ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഏറ്റവും അഭികാമ്യമായിരിക്കും എന്നുള്ള കാര്യത്തില്‍ സന്ദേഹമില്ല. ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ ലഭിക്കാവുന്ന സാമൂഹിക സാമ്പത്തിക ഉന്നമന സാദ്ധ്യതകളെക്കുറിച്ചും ശരിയായ ശാസ്ത്രീയ അവലോകനമില്ലാതെ ഈ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നടത്തുന്ന ഒരു അവലോകനമാണ് ഈ ലേഖനം.
മാലിന്യങ്ങളെ അവയുടെ പ്രഭവസ്ഥാനങ്ങളില്‍ സംസ്കരിക്കുന്ന പദ്ധതികളാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമെന്നുള്ള തീരുമാനം തീര്‍ത്തും പ്രായോഗികമായതിനാല്‍ ഈ പദ്ധതി ഒരു വിജയമാക്കി തീര്‍ക്കാന്‍ സാധിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. എന്നാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക എന്നുള്ള ആശയം പൂര്ണ്ണവിജയമായിത്തീരുന്നതിന് ഈ രംഗത്ത് കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി എന്നുള്ള നിലയ്ക്ക് തിരുവനന്തപുരത്ത്, വഴുതക്കാട്, എം.പി. അപ്പന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്കിനുള്ള അനുഭവസമ്പത്ത് മാലിന്യമുക്തകേരളം പദ്ധതി വിജയകരമാക്കി തീര്‍ക്കാന്‍ വേണ്ടി ആശ്രാന്ത പരിശ്രമം നടത്തുന്ന എല്ലാവരുടെയും സത്വര ശ്രദ്ധക്ഷണിച്ചുകൊണ്ട് ചുവടെ ചേര്‍ക്കുന്നു.
എല്ലാ തരത്തിലുമുള്ള ജൈവവസ്തുക്കളും സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തന ഫലമായി വിഘടിച്ച് ജൈവവാതകവും ജൈവവളവുമായി മാറുന്നു. ഇത് തുറസ്സായ സ്ഥലങ്ങളിലാവുമ്പോള്‍ മാലിന്യ വിഘടനത്തിലൂടെ പുറത്തുവരുന്ന വിഷവാതകങ്ങള്‍ പരിസര മലിനീകരണത്തിനും മനുഷ്യന് ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിനും ജീവനും ഭീഷണിയായിത്തീരുകയും ചെയ്യുന്നു.
എന്നാല്‍ ജൈവമാലിന്യങ്ങളെ അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്ത പ്രത്യേക സംഭരണികളില്‍ നിക്ഷേപിച്ച് പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മാണു ജീവികളുടെ സഹായത്താല്‍ വിഘടിപ്പിച്ച് / സംസ്ക്കരിച്ച് അവയില്‍ നിന്നും സംജാതമാകുന്ന വാതകങ്ങളെ അന്തരീക്ഷത്തില്‍ ലയിക്കാതെ ശേഖരിച്ച് പ്രയോജനപ്രദമായി പാരമ്പര്യേതര ഇന്ധനമാക്കി ഊര്‍ജ്ജ ഉത്പാദനത്തിന് ഉപയോഗിക്കാവുന്നതാണ്.