്കാലിക വീടുള്ളവര്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്കി പുനഃരധിവസിപ്പിക്കും. ഇവരുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടങ്ങളില്‍ ലഭ്യമാക്കും. ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ജീവിതവും ഉപജീവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ നിര്‍മ്മിച്ച് നല്കാനായാൽ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവര്‍ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളിൽ അവ പണയപ്പെടുത്തുന്നതിനോ വില്‍ക്കുന്നതിനോ പോലും തയ്യാറാകുന്ന നിസ്സഹായവസ്ഥ നിലനില്ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കിയിട്ടുള്ള പാര്‍പ്പിടങ്ങളിൽ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങൾ നഷ്ടപ്പെടാനിടയാക്കുന്നത്. ഈ മിഷനിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം ഇതു സ്വന്തമാക്കാം.
വിവിധ വകുപ്പുകളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവനപദ്ധതികള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികൾ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. പട്ടികവര്‍ഗ മേഖലകളിൽ അട്ടപ്പാടി മോഡലിൽ വിശ്വാസ്യതയുള്ള ഏജന്‍സികൾ മുഖാന്തിരം ഗുണഭോക്തൃ പങ്കാളിത്തത്തോടെ ഭവനനിര്‍മ്മാണം സാധ്യമാക്കും. ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന, യൂണിറ്റ് കോസ്റ്റ് 10 ലക്ഷം രൂപയിൽ കവിയാതെ സ്ഥലം ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്കുന്ന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയും ഈ പദ്ധതിയിൽ ഉള്‍പ്പെടുത്തും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുൻഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. പദ്ധതി നടപ്പാക്കാനുള്ള മിച്ചഭൂമി, സര്‍ക്കാര്‍ ഭൂമി എന്നിവ കണ്ടെത്തുന്നതിനുള്ളതും, മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യത മുന്‍ഗണനാടിസ്ഥാനത്തിൽ ഉറപ്പ് വരുത്തുന്നതും ജില്ലാ കലക്റ്റർമാരുടെ മേൽ നോട്ടത്തിലായിരിക്കും.
കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളും പോളിറ്റെക്നിക്കുകളും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിൽ തേര്‍ഡ് പാര്‍ടി റ്റെക്നിക്കൽ ഏജന്‍സികളായിരിക്കും. ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്കുന്നതിനുമായി എന്‍.ഐ.റ്റി. കോഴിക്കോടിനെയും, സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യതേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായി നിയമിക്കും. കേന്ദ്രസര്‍ക്കാർ ഏജന്‍സിയായ ബില്‍ഡിംഗ് ടെക്നോളജി പ്രൊമോഷന് കൗണ്‍സിൽ കണ്ടെത്തിയിട്ടുള്ള പ്രീഎഞ്ചിനീയറിംഗ്, പ്രീഫാബ് സാങ്കേതിക വിദ്യകള്‍ പദ്ധതി നിര്‍വ്വഹണത്തിൽ ഉപയോഗിക്കും. ഇതിനായി ആവശ്യമുള്ള പരിശോധനകൾ നടത്തുന്നതും അനുയോജ്യമായത് തെരഞ്ഞെടുത്ത് ശുപാര്‍ശകൾ നല്‍കുന്നത് മുഖ്യ തേര്‍ഡ് പാര്‍ടി റ്റെക്നിക്കൽ ഏജന്‍സികളായിരിക്കും.