പന്നിപ്പനിയെ മഹാമാരിയായി ജൂണ്‍ 11-ന് ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. 1968-ല്‍ ഹോങ്കോങ് ഫ്ളൂവിന് ശേഷം ഒരു പകര്‍ച്ചവ്യാധിയെ മഹാമാരി (pandemic) ആയി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഭൂമുഖത്ത് രണ്ട് പ്രദേശങ്ങളിലെങ്കിലും വ്യാപിക്കുകയും, മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഒരു രോഗം വേഗം പകരുകയും ചെയ്യുന്ന സാഹചര്യം സംജാതമാവുകയും ചെയ്യുമ്പോഴാണ് അതിനെ മഹാമാരിയായി പ്രഖ്യാപിക്കുക. മഹാമാരിയായി പ്രഖ്യാപിക്കുന്ന വേളയില്‍ പന്നിപ്പനിയെന്ന എച്ച്1എന്‍1 പനി, ലോകത്ത് 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്. 141 പേര് രോഗബാധയാല്‍ മരിച്ചു. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ രോഗം വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
പന്നിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യന് എന്നും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ആയിരങ്ങളെ കൊന്നൊടുക്കിയ വൈറസുകളും മറ്റ് രോഗാണുക്കളും പൊട്ടിപ്പുറപ്പെട്ട എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എടുത്തുകാട്ടാനാകും. കറുത്ത മരണമെന്നറിയപ്പെടുന്ന പ്ലേഗും, ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരിയും, സ്പാനിഷ് ഫ്ളൂവും എയ്ഡ്സുമെല്ലാം പകര്‍ച്ചവ്യാധികളുടെ പട്ടികയില്‍ മരണത്തിന്റെ ഭീകരമുഖം വരച്ചുകാട്ടിയവയാണ്. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ പേരാണ് പന്നിപ്പനി അഥവാ ‘എച്ച്1എന്‍1 പനി’. പന്നികളില്‍ കാണപ്പെടുന്ന സാധാരണ ഫ്ളുവൈറസിന് മാരകമാംവിധം ജനിതികവ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പകര്‍ന്നതാണ് പുതിയ ഭീഷണിയായിരിക്കുന്നത്.
ഏതാണ്ട് 11000 വര്‍ഷം മുമ്പ് മനുഷ്യന് കാര്‍ഷികവൃത്തിയിലേക്ക് തിരിയുകയും കൂട്ടമായി ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്ത ശേഷമാണ് ഇന്ന് അറിയപ്പെടുന്ന പല പകര്‍ച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിശ്വസിക്കുന്നു. അതില്‍ തന്നെ 60 ശതമാനം രോഗങ്ങളും മറ്റ് ജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണെന്ന്, ‘ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്റ്റിങ് ഇനിഷ്യേറ്റീവി’ന്റെ സാരഥിയും സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ വിദഗ്ധനുമായ ഡോ. നാഥാന് വൂള്‍ഫും സംഘവും അഭിപ്രായപ്പെടുന്നു. മറ്റ് ജീവികളില്‍നിന്ന് മനുഷ്യരിലേക്ക് മാത്രമല്ല, മനുഷ്യനില്‍നിന്ന് മറ്റ് ജീവികളിലേക്കും രോഗാണുക്കള്‍ പകരാറുണ്ട്-മഞ്ഞപ്പനി ഉദാഹരണം. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന 868 രോഗാണുക്കളുണ്ടെന്നാണ്, സ്കോട്ട്ലന്‍ഡില്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്ധനായ പ്രൊഫ. മാര്‍ക്ക് വൂള്‍ഹൗസ് അടുത്തയിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. മനുഷ്യന് ഭീഷണി സൃഷ്ടിച്ച പ്രധാന പകര്‍ച്ചവ്യാധികളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് ചുവടെ:
ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യനെ വേട്ടയാടിയ മഹാമാരിയാണ് വസൂരി. ഒരുപക്ഷേ, മനുഷ്യവര്‍ഗം നേരിട്ട ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്ന്. കാട്ടുതീ പോലെ പടര്‍ന്ന് മനുഷ്യരെ കൊന്നൊടുക്കുന്ന രോഗമായിരുന്നു വസൂരി. 3000 വര്‍ഷം മുമ്പ് ഇന്ത്യയില്‍ അല്ലെങ്കില്‍ ഈജിപ്തിലാണ് വസൂരി ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്നു. രണ്ട് വൈറസ് വകഭേദങ്ങള്‍ (വാരിയോള മേജര്‍, വൈരിയോള മൈനര്‍) ആണ് ഈ മഹാമാരിക്ക് കാരണം. ഒട്ടകങ്ങളില്‍ നിന്നാവാം മനുഷ്യരിലേക്ക് വസൂരി വൈറസ് കടന്നതെന്ന് കരുതുന്ന വിദഗ്ധരുണ്ട്.
വസൂരി ബാധിച്ച് മരിച്ച ഒട്ടേറെ രാജാക്കന്മാരും ചക്രവര്‍ത്തിമാരുമുണ്ട്. ഇംഗ്ലണ്ടിലെ മേരി രണ്ടാം രാജ്ഞി, ഓസ്ട്രിയയിലെ ജോസഫ് ഒന്നാമന് ചക്രവര്‍ത്തി, സ്പെയിനിലെ ലൂയിസ് ഒന്നാമന് രാജാവ്, റഷ്യയിലെ സര് പീറ്റര്‍ രണ്ടാമന്, സ്വീഡനിലെ യുല്‍റിക്ക ഇലേനോറ രാജ്ഞി, ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമന്‍ രാജാവ് ഒക്കെ വസൂരി ബാധിച്ച് മരിച്ചവരാണ്. വസൂരി ബാധിക്കുന്നതില്‍ 30 ശതമാനം പേര് മരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിനെ കണക്കനുസരിച്ച് വര്‍ഷം തോറും നാലുലക്ഷം പേര് വസൂരി ബാധിച്ച് മരിച്ചിരുന്നു. മാത്രമല്ല, അന്ധതയ്ക്ക് മുഖ്യകാരണവും വസൂരി ബാധയായിരുന്നു. 20-ാം നൂറ്റാണ്ടില്‍ ഏതാണ്ട് 30-50 കോടി ആളുകള്‍ വസൂരി മൂലം മരിച്ചുവെന്നാണ് കണക്ക്.
എന്നാല്‍, മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി, മനുഷ്യന്റെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ കണ്ടത്. ലോകമാകെ നടത്തിയ പ്രതിരോധകുത്തിവെപ്പുകളുടെയും നടപടികളുടെയും ഫലമായി വസൂരിയെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ നമുക്കായി. ലോകം വസൂരി മുക്തമായതായി 1980 മെയ് ആറിന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. 1977 ഒക്ടോബറില്‍, സൊമാലിയയിലെ ഒരു ഗ്രാമത്തില്‍ അലിമാവോ മാലിന് എന്നയാള്‍ക്കാണ് സ്വാഭാവികമായ രീതിയില്‍ വസൂരി അവസാനമായി ബാധിച്ചത്. എന്നാല്‍, ജൈവയുദ്ധത്തിന്റെ ഭാഗമായി വസൂരി വീണ്ടും പ്രത്യക്ഷപ്പെട്ടാക്കാമെന്ന ഭീതി ഇന്ന് ശക്തമാണ്.