വയലില്‍ നിന്ന് ഒരു മണ്‍കട്ടയെടുത്ത് പരിശോധിച്ചു നോക്കൂ. അതില്‍ ഒരുപാട് സുഷിരങ്ങള്‍ കാണാം. ഏകദേശം 50 ശതമാനത്തോളം സുഷിരങ്ങളും ബാക്കി 50 ശതമാനത്തോളം ഖരപദാര്‍ത്ഥങ്ങളും ആയിരിക്കും. ഈ സുഷിരങ്ങള്‍ രണ്ടുതരത്തിലുണ്ട്. സൂക്ഷ്മസുഷിരങ്ങളും സ്ഥൂലസുഷിരങ്ങളും. ഇതില്‍ സൂക്ഷ്മസുഷിരങ്ങള്‍ ജലാംശംകൊണ്ട് നിറഞ്ഞിരിക്കും. ഈ ജലാംശമാണ് ചെടികള്‍ വലിച്ചെടുക്കുന്നത്. സസ്യപോഷണമൂലകങ്ങള് ജലാംശത്തില്‍ ലയിക്കുന്നതുമൂലമാണ് ചെടികള്‍ക്കു ലഭ്യമായിത്തീരുന്നത്. വലിയ സുഷിരങ്ങളിലാകട്ടെ വായു നിറഞ്ഞിരിക്കും. ജലസേചനം നടത്തുമ്പോഴും വലിയ മഴ പെയ്യുമ്പോഴും വലിയ സുഷിരങ്ങളില്‍ വെള്ളം നിറയുമെങ്കിലും അല്പസമയങ്ങള്‍ക്കുള്ളില്‍ വെള്ളം വാര്‍ന്നുപോയി പകരം വായുനിറയുന്നു. ഈ വായുവാണ് സസ്യങ്ങളുടെ വേരുകള്‍ ശ്വസിക്കുന്നത്. അന്തരീക്ഷത്തിലെ വായുവും മണ്ണിലെ വായുവും തമ്മില്‍ ചേരുവയില്‍ അല്പം വ്യത്യാസമുണ്ട്. നീരാവിയും കാര്ബണ്ഡൈയോക് സൈഡും മണ്ണിലെ വായുവില്‍ കൂടുതലും ഓക്സിജന്‍ അല്പം കുറവുമായിരിക്കും എന്നുള്ളതാണ് ഈ വ്യത്യാസം.
മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനരംഗമാണ് ജൈവാംശം. സസ്യങ്ങളുടെ വളര്‍ച്ചയില്‍ ആവശ്യമായ പല മൂലകങ്ങളും (നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍) എന്നിവ ചെടിക്ക് ലഭ്യമായിത്തീരുന്നത് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനംകൊണ്ടാണ്. മണ്ണിന്റെ ജലസംഗ്രഹണശേഷി വർധിപ്പിക്കുന്നതും ജൈവാംശം തന്നെ.
മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണിലെ ഇരുട്ടുനിറഞ്ഞ ലോകത്ത് കോടിക്കണക്കിനു ജീവികള്‍ പുലരുന്നു. അമെരിക്കയിലെ വിസ്കോണ്‍സില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു ടീസ്പൂണ്‍ മണ്ണില്‍നിന്നും അഞ്ഞൂറു കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്റ്റിനോമൈസൈറ്റിസുകളെയും പത്തുലക്ഷത്തോളം പ്രോടോസോവകളെയും രണ്ടുലക്ഷത്തോളം ആല്‍ഗകളെയും ഫംഗസുകളെയും നിരീക്ഷിച്ചു. ഓര്‍ക്കുക…! ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ ഒരു തുള്ളി കീടനാശിനി മണ്ണില്‍ തളിക്കുമ്പോഴോ ഒരു പിടി മണ്ണ് ഒലിച്ചുപോകുമ്പോഴോ ഒരു കോടി ജീവനുകളാണ് ഇല്ലാതാകുന്നത്.
മണ്ണൊലിപ്പുമൂലമുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ ലോകമഹായുദ്ധങ്ങളുണ്ടാക്കിയ നഷ്ടങ്ങളേക്കാള്‍ വലുതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നു. പ്രകൃതിയിലുള്ള മനുഷ്യന്റെ തെറ്റായ രീതിയിലുള്ള ഇടപെടലുകളാണ് മണ്ണൊലിപ്പിന് കാരണമാകുന്നത്. കേരളത്തിലെ 0.45 ലക്ഷം ഹെക്ടര്‍ വരുന്ന കൃഷിഭൂമിയെ തരിശാക്കി കൃഷിയോഗ്യമല്ലാതാക്കിയത് മണ്ണൊലിപ്പാണെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല തോതില്‍ മഴ ലഭിക്കുന്ന മലഞ്ചെരിവുകള്‍ വെട്ടിവെളുപ്പിച്ച് തോട്ടങ്ങളാക്കി മാറ്റിയതിന്റെ ഫലമായി മണ്ണൊലിച്ചുപോയ പ്രദേശങ്ങളാണ് കേരളത്തിലെ നിത്യഹരിത പ്രദേശങ്ങളിലെ പാറമലകള്‍. ഏകവിളത്തോട്ടങ്ങളും തെറ്റായ കൃഷിരീതിയുമാണ് ഇതിന്റെ പ്രധാന കാരണം.
ഓരോ വര്‍ഷവും 600 കോടി ടണ്‍ വളക്കൂറുള്ള മേല്‍മണ്ണ് ഇന്ത്യയില്‍നിന്നും ഒലിച്ചുപോകുന്നുണ്ടെന്നും അതുവഴി പ്രതിവര്‍ഷം പ്രകൃതിയൊരുക്കിയ 700 കോടി രൂപ വിലവരുന്ന ജൈവവളങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും തെളിയിച്ചത് മണ്ണൊലിപ്പിനെക്കുറിച്ച് പഠിച്ച ബി.ബി.വോറ എന്ന പരിസ്ഥിതി പത്രപ്രവര്‍ത്തകനാണ്. പ്രതിവര്‍ഷം ഒരു ശതമാനം ഭൂമി മണ്ണൊലിപ്പിലൂടെ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു.