പ്രസവാനന്തരം ആണ് നാജിയക്ക് ചില മാനസിക വ്യതിയാനങ്ങൾ വീട്ടുകാർ ശ്രദ്ധിക്കുന്നത്. നാട്ടിലും വീട്ടിലും ചിരിച്ചുല്ലസിച്ചു നടന്നു കൊണ്ടിരുന്ന കുട്ടി. ഒരു വലിയ കോളേജിൽ എംഎ ലിറ്ററേച്ചർ ചെയ്തു കെണ്ടിരിക്കെയായിരുന്നു കന്നി പ്രസവം.പ്രസവം കഴിഞ്ഞു കുറച്ചു നാളുകളേ ആയുള്ളൂ നല്ലോരു മൊഞ്ചുള്ള കുട്ടിയാണല്ലോ. കുഞ്ഞിനെ കാണാൻ വരുന്നവർ ഇവ്വിധം ഒക്കെ പറഞ്ഞെങ്കിലും നാജിയക്ക് എന്തെന്നറിയില്ല വല്ലാത്ത സങ്കടങ്ങൾ അവളെ കെട്ടി വരിഞ്ഞുമുറുക്കാൻ തുടങ്ങി കാര്യകാരണങ്ങളില്ലാതെ അവ പിന്നെയും പിടിമുറുക്കി പിന്നെ പിന്നെ ഉറക്കമില്ലായ്മ തന്റെ പൊന്നോമന കുഞ്ഞിന്റെ എന്നല്ല ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാവായ്യ്മ, അങ്ങനെ വളരെ കുറച്ചു നാളുകൾക്കുള്ളിൽ അവൾ പോലുമറിയാതെ ശക്തമായ വിഷാദ രോഗത്തിലേക്ക് പോസ്റ്റ് പാർട്ടും ഡിപ്രെഷൻ നാജിയ വഴുതിയങ്ങനെ വീണു.പ്രസവശേഷം സ്ത്രീകളിൽ ഇതൊക്കെ സ്വാഭാവികമല്ലെ എന്ന വീട്ടുകാരുടെ ആദ്യ നിഗമനങ്ങളെ കാറ്റിൽ പറത്തി ഒരു തുണ്ടു കയറിൽ നാജിയ ജീവിതം അവസാനിപ്പിച്ചപ്പോൾ മുഴങ്ങി കേട്ടത് മൂന്ന് മാസം പ്രായമുള്ള ആ പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ മാത്രമായിരുന്നു.താൻ പാതിയെ ജീവനു തുല്യം സ്നേഹിച്ച് അവളെ പഠിപ്പിക്കാനും സ്വയം പര്യാപ്തത കൈവരിക്കുവാനും സ്ഥിര പ്രേരകൻ ആയ നാജിയയുടെ ഭർത്താവ് കടലിനക്കരെ തന്റെ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മയെയും ഒരു നോക്കു കാണാൻ ദിവസങ്ങളെണ്ണി കഴിയുമ്പോഴാണ് ഈ വാർത്ത കേട്ട് പരിഭ്രാന്തനായത്.മകന്റെ ഭാര്യയെ മകളെന്ന പോലെ സ്നേഹിച്ച ആ അമ്മായി അമ്മയും നാജിയയുടെ മാതാപിതാക്കളും എവിടെയായിരുന്നു പ്രശ്നം എന്നാലോചിച്ച് ഇന്നും കണ്ണീരൊലിപ്പിക്കുന്നു.സത്യത്തിൽ എവിടെയായിരുന്നു പ്രശ്നങ്ങൾ?അവിടെയാണ് പ്രസവാനന്തരം സ്ത്രീകൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ പറ്റി നാം ബോധവാൻമാർ ആകേണ്ടത്. മൂലകാരണം ശരിയായി നിർവ്വചിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രസവാനന്തരം പെട്ടെന്നുണ്ടാവുന്ന ഹോർമോണൽ വ്യതിയാനങ്ങൾ ആവാം ഇവ്വിധമുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണം എന്നതാണ് പൊതുവായ അനുമാനം.
മൊത്തത്തിൽ ഈ പ്രശ്നങ്ങളെ മൂന്നായി തരം തിരിക്കാം. മറ്റേർണൽ ബ്ലൂസ് പ്രസവശേഷം ആദ്യ ആഴ്ച്ചകൾക്കുള്ളിൽ വരുന്ന സർവ്വ സാധാരണമായ പ്രശ്നങ്ങൾ.. ഉത്കണ്ഠ.ചെറിയ ചെറിയ സങ്കടങ്ങൾ .കണ്ണീരൊലിപ്പിക്കൽ പെട്ടെന്നുള്ള ദേഷ്യപ്പെടൽ അങ്ങനെയുള്ളവ ഏറിയും കുറഞ്ഞുമിരുന്നാലും രണ്ട് മൂന്ന് ആഴ്ച്ചകൾ നീണ്ട് നിന്ന് മാഞ്ഞു പോവുകയും സ്വന്തമായി തന്നെ മാനേജ് ചെയ്യാൻ പറ്റുകയും ചെയ്യും.ഏകദേശം 50 % മുതൽ 80 % വരെ സ്ത്രീകൾ മറ്റേർണൽ ബ്ലൂസ് അനുഭവിക്കാറുണ്ടെന്ന് കണക്കുകൾ.
വിഷാദം വിഷാദത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും കുഞ്ഞിന്റെ കാര്യത്തിലുള്ള ശ്രദ്ധയില്ലായ്മ ഉറക്കക്കുറവ് ഞാൻ ഒന്നിനും കൊള്ളാത്തവളാണ്. എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന തോന്നൽ സാധാരണയായി സന്തോഷം ലഭിക്കുന്ന കാര്യങ്ങളിൽ ഉള്ള താൽപര്യക്കുറവ് ( ആംഹെഡോണിയ ) ആഴങ്ങളിൽ നിന്ന് ആഴങ്ങളിലേക്ക് മുങ്ങി മുങ്ങിത്താഴുന്ന പോലെ വിഷാദം പിടി മുറക്കുമ്പോൾ ചിലർ ആത്മഹത്യാ പ്രവണതകൾ കാണിക്കുന്നു. പ്രസവാനന്തരം ആദ്യ രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ വരികയും ചില സ്ത്രീകളിൽ ഇത് ഒരു വർഷം വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. 10% മുതൽ 20% സ്ത്രീകളിൽ പ്രസവാനന്തരം ഇത് കടന്ന് വരാം.
സൈക്കോസിസ് വിഷാദം ഉൻമാദം തുടങ്ങി ഭ്രാന്തിന്റെ ലക്ഷണങ്ങൾ കാണിക്കാം. കാണാത്തത് കാണുകയും ഹാലൂസിനേഷൻസ് ഇല്ലാത്തത് വിചാരിച്ചുണ്ടാക്കുകയും ഡെല്യൂഷൻ ചെയ്യും. സ്വയമായും പിന്നെ കുഞ്ഞിനെയും ഉപദ്രവം ചെയ്യുന്നത് ഇങ്ങനെയുള്ളവരിൽ കണ്ടു വരുന്നു. ആയിരത്തിൽ ഒരു സ്ത്രീക്ക് പ്രസവാനന്തരം ഇത് പിടിപെടുന്നു.
ബ്ലൂസ് സ്വന്തമായി നമുക്ക് മാനേജ് ചെയ്യാം എ ങ്കിൽ ഡിപ്രെഷൻ സൈക്കോസിസ് ഇവക്ക് സ്വയം ചികിൽസ പാടില്ല.നല്ലൊരു സൈക്യാട്രിസ്റ്റിന് അവരെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരാൻ പറ്റും.കൂടാതെ കൗൺസലിങ്ങിനും നല്ല ഒരു റോളുണ്ട്. അവരെത്ര ബുദ്ധിശാലികളോ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ പെട്ടവരോ ആവട്ടെ. മുമ്പ് മാനസികമായി എത്രയോ സ്ട്രോങ്ങ് ആയിരുന്ന സ്ത്രീകളോ ആവട്ടെ.സാമൂഹികമായ വിലയിരുത്തലുകൾ ഭയന്ന് സൈക്യാട്രിസ്റ്റിനെ ചെന്ന് കാണാൻ വിമുഖത കാട്ടരുത്. കാരണം ആരോഗ്യമുള്ള മനസാണല്ലോ ഏറ്റവും വലിയ സമ്പത്ത്.ഈ മാനസിക പ്രശ്നങ്ങൾ വന്നവർ ഒരിക്കലും പശ്ചാത്തപിക്കരുത്. കുറേ ഹോർമോണുകളുടെ കളികളാണെന്ന് ഓർത്തു സമാധാനിക്കൂ.ഏറ്റവും പ്രധാനം അങ്ങനെയുള്ള സ്ത്രീകളെ ഭർത്താവ് കൂട്ടുകാരികൾ കുംടുംബാംഗങ്ങൾ എന്നിങ്ങനെ ചുറ്റുമുള്ളവർ അകമഴിഞ്ഞ് പിന്തുണക്കുക എന്നുള്ളതാണ് മാനസികമായി അവൾക്ക് താങ്ങും തണലുമാവുക എന്നതാണ്.ഇനി നമുക്ക് നാജിയമാരെ കാണാൻ വയ്യ അമ്മിഞ്ഞപാൽ നുകരാതെ വളരാൻ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങളുണ്ടായിക്കൂട മാതൃത്വം ജയിക്കട്ടെ.
കടപ്പാട്-ഡോ ഹസ്നത് സെബിൻ