വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം മനസിന്റെ വൈകൃതമാണെന്ന് എന്നാണ് മനസിലാക്കുക

നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്.മഹാബലിപുരത്തെ ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന വിവാഹത്തിലും തുടർന്നുള്ള പരിപാടികളിലും വളരെ കുറച്ചു അതിഥികൾക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത് . ആഗ്രഹിച്ച പോലെ ഒരുമിച്ച് നല്ലൊരു ജീവിതം നയൻതാരക്കും വിഘ്‌നേഷിനും ലഭിക്കട്ടെ. ജീവിതത്തിൽ ഇനിയുമിനിയും വിജയങ്ങൾ ഉണ്ടാവട്ടേ. രാവിലെ 8.45 ന് വിവാഹം എന്നറിഞ്ഞപ്പോൾ മുതൽ, സത്യസന്ധമായി പറഞ്ഞാൽ ഓരോ പതിനഞ്ചു മിനിറ്റിലും ഇൻസ്റ്റഗ്രാം, ഫേസ്ബുക്, യൂട്യൂബ് എല്ലായിടത്തും റിഫ്രഷ് ചെയ്തു നോക്കിയിരിക്കുകയായിരുന്നു. ഒരുപാടു ഇഷ്ടമുള്ള നായിക വിവാഹ ദിവസം എങ്ങനെയായിരുന്നിരിക്കും എന്നുള്ള ആകാംക്ഷ കൊണ്ടു മാത്രം.

സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയൻതാര. അവർ കയറി വന്ന വഴികൾ ഏതൊരു നയൻ‌താര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്. വളരെ സാധാരണ രീതിയിൽ മലയാള സിനിമയിൽ നിന്നും തമിഴിലെത്തി, അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച് ഒരു കാലത്ത് സിനിമ ഫീൽഡിൽ നിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട നടി.വ്യക്തി ജീവിതത്തെ വലിച്ചു കീറി ഒരു മനുഷ്യനേയും കൊണ്ടെത്തിക്കാൻ പാടില്ലാത്ത അവസ്ഥയിൽ തഴയപ്പെട്ട, അവസരങ്ങൾ നിഷേധിക്കപ്പെട്ട, വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ അവഗണനകൾ മാത്രം നിറഞ്ഞ ഒരു കാലം. അപമാനങ്ങൾ, പരിഹാസങ്ങൾ. ആരും കാണാതെ, അറിയാതെ കുറച്ചു കാലങ്ങൾ.

തിരശീലയിൽ എവിടെയോ മറഞ്ഞ നയൻ‌താര എന്ന നായിക ഏറെ നാളത്തെ മറ നീക്കി 2013 ൽ അറ്റ്ലീയുടെ രാജാറാണി എന്ന സിനിമയിൽ ആര്യയുടെ നായികയായി തമിഴ് സിനിമാ ലോകത്തേക്ക് ഒരു തിരിച്ചു വരവ് നടത്തുന്നു. അതുവരെയുള്ള അവരുടെ ജീവിതത്തേക്കുറിച്ച് ആർക്കുമറിയില്ല. കടന്ന് പോയ സാഹചര്യങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ ഒന്നും.അതിശയപ്പെടുത്തുന്ന വിജയമായിരുന്നു രാജാറാണിയുടേത്. നയൻ‌താര എന്ന പേര് ശക്തമായി തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളത്തിലേക്കും തിരിച്ചു വന്നു. ആ സിനിമയോടെ നസ്രിയയും നയൻതാരയും തമിഴ്നാട്ടിൽ ശക്തമായി നിലകൊണ്ടു ആളുകളുടെ ആരാധനാപാത്രങ്ങളായി മാറി. സിനിമയിലേക്ക് ഇതിപ്പെടാൻ ആഗ്രഹിച്ചു നടന്ന വിഘ്‌നേഷ് ശിവൻ എന്ന ചെറുപ്പക്കാരൻ 2013’ൽ അനൗൺസ് ചെയ്ത ചിത്രം ഒരുപാടു ഭേദഗതികളോടെ തന്റെ സ്ക്രിപ്റ്റുമായി ഏറ്റവുമവസാനം എത്തിച്ചേർന്നത് ധനുഷിന്റെ Wunderbar Films’ൽ. പലരേയും കാസ്റ്റ് ചെയ്തെങ്കിലും 2015’ൽ വിജയ് സേതുപതിയേയും നയൻതാരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ പുറത്ത് വന്നു. “നാനും റൗഡി താൻ”.

