ചെള്ളു പനി നിസാരമായി മാറ്റി നിർത്തരുതേ ചെള്ളു പനി എങ്ങനെ പകരുന്നു എന്താണ് പ്രതിവിധി വായിക്കാം

ഓറിയൻഷിയ സുസുഗമുഷി എന്ന പേരുള്ള സൂക്ഷ്മജീവിയാണ് ചെള്ളു പനി അല്ലെങ്കിൽ സ്ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്.ചില ചെടികളിലും എലി പോലെയുള്ള മൃഗങ്ങളിലും കാണുന്ന ചെള്ളുകളുടെ ലാർവ (ട്രോമ്പികുലിഡ് മൈറ്റ്) ആണ് രോഗവാഹകർ. ഈ ലാർവകൾ മനുഷ്യരെ കടിക്കുമ്പോൾ അവയുടെ ശരീരത്തിലുള്ള രോഗാണുവിനു മനുഷ്യശരീരത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. കർഷകർ, കാടുകളോട് ചേർന്ന് ജീവിക്കുന്നവർ, കാട്ടു പ്രദേശങ്ങളിൽ ട്രക്കിങ്ങിനായും മറ്റും പോകുന്നവർ എന്നിവരിലാണ് ഏറ്റവും കൂടുതലായി ചെള്ളുപനി കാണാറ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ കാടുമായും കൃഷിയുമായും നേരിട്ടു ബന്ധം ഇല്ലാത്തവരിലും കണ്ടു തുടങ്ങിയിട്ടുണ്ട്. വനനശീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ രോഗം പരത്തുന്ന ചെള്ളുകൾ കൂടുതലായി മനുഷ്യന്റെ ആവാസസ്ഥലങ്ങളിലേക്ക് ചേക്കേറുന്നതാവാം കാരണം.

രോഗാണുവിന് ശരീരത്തിലേക്ക് പ്രവേശനം ലഭിച്ച് 10-12 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ശക്തമായ പനി, തല വേദന, ശരീര വേദന എന്നിവയാണ് ഏറ്റവും സാധാരണ കാണുന്ന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്ന തിണർപ്പുകൾ കാണാം. മറ്റു തരം പനികളിൽ നീന്ന് വേറിട്ടു നിൽക്കുന്ന ഒരു ലക്ഷണം ചെള്ള് കടിച്ച ഭാഗത്ത് രൂപപ്പെടുന്ന കറുത്ത നിറത്തിലുള്ള വ്രണമാണ് (eschar). ഇതിന്റെ കൂടെ കഴല വീക്കവും ഉണ്ടാകാം. ഇവ കക്ഷം, അരക്കെട്ട്, ജനനേന്ദ്രിയ ഭാഗങ്ങൾ, പൃഷ്ടഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലും ഉണ്ടാവുക എന്നതിനാൽ രോഗിയുടെ ശ്രദ്ധയിൽ പെടാൻ സാധ്യത കുറവാണ്. നീണ്ടു നിൽക്കുന്ന പനിയുമായെത്തുന്ന രോഗികളിൽ ഇത്തരം പാടുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർബന്ധമായും ആരോഗ്യപ്രവർത്തകർ നടത്തേണ്ടതാണ്. കണ്ടെത്തുന്ന പക്ഷം രോഗതീരുