രക്ത സമ്മര്‍ദ്ദം മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രധാന കാരണം. മാറിയ ആഹാരശൈലി തന്നെയാണ് ഇവിടെയും വില്ലന്‍. കുടുംബത്തിൽ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉണ്ടെങ്കിലും കുട്ടികളിൽ രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുന്നു. കൊഴുപ്പ് കൂടിയതും, ഉപ്പ് അധികമായതുമായ ആഹാരം കുട്ടികളിൽ അമിതവണ്ണം ഉണ്ടാക്കുന്നു. അതോടൊപ്പം വ്യായാമക്കുറവ്, ശാരീരിക അദ്ധ്വാനം വേണ്ട കളികളിൽ ഏര്‍പ്പെടാതിരിക്കുക, ടെലിവിഷന്‍, കംമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയിൽ അടിമപ്പെടുക തുടങ്ങിയവ അമിതവണ്ണത്തിനും ഇതിനോടനുബന്ധിച്ച് രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു.
മുതിര്‍ന്നവരിൽ രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കുന്ന അതേ രീതിയിൽ തന്നെ കുട്ടികളിലും രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കാം. എന്നാൽ കുട്ടികളിൽ ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിയിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നു നിര്‍ണ്ണയിക്കപ്പെട്ടാൽ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചികിത്സയും പ്രതിവിധിയും ചെയ്യേണ്ടതാണ്.
ഹൃദയത്തിൽ നിന്നു ധമനികള്‍ വഴിയാണ് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്. മിനിട്ടിൽ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയിൽ ഏല്പിക്കുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോൾ) ധമനികളിലെ സമ്മര്‍ദ്ദം 120 മില്ലിമീറ്റര്‍ മെര്‍ക്കുറി വരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആയി കുറയും.
ഇതാണ് ഡോക്ടര്‍മാര്‍ 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി രക്തസമ്മര്‍ദ്ദമായി അവരുടെ കുറിപ്പുകളിൽ എഴുതുന്നത്. ഈ സമ്മര്‍ദ്ദത്തോടു കൂടി രക്തം പ്രവഹിക്കുന്നത് കൊണ്ടാണ് തലച്ചോറിനും പേശികള്‍ക്കും കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്.
120/80 മില്ലിമീറ്റര്‍ എന്ന അളവ് നാം വിശ്രമിക്കുമ്പോള്‍ മാത്രമുള്ള സമ്മര്‍ദ്ദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പേശികളിൽ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കിൽ ഹൃദയം വേഗത്തിലും, ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്ത സമ്മര്‍ദ്ദം 120/80-ൽ നിന്നും 160/90 വരെ കൂടുകയും ചെയ്യും.
വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍ പോലും നമ്മുടെ രക്ത സമ്മര്‍ദ്ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തിൽ തന്നെ അവശ്യ സന്ദര്‍ഭങ്ങളിൽ കാണപ്പെടുന്ന രക്ത സമ്മര്‍ദ്ദത്തിന്റെ വ്യതിയാനങ്ങളാണ്.
കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു.ഇതു രക്തസമ്മര്‍ദ്ദം എന്ന രോഗമാണ്. വിശ്രമ വേളകളിൽ രക്തസമ്മര്‍ദ്ദം 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലധികമായി ഉയരുന്നുവെങ്കിൽ അതിനെ രോഗമായി കണക്കാക്കണം. രണ്ടു മൂന്നു ദിവസങ്ങള്‍ ഇടവിട്ട് പരിശധിക്കുമ്പോള്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാൽ രോഗമാണെന്ന് നിശ്ചയിക്കാം. 140/90 മില്ലിമീറ്റര്‍ മെര്‍ക്കുറി എന്ന അളവിൽ കൂടുതലായി കാണുമ്പോഴാണ് വിദഗ്ദ്ധ ചികിത്സ വേണ്ടി വരുന്നത്.