65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്പ്പറേഷന്/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്, ആംബുലന്‍സ് സൗകര്യം എന്നിവയോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കുകളിലൂടെയുള്ള കൗണ്‍സിലര്‍മാരുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പട്ടണ പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം വരുമാനപരിധിക്കതീതമായി ലഭിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ നഗര പ്രദേശങ്ങളിലും പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ്.
അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ ആയ ഡെപ്പോസിറ്റുകള്‍, സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും സ്വീകരിക്കുവാനും അത് ട്രഷറികളില്‍ പ്രത്യേകമായി നിക്ഷേപിച്ച് 15% പലിശ ലഭിക്കുന്നതുമാണ്. (7.5% ട്രഷറിയും, 7.5% സര്‍ക്കാര്‍ വിഹിതവും ചേര്‍ന്നുള്ള പലിശ നിരക്ക്). ഈ പലിശ തുക ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്ന 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിക്ഷേപകന് നിര്‍ദ്ദേശിക്കുന്ന വ്യക്തിയോ, സ്ഥാപനത്തിന്റെയോ ആവശ്യത്തിന് വിനിയോഗിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ പദ്ധതി.
കേരള സാമൂഹ്യ സുരക്ഷാ മിഷന് ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ലോകത്തെവിടെയുള്ള ആര്‍ക്കും ചാരിറ്റബിള്‍ പ്രവര്ത്തനത്തിലേര്പ്പെടാവുന്നതാണ്. സമൂഹത്തില്‍ കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗങ്ങളായ സ്ത്രീകള്‍, കുട്ടികള്‍, ശാരീരികവും മാനസികവുമായി വൈകല്യമുള്ളവര്‍, അനാഥര്‍, വയോജനങ്ങള്‍, സാമൂഹ്യവിവേചനം അനുഭവിക്കുന്നവര്‍ എന്നിവരെ സഹായിക്കാന്‍ മനസ്സുള്ള ആര്‍ക്കും വളരെ എളുപ്പത്തില്‍ പേമെന്റ് ഗേറ്റ് വേയിലൂടെ സംഭാവനകള്‍ നല്കി മിഷന്റെ സമൂഹ നന്മാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാവുന്നതാണ്.
നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന് ആവിഷ്ക്കരിച്ചതായ വിശപ്പു രഹിത നഗര പദ്ധതി ആദ്യം കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കി. ഈ പദ്ധതി പ്രകാരം കോഴിക്കോട് ഗവ. മെഡിക്കല്‍ കേളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്കി വരുന്നു. ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും വ്യാപിപ്പിക്കാനുദ്ദേശിക്കുന്നു. ഉടന്‍ തന്നെ മലപ്പുറം, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ ആരംഭിക്കുന്നതാണ്.