സിനിമ ഹിറ്റ്‌ ആയി. നയൻതാരയുടെ തിരിച്ചു വരവിൽ അതുവരെയില്ലാതിരുന്ന ഒരു പദവിയിലേക്ക് അവർ പതിയേ നടന്നു കയറി. തന്റെ കരിയറിന്റെ പുതിയ തുടക്കത്തിനു കാരണക്കാരനായ വിഘ്‌നേഷിനെ നയൻ‌താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂടെക്കൂട്ടി. തുടരെ തുടരെ വിജയങ്ങൾ. നായകന്മാർക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളിൽ സജീവമായി. പൊതുവേ നായക നടന്മാരെ മാത്രം മാസ്സ്, പവർഫുൾ സിനിമകളിൽ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടു നയൻതാര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങൾ കാഴ്ച്ച വെച്ച നായികയായി.സൗത്ത് ഇന്ത്യൻ സിനിമകളിൽ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായിക എന്ന് തന്നെ പറയാം. കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റു വാങ്ങി പരാജയങ്ങളെ ചവിട്ടു പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ” ലേഡി സൂപ്പർ സ്റ്റാർ ” എന്ന പദവിയിലെത്തിച്ചേർന്നു. അവഗണിച്ചവർക്ക് മുന്നിൽ കയ്യെത്തിപ്പിടിക്കാവുന്നതിലുമുയരത്തിൽ നിലയുറപ്പിച്ചു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി. നായകന്മാർക്കൊപ്പം അതിനും മുകളിൽ ഫാൻ ബേസ് ഉള്ള, നായിക. ദി ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര.

കടന്ന് വന്ന വഴികൾ എളുപ്പമുള്ളതായിരുന്നില്ല. കാലത്തിനൊപ്പം നയൻ‌താര മാറി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവരെടുത്ത തീരുമാനങ്ങളുടെ, തിരഞ്ഞെടുത്ത ആളുകളുടെ പേരിൽ അവഹേളിക്കപ്പെട്ട നയൻ ആളുകളിൽ നിന്നും അകലം പാലിച്ചു. പരസ്യങ്ങളിൽ അധികമായി കാണാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ” എന്നെക്കാണാൻ ആഗ്രഹമുള്ള എന്റെ പ്രേക്ഷകർ തിയേറ്ററിൽ വന്ന് എന്നെ കണ്ടാൽ മതിയെന്ന് ” പറയാനുള്ള ധൈര്യം നയൻതാരക്കുണ്ടായത് താനെന്താണെന്നും തന്റെ ആരാധകർ എത്രയാണെന്നുമുള്ള വ്യക്തമായ ധാരണയിൽ നിന്നുമാവും.കഴിഞ്ഞ പതിനഞ്ചു വർഷമായി നയൻ‌താര സൗത്ത് ഇന്ത്യൻ സിനിമയിലുണ്ട്. ആദ്യ വർഷങ്ങളിൽ നായികയായി പിന്നെ തഴയപ്പെട്ട് സഹോദരിയായോ അമ്മയായോ അമ്മായിയായോ ഉള്ള റോളുകളിൽ അല്ലാ പതിനഞ്ചു കൊല്ലവും നായികാ പദവിയിൽ തന്നെ. ബാക്കി റോളുകൾ മോശമെന്നല്ല. നായികയായി അത്രയും വർഷം നിലനിൽക്കുകയെന്നത് സൗത്ത് ഇന്ത്യയിൽ ഒട്ടും നിസാരമല്ല. ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു നയൻ‌താര. ബോളിവുഡിൽ ഷാരുഖ്ഖാന്റെ ഒപ്പം പുതിയ സിനിമയിൽ എത്തി നിൽക്കുന്ന നയൻതാര നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ്.ഇന്നത്തെ ദിവസം നയൻ‌താരയുടെ പഴയ ജീവിതത്തിന്റെ അവർക്കുപോലും ആവശ്യമില്ലാത്ത ഏടുകൾ കുത്തിപ്പൊക്കിയെടുത്തു, വിവാഹ വാർത്തകളുടെ താഴെ അസഭ്യ കമെന്റുകൾ നിറച്ചു, അടുത്ത കല്യാണത്തിന്റെ തിയതി ചോദിക്കുന്ന മലയാളികളുടെ കമെന്റുകൾ ധാരാളമുണ്ട്. അങ്ങനെയുള്ള കമെന്റുകൾ ഇടുന്ന ആളുകളോട്, പ്രത്യേകിച്ച് മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്. നമുക്കൊപ്പമുള്ളവരെക്കുറിച്ചോർത്ത് അഭിമാനിക്കാനുള്ള മനസിന്റെ വിശാലതയൊക്കെ എന്നാണോ ഉണ്ടാവുന്നത്. ഇത്രയും വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും
കടപ്പാട്-അഞ്ജലി മാധവി ഗോപിനാഥ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these