മുങ്ങി മരിക്കുന്ന വിദ്യാർഥികൾ ഒരു വർഷം ആയിരത്തി എണ്ണൂറ് ആളുകൾ വരെ മുങ്ങി മരിച്ച വർഷങ്ങൾ ഉണ്ട്

മുങ്ങി മരിക്കുന്ന വിദ്യാർഥികൾ ഏറ്റുമാനൂർ കോളേജിൽ നിന്നും ഉഡുപ്പിയിലേക്ക് വിനോദ വിദ്യാഭ്യാസ യാത്രക്ക് പോയ മൂന്നു കുട്ടികൾ മുങ്ങി മരിച്ച വാർത്ത വരുന്നു.മൂന്നു കുടുംബങ്ങൾ, ബന്ധുക്കുക്കൾ, സഹപാഠികൾ, സുഹൃത്തുക്കൾ, എന്നിങ്ങനെ എത്രയോ പേരെയാണ് ആ വാർത്ത സങ്കടത്തിൽ ആക്കുന്നത്. നേരിട്ടറിയാത്തവർക്കു പോലും ഇത്തരം വാർത്തകൾ വിഷമമുണ്ടാക്കുന്നു. മുങ്ങി മരണത്തെ പറ്റി ഞാൻ എത്ര പ്രാവശ്യം എഴുതിയിട്ടുണ്ടെന്ന് എനിക്കോർമ്മയില്ല. രണ്ടായിരത്തി എട്ടിൽ ഞാൻ മലയാളത്തിൽ ആദ്യമായി സുരക്ഷയെ പറ്റി എഴുതുന്നത് തട്ടേക്കാട് ജലാശയത്തിൽ ഇളവൂർ സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മുങ്ങി മരിച്ച സംഭവത്തിന് ശേഷമാണ്. അതിന് ശേഷം എത്രയോ പ്രാവശ്യം എഴുതിയിരിക്കുന്നു.

പക്ഷെ രണ്ടായിരത്തി എട്ടിന് ശേഷം എത്രയോ ആയിരം ആളുകൾ കേരളത്തിൽ തന്നെ മുങ്ങി മരിച്ചിരിക്കുന്നു. ഒരു വർഷം ആയിരത്തി എണ്ണൂറ് ആളുകൾ വരെ മുങ്ങി മരിച്ച വർഷങ്ങൾ ഉണ്ട്.ഇതിൽ പകുതിയിൽ ഏറെയും യുവാക്കളാണ്. അതിൽ ഏറെ വിദ്യാർത്ഥികളും മുങ്ങി മരണത്തിൽ മാത്രമല്ല വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നത്.കോവിഡിന് മുൻപ് ഒരു വർഷം ശരാശരി നാലായിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചിരുന്നത്. അതിൽ പകുതിയിലേറെ ബൈക്ക് യാത്രികർ ആണ്, അതിലും ഏറെ വിദ്യാർഥികൾ ഉണ്ട്.കണക്കെടുത്താൽ ഒരു വർഷത്തിൽ ആയിരത്തിനും രണ്ടായിരത്തിനും ഇടക്ക് വിദ്യാർഥികൾ കേരളത്തിൽ അപകടത്തിൽ മരിക്കുന്നുണ്ടാകും.

പക്ഷെ ആരും കണക്കെടുക്കാറില്ല ഒരാൾ മരിക്കുന്ന അപകടങ്ങൾ ലോക്കൽ വാർത്താക്കപ്പുറം പോകാറില്ല.അത് ആ കുടുംബത്തിന്റെ നഷ്ടവും ദുഖവുമായി തീരുന്നു. ഇതിന് ഒരു അവസാനം വേണ്ടേ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ തീർച്ചയായും.ശരിയായ സുരക്ഷാ ബോധം ഉണ്ടെങ്കിൽ അപകടങ്ങൾ ഏറെ കുറക്കാം. മുങ്ങിമരണങ്ങൾ ഒക്കെ തൊണ്ണൂറു ശതമാനവും ഒഴിവാക്കാവുന്നതാണ്.പക്ഷെ ഇതിന് വ്യാപകമായ ഒരു ബോധവൽക്കരണം വേണം.കേരളത്തിലെ കാമ്പസുകളിൽ ഉൾപ്പടെ നടക്കുന്ന അപകട മരണങ്ങളുടെ സാഹചര്യത്തിൽ രണ്ടായിരത്തി പന്ത്രണ്ട് മുതൽ കാമ്പസുകളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ പറവൂർ ആസ്തമായിട്ടുള്ള ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് എന്ന സ്ഥാപനവുമായി ചേർന്ന് സേഫ് ക്യാമ്പസ് എന്നൊരു ട്രെയിനിങ്ങ് പ്രോഗ്രാം ഡിസൈൻ ചെയ്തു നടപ്പിലാക്കാൻ ശ്രമിച്ചു വിദ്യാർത്ഥികളിൽ സുരക്ഷാ ബോധം ഉണ്ടാക്കുക, കാമ്പസുകൾ സുരക്ഷിതമാക്കുക, വിനോദ യാത്രകളും സ്പോർട്സ് മത്സരങ്ങളും സുരക്ഷിതമായി സംഘടിപ്പിക്കാൻ പരിശീലിപ്പിക്കുക അപകടം ഉണ്ടായാൽ പ്രഥമ സുരക്ഷ നല്കാൻ പഠിപ്പിക്കുക ഇതൊക്കെയായിരുന്നു ലക്‌ഷ്യം.

കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഒക്കെ ഞങ്ങൾ സൗജന്യമായി ഈ പദ്ധതി നടത്തിയിട്ടുണ്ട്.കേരളത്തിലെ എല്ലാ എഞ്ചിനീയറിങ്ങ് കോളേജിലും ആർട്സ് കോളേജിലും ഈ പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ അക്കാലത്ത് പ്രിൻസിപ്പൽ മാർക്ക് എഴുത്തയക്കുകയും ചെയ്തു. തൊണ്ണൂറു ശതമാനവും മറുപടി പോലും തന്നില്ല. മറുപടി തന്നവർ പോലും ഇത്തരം ഒരു പരിപാടി നടത്താൻ ഒരു താല്പര്യവും എടുത്തില്ല.പിന്നെ ഇടക്കിടക്ക് ഏതെങ്കിലും കോളേജിൽ ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുന്ന അപകടങ്ങൾ ഉണ്ടാകും ഉടൻ തന്നെ ആ കോളേജുകാർക്ക് താല്പര്യമാകും.പക്ഷെ അപകടം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന വിശ്വാസത്തിൽ മറ്റുള്ളവർ അപ്പോഴും പഴയത് പോലെ തന്നെ വിദ്യാഭ്യാസവും വിനോദവും സ്പോർട്സും നടത്തും.ഇത് മാറണം. ചുറ്റും നടക്കുന്ന അപകടങ്ങളിൽ നിന്നും പാഠം പഠിക്കണം.സ്‌കൂൾ തലത്തിൽ മുതൽ സുരക്ഷാ പാഠങ്ങൾ ഉണ്ടാകണം. നമ്മുടെ വിദ്യാർഥികൾ സുരക്ഷാ ബോധത്തോടെ വളരണം.ഇനിയും ഇത്തരം മരണങ്ങൾ ഉണ്ടാകരുത്.
മുരളി തുമ്മാരുകുടി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these