ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധ ഔഷധമായ ഡോക്സിസൈക്ളിൻ ആഴ്ചയിലൊരു ദിവസം ആഹാരത്തിന് ശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുകയും ജോലി സമയങ്ങളിൽ വ്യക്തി സുരക്ഷാ നടപടികളായ കൈകളിൽ റബ്ബർകൈയ്യുറകളും, കാലുകളിൽ റബ്ബർ ഷൂസോ/പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ് കെട്ടുകയോ, ജോലി കഴിഞ്ഞാൽ സോപ്പു പയോഗിച്ച് നല്ലവണ്ണം കൈകാൽ കഴുകുകയും വേണം.
പശു തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാൻ ഇവയുടെ മൂത്രവും ചാണകവും പുറത്തേക്കോ, തോടുകളിലേക്കോ ഒഴുക്കാതെ ചാണക കുഴിയിൽ/സോക്കേജ് പിററുകളിൽ തന്നെ ഒഴുക്കണം. അവയെ അലഞ്ഞ് തിരിയാൻ വിടരുത്. തൊഴുത്തുകളും പട്ടികൂടുകളും പരിസരങ്ങളും വൃത്തിയാക്കി ബ്ലീച്ചിംഗ് ലായനി തളിക്കണം.
കലാവസ്ഥക്കനുസരിച്ച് Seasonality – സ്വഭാവം കാണിക്കുന്ന എലിപ്പനി സാധാരണയായി കേരളത്തിൽ മഴ ശമിക്കുമ്പോഴുള്ള ആഗസ്റ്റ് – സപ്തംബർ മാസങ്ങളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം കഠിന മഴയ്ക്കും വെള്ളപൊക്കത്തിന് ശേഷം കുറച്ചധികം എലിപ്പനി രോഗബാധ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതുമാണ്. സാധാരണ പ്രളയത്തിന് ശേഷം പ്രദേശത്ത് അവിടെ മുമ്പുണ്ടായിരുന്ന സാംക്രമിക രോഗങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്, പോരാതെ വെള്ളപ്പൊക്കത്തെ തുടർന്ന് എലികൾ സമീപ പ്രദേശങ്ങളിലേക്കും, വീടുകളിലേക്കും പലായനം ചെയ്യാനും സാധ്യത ഉണ്ട്.
അതിനാൽ മുമ്പ്് രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ഇപ്പോൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ അര കിലോമീറ്റർ ചുറ്റളവിലും ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കുകയും മേൽ പറഞ്ഞ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക .എലിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഒരിക്കലും പടരില്ല. രോഗബാധ ഉണ്ടാകുന്നത് രോഗാണക്കൾ ഉള്ള പരിസരങ്ങളിൽ നിന്നാണ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി . ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്. എലി മൂത്രത്തിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത് . വളർത്തുമൃഗങ്ങൾ ,കാർന്നുതിന്നുന്ന ജീവികൾ ,കുറുക്കൻ എന്നിവയിലും രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന മണ്ണ്, ജലം ,ഫലവർഗ്ഗങ്ങൾ എന്നിവയിലൂടെ രോഗാണുക്കൾ മനുഷ്യ ശരീരത്തിലെത്തുന്നു. കൈകാലുകളിലുണ്ടാകുന്ന മുറിവുകൾ ,കണ്ണ് ,മൂക്ക് ,വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു.