തൃശൂർ രാമവർമപുരം ജിവിഎച്ച്എസ്എസ് സ്കൂളിലെ പ്രധാന അധ്യാപിക ചക്രകസേരയിലാണ് സ്കൂളിലേക്ക് കടന്നുവരുന്നത് പക്ഷെ ഈ ടീച്ചർ തൊടുന്നതെല്ലാം പൊന്നാക്കും. കരുത്തിന്റെ പര്യായം തന്നെയാണ് എസി സീന എന്ന ഈ പ്രധാന അധ്യാപിക. ഒരു എസ്എസ്എൽസി പരീക്ഷയുടെ കാലത്താണ് ടീച്ചർ ചാർജ് എടുത്തത് .ചാർജ് ഏറ്റെടുത്തത് മുതൽ ഇങ്ങോട്ട് 100% വിജയം മാത്രമേ സ്കൂളിൽ ഉണ്ടായിട്ടുള്ളൂ. പ്രധാനഅധ്യാപികയുടെ മുഖത്തെ ഒരു പുഞ്ചിരി മതി കുട്ടികൾ സംതൃപ്തരാകും. ചക്രകസേരയിൽ ഇരുന്നുകൊണ്ട് സ്കൂളിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരീക്ഷണം അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എസ്എസ്എൽസിക്ക് 100% വിജയം, കുട്ടികളെ സംഘടിപ്പിച്ച് സ്കൂളിന്റെ ഒരേക്കർ സ്ഥലത്ത് നെൽകൃഷി, കൂടാതെ പച്ചക്കറി തോട്ടം നിർമ്മാണം. ഇതിലൊക്കെ പ്രധാനധ്യാപികയുടെ കൈയോപ്പ് പതിഞ്ഞിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചത് എന്തിനുമേതിനും മറ്റ് അധ്യാപകരും കട്ടക്ക് കൂടെ.കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞു കിടന്ന സമയത് ഓൺലൈൻ ക്ലാസുകൾ കൃത്യസമയത്ത് തുടങ്ങുകയും.കൃത്യമായിത്തന്നെ പിടിഎ മീറ്റിങ്ങുകൾ നടത്തി കുട്ടികൾക്കുവേണ്ടി എല്ലാ സഹകരണങ്ങളും ചെയ്തു എന്നും സീന ടീച്ചർ പറയുന്നു. കുട്ടിക്കാലം മുതൽ ഒരു കാലിലെ പേശികൾക്ക് ബലക്കുറവ് ഉള്ളതിനാൽ നടക്കാൻ പരസഹായം വേണം. പ്രധാന അധ്യാപികയായി സ്ഥാനമേറ്റ ആദ്യദിവസം മുതൽ സ്വന്തം കാറിന്റെ ഡിക്കി ഓഫീസ് ആക്കേണ്ട ഗതികേട് ഉണ്ടായിരുന്നു ടീച്ചർക്ക്. ആദ്യ ദിവസം കാറിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടെ ശേഷിപ്പുള്ള കാൽ പടിയിൽ തട്ടി വീണു സീന ടീച്ചറുടെ മുട്ടിന്റെ ചിരട്ട പൊട്ടി. കാൽ നടക്കാൻ കഴിയാത്തവിധം കണങ്കാൽ മുതൽ മുട്ടിനു മുകളിൽ വരെ പ്ലാസ്റ്റർ ഇട്ടു.
പത്താം ക്ലാസ് കുട്ടികളുടെ പാഠപുസ്തക വിതരണം ചെയ്യേണ്ട ചുമതല ഉള്ളതിനാലും അധ്യാപകരുടെ ശമ്പളം മുടങ്ങും എന്നതിനാലും അവധിയെടുക്കാൻ കഴിയാതെ എത്തിയതായിരുന്നു സീന ടീച്ചർ. ഓഫീസിൽക്ക് പോകാൻ അന്ന് ബുദ്ധിമുട്ടായതിനാൽ കാറിന്റെ ഡിക്കി ഓഫീസ് മുറിയായി കാറിന്റെ പിൻസീറ്റ് മടക്കി മുകളിൽ പലകയും കുഷ്യനും വിരി കിടക്ക പോലെയാക്കി സ്കൂൾ വളപ്പിനുള്ളിൽ കാറിനടുത്തേക്ക് ഡിക്കി തുറന്നു വച്ച് സർട്ടിഫിക്കറ്റുകൾ ഒപ്പിട്ട് തീർക്കും. എന്നും ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ടീച്ചർ ചക്രകസേരയിലേക്ക് മാറുവാൻ തയാറായി.കുട്ടികൾക്ക് വേണ്ടി ടീച്ചർ ഒന്നിനോടും മുഖം തിരിക്കാൻ തയാറായിരുന്നില്ല. വീണ്ടും സ്കൂൾ തുറന്നതു കൊണ്ട് ടീച്ചർക്ക് ഇപ്പോൾ ഒന്നിനും നേരമില്ല ഏന് മറ്റു അധ്യാപകർ പറയുന്നു. എല്ലാത്തിനും ഞങ്ങളും ടീച്ചറിന്റെ കൂടെ തന്നെ ഉണ്ടാകുമെന്നും ഇനിയും സ്കൂളിന് 100% വിജയം നേടി കൊടുക്കണം വിദ്യാർത്ഥികളെ കൊണ്ട് നല്ല കാര്യങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്യിപ്പിക്കണം എന്ന് ടീച്ചറിന്റെയും ഞങ്ങളുടെയും ആഗ്രഹം.