ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും ഞെട്ടിക്കുന്ന കുറിപ്പ്

ഈ കഴിഞ്ഞ ദിവസമാണ് കേരളക്കരയെ ഞെട്ടിച്ച ഒരു അരുംകൊല തിക്കോടിയിൽ സംഭവിച്ചത്.ഇതിനു മുൻപും പലതവണ ബുദ്ധിശൂന്യമായ കൊലകൾ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്.പ്രണയം എന്ന് നടിച്ചു പെൺകുട്ടിയകളെ ഇതുപോലെ സൈക്കോ ക്രിമിനലുകൾ എന്തും ചെയ്യാൻ മടിക്കാത്തവർ ആണെന്ന് അത് തന്നെയാണ് കൃഷ്ണക്കും സംഭവിച്ചത് ഒരു സൈക്കോ ക്രിമിനൽ കാരണം മരണപ്പെട്ടത് .മരണസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തക സനിയോ മനോമി കുറിച്ചത് ഇങ്ങനെ.  22 വയസ്സ് മാത്രം പ്രായമുള്ളൊരു പെൺകുട്ടിയെ പ്രണയമെന്ന പേര് പറഞ്ഞ് കുത്തിയും തീയിട്ടും കൊന്നിട്ടുണ്ട്. തിക്കോടിയിലാണ്. ഫീഡിൽ പോസ്റ്റുകളൊന്നും കണ്ടില്ല. ഫീഡത്ര അപ്ഡേറ്റ് ആവാത്തത് കൊണ്ടാവാം. ഒരു പക്ഷേ നമ്മുടെ ചുറ്റുപാടും ഇതൊരു സാധാരണ സംഭവമായി മാറിയത് കൊണ്ടുമാവാം. രണ്ടായാലും നേരിട്ട് കണ്ടറിഞ്ഞ കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം ഇവിടെ പറയണമെന്ന് തോന്നി. അത്ര നിസ്സാരമായി കത്തിച്ചു കളയേണ്ടവളല്ല പെൺകുട്ടിയെന്ന് ആൺകുട്ടികൾ തിരിച്ചറിയും വരെ ഇതിങ്ങനെ പറയുകയല്ലാതെ വേറെന്ത് വഴി.

ജോലിയുടെ ഭാഗമായിരുന്നെങ്കിലും ദീപേച്ചിയുടെ സുഹൃത്താണെന്നും പറഞ്ഞാണ് ആ വീട്ടിൽ കയറിച്ചെന്നത്. കൃഷ്ണപ്രിയയുടെ അമ്മ സുജാതേച്ചി പാർട്ടി മെമ്പറാണ്. മകൾക്ക് സംഭവിച്ച അപകടത്തിൽ അവരാകെ തകർന്നിട്ടുണ്ട്. ആ തകർച്ചയിലും അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്.കൃഷ്ണപ്രിയയും കൊലപാതകി നന്ദുവും കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു (പ്രേമവും ഒരു മണ്ണാങ്കട്ടയും ആയിരുന്നേയില്ല).അടുപ്പത്തിൻ്റെ സ്വാതന്ത്ര്യത്തിൽ നന്ദു കൃഷ്ണയുടെ ജീവിതത്തിൽ അമിതമായി ഇടപെട്ടു തുടങ്ങി. മുടി അഴിച്ചിടാൻ സമ്മതിക്കില്ല, ചുരിദാറിൻ്റെ ഷാൾ ഒരു വശം മാത്രമായി ഇടാൻ പാടില്ല. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല. താൻ പറയുന്നയാളെയേ ഫോൺ ചെയ്യാൻ പാടുള്ളൂ. സ്വാഭാവികമായും കൃഷ്ണ ഇത് എതിർക്കാൻ തുടങ്ങി. അപ്പോഴൊക്കെ ആ ക്രിമിനൽ തൻ്റെ മകളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിരുന്നു എന്നും പറഞ്ഞ് സുജേച്ചി കരഞ്ഞു.

രണ്ട് ദിവസം മുൻപ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോൺ നന്ദു ബലമായി പിടിച്ചു വാങ്ങി. കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലർക്കും താൻ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാനെന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അഛനോടാവശ്യപ്പെട്ടു. മകൾക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ച് തന്നില്ലെങ്കിൽ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊലീസിലോ പാർട്ടിക്കാരോടോ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോൾ ‘മകൾക്കൊരു ജീവിതം ഉണ്ടാകേണ്ടതല്ലേ, ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേടല്ലേ’ എന്നാണ് സുജേച്ചി തിരിച്ച് ചോദിച്ചത്. ദുരഭിമാനം അവസാനം മകളുടെ ജീവനെടുക്കുമെന്ന് അവർ കരുതിക്കാണില്ല
സാമ്പത്തികമായി മെച്ചപ്പെട്ടതല്ല കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം.

പെയിൻ്റിംഗ് തൊഴിലാളിയായ അഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാവുന്നില്ല. അഛനെ സഹായിക്കാൻ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുകയായിരുന്നു കൃഷ്ണ. പി ജിക്കാരിയായിരുന്നിട്ടും ഗതികേട് കൊണ്ടാണ് പഞ്ചായത്തിൽ ഡാറ്റ എൻട്രി ജോലിക്കാരിയായത്. ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ച. അതിൽ തന്നെ ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയില്ല. ഇന്ന് സുജേച്ചി നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൻ്റെ ഗെയിറ്റിന് മുന്നിൽ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊടുത്തു. കൃഷ്ണയുടെ പാതി കത്തിയ ബാഗ് പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. ഉച്ചയ്ക്കേക്കുള്ള ചോറ്റു പാത്രം. ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് കറി.പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകനാണ് നന്ദു. സൈക്കോ ക്രിമിനലാണെന്ന് കൃഷ്ണയുടെ അമ്മയും അഛനും പറഞ്ഞതിൽ നിന്ന് വ്യക്തം. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാൾ. ഇമ്മാതിരി ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും.

പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചുള്ള ഒരുവൻ്റെ ചോദ്യമാണ് ഇപ്പോഴും അസ്വസ്ഥതയോടെ മനസിലുള്ളത്. “നിങ്ങളെന്ത് കണ്ടിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്? അവര് പ്രേമത്തിലായിരുന്നു. പഞ്ചായത്തിൽ പണി കിട്ടിയപ്പോ ഓൾക്ക് ഓനെ വേണ്ടാതായി” എന്ന് തൻ്റെയൊക്കെ മകളെ ഒരുത്തൻ തീ വച്ച് കൊന്നാലും താനിത് തന്നെ പറയണമെന്നേ എനിക്കയാളോട് പറയാനായുള്ളൂ എന്ന സങ്കടമാണ് ബാക്കി.നമുക്ക് ശേഷം വരുന്ന തലമുറയൊക്കെ കിടുവായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര കിടുവല്ലെന്നും നോ പറഞ്ഞാൽ പെണ്ണിനെ കത്തിച്ചു കളയാമെന്ന ആൺ ബോധം തലമുറകൾ കൈമാറി വരുന്നതാണെന്നും നല്ല ചികിൽസ കിട്ടിയില്ലെങ്കിൽ ഇവരിനിയും കൊന്ന് മുന്നേറുമെന്നും ഇപ്പോൾ നല്ല ഉറപ്പുണ്ട്.പെൺകുട്ടികളെ വളർത്തുകയും ആൺകുട്ടികൾ വളരുകയുമാണല്ലോ. ഇനിയെങ്കിലും നമ്മൾ വളർത്തുന്ന ആൺകുട്ടിക്ക് പെണ്ണിൻ്റെ ‘നോ’കളെ കഠാര കുത്തിയിറക്കിയും പെട്രോളൊഴിച്ച് കത്തിച്ചുമല്ലാതെ നേരിടാൻ പഠിപ്പിക്കേണ്ടതുണ്ട്.”

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these