വൈദ്യശാസ്‌ത്രത്തിന് നൂറ്റാണ്ടുകളായി വെല്ലുവിളി ഉയര്‍ത്തിയ ഈ വൈറസ് രോഗം, ഇന്നും തെക്കെയമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ഭീഷണിയാണ്. പോയ നൂറ്റാണ്ടുകളില്‍ യൂറോപ്പിലും അമേരിക്കയിലും ലക്ഷങ്ങളെ കൊന്നൊടുക്കിയ രോഗമാണിത്. ഫ്‌ളേവിവൈറിഡേ (Flaviviridae) കുടുംബത്തില്‍പെട്ട ‘മഞ്ഞപ്പനി വൈറസാ’ണ് രോഗകാരണം. ലോകാരോഗ്യസംഘടനയുടെ 2001-ലെ കണക്ക് പ്രകാരം, വര്‍ഷംതോറും രണ്ടുലക്ഷം പേരെ ബാധിക്കുന്ന ഈ രോഗം, മുപ്പതിനായിരം പേരെ കൊല്ലുന്നു. രോഗം ബാധിച്ചവര്‍ക്ക് രക്തസ്രവമുണ്ടാകുന്നതാണ് പലപ്പോഴും മരണ കാരണം.
ആഫ്രിക്കയില്‍ കുരങ്ങുകളില്‍ നിന്നാണ് വൈറസുകള്‍ കൊതുകുകള്‍ വഴി മനുഷ്യനെ ബാധിച്ചതെന്ന് കരുതുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമവ്യാപാരത്തിന്റെ ഭാഗമായി മഞ്ഞപ്പനി വൈറസ് ആഫ്രിക്കയില്‍ നിന്ന് തെക്കെയമേരിക്കയിലെത്തി. അവിടെ വെച്ച് മനുഷ്യനില്‍നിന്ന് കൊതുകുകള്‍ വഴി തെക്കയമേരിക്കന്‍ കുരങ്ങുകളിലെത്തി. ആ കുരങ്ങുകളില്‍നിന്ന് കൊതുകള്‍ വഴി വീണ്ടും രോഗം മനുഷ്യരിലെത്തി. വെനസ്വേല പോലുള്ള തെക്കെയമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയില്‍ പെട്ടാല്‍, മഞ്ഞപ്പനിബാധ പേടിച്ച് ആരോഗ്യമന്ത്രാലയം ആ പ്രദേശത്ത് ജനങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നടത്താറുണ്ട്.
ചരിത്രത്തില്‍ മനുഷ്യന് ഏറ്റവും വലിയ ഭീതി സമ്മാനിച്ച രോഗങ്ങളിലൊന്നാണ് ബുബോണിക് പ്ലേഗ്. ‘യെര്‍സിനിയ പെസ്റ്റിസ്’ (Yersinia pestis) എന്ന ബാക്ടീരിയമാണ് രോഗകാരി. രോഗം ബാധിക്കുന്നതില്‍ 50 ശതമാനം പേരും മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം മരണമടയും. 1340-കളില്‍ യൂറോപ്പില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ ‘കറുത്തമരണ’ത്തിന് കാരണം ബുബോണിക് പ്ലേഗ് ആയിരുന്നു. ഇതുവരെ 20 കോടി പേരെ കൊന്നൊടുക്കിയ രോഗമാണിതെന്ന് കരുതുന്നു. അറിയപ്പെടുന്ന ആദ്യ പ്ലേഗ് മഹാമാരി ക്രിസ്‌തുവിന് ശേഷം ആറാംനൂറ്റാണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്; ബൈസാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത്.
എലിച്ചെള്ളുകളാണ് രോഗാണു വാഹകര്‍. എലികള്‍ അകാരണമായി ചത്തടിയുന്നത് പലപ്പോഴും പ്ലേഗിന്റെ വരവിനെ കുറിക്കുന്ന സൂചനയായി കണക്കാക്കിയിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട രീതിയില്‍ പ്ലേഗ് പ്രത്യക്ഷപ്പെടാറുണ്ട്. മഹാമാരിയായിത്തീരാറില്ലെന്ന് മാത്രം. 1992-ല്‍ ബ്രസീല്‍, ചൈന തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ ഒറ്റപ്പെട്ട പ്ലേഗ്‌ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പ്ലേഗ് ഭീതിവിതച്ചത് ഇന്ത്യയിലാണ്; 1994 സപ്‌തംബറില്‍. സൂറത്തില്‍ നൂറുകണക്കിനാളുകളെ അന്ന് പ്ലേഗ് ബാധിച്ചു, 50 പേര്‍ മരിച്ചു. ആയിരങ്ങളാണ് അന്ന് സൂറത്തില്‍നിന്ന് പലായനം ചെയ്‌തത്.
മാരകമായ വയറിളക്കരോഗമാണ് കോളറ. വിബ്രിയോ കോളറെ (Vibrio cholerae) എന്ന ബാക്ടീരിയമാണ് രോഗകാരി. രോഗാണു ജലത്തിലൂടെയാണ് പകരുന്നത്. നൂറ്റാണ്ടുകളായി ആയിരങ്ങളെ കൊന്നൊടുക്കിയ ഈ പകര്‍ച്ചവ്യാധി, ദരിദ്രരാജ്യങ്ങള്‍ക്ക് ഇന്നും ഭീഷണിയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കോളറ, പ്രാചീനകാലത്ത് വ്യാപാരത്തിനെത്തിയവരിലൂടെ മറ്റ് രാജ്യങ്ങളിലെത്തി എന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട നിലയ്‌ക്ക് പ്രത്യക്ഷപ്പെട്ടിരുന്ന കോളറ ഒരു മഹാമാരിയായി ആദ്യം പടര്‍ന്ന സംഭവം 1816-1826 കാലത്താണ് ഉണ്ടായത്. ബംഗാളില്‍ അന്ന് പതിനായിരം ബ്രിട്ടീഷ് സൈനികരും മറ്റുള്ളവരും കോളറ മൂലം മരിച്ചു.
ആധുനിക വൈദ്യശാസ്‌ത്രത്തിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ഇന്നും പടരുന്ന രോഗമാണ് മലമ്പനി. കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന് കാരണം പ്രധാനമായും പ്ലാസ്‌മോഡിയം ഫാല്‍സിപാറം (Plasmodium falciparum) എന്ന പരാദം (parasite) ആണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉഷ്‌ണമേഖലാപ്രദേശത്താണ് രോഗം ദുരിതം വിതയ്‌ക്കുന്നത്. ഓരോ വര്‍ഷവും 50 കോടിയോളം പേരെ മലമ്പനി ബാധിക്കുന്നു എന്നാണ് കണക്ക്. അതില്‍ പത്തു ലക്ഷം മുതല്‍ 30 ലക്ഷംവരെ രോഗികള്‍ മരിക്കുന്നു.
നിലനില്‍ക്കുന്ന ഏറ്റവും പുരാതനരോഗങ്ങളിലൊന്നാണ് മലമ്പനി. അമ്പതിനായിരം വര്‍ഷത്തിലേറെയായി മനുഷ്യവര്‍ഗത്തെ ഈ രോഗം ബാധിക്കുന്നു. ശരിക്കു പറഞ്ഞാല്‍, മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തിലുടനീളം ഈ രോഗവും ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. 2700 ബി.സി.യില്‍ ചൈനയില്‍ ഈ രോഗം ബാധിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതാകണം ആദ്യം ലിഖിത ചരിത്രം. 1898-ല്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജനറല്‍ ഹോസ്‌പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ബ്രിട്ടീഷുകാരനായ സര്‍ റൊണാള്‍ഡ് റോസ് ആണ്, മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന് തെളിയിച്ചത്.
ഓരോ സെക്കന്‍ഡിലും പുതിയതായി ഒരാളെ വീതം ബാധിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് ക്ഷയം. ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗത്തെ ക്ഷയരോഗാണുക്കള്‍ ബാധിച്ചിട്ടുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. വര്‍ഷംതോറും 80 ലക്ഷം പേര്‍ വീതം രോഗബാധിതരാകുന്നു. ലോകത്താകമാനം ഏതാണ്ട് 20 ലക്ഷംപേര്‍ വര്‍ഷംതോറും ക്ഷയരോഗം മൂലം മരിക്കുന്നു.
മൈക്കോബാക്ടീരിയ കുടുംബത്തില്‍പെട്ട അഞ്ച് വ്യത്യസ്‌ത വകഭേദങ്ങള്‍ ക്ഷയരോഗം വരുത്താറുണ്ടെങ്കിലും ‘മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ്‌്'(Mycobacterium tuberculosis) ആണ് മുഖ്യഹേതു. ക്ഷയരോഗത്തിനെതിരെ ബി.സി.ജി. വാക്‌സിന്‍ ലഭ്യമാണ്. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ക്ഷയരോഗാണു പ്രതിരോധശേഷി നേടുന്നത്, രോഗപ്രതിരോധരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പരിണാമവഴിയില്‍ മനുഷ്യനൊപ്പം സഞ്ചരിച്ച രോഗാണുവാണ് ക്ഷയരോഗത്തിന്റേത്. 9000 വര്‍ഷം മുമ്പ് മനുഷ്യനെ ക്ഷയരോഗം ബാധിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്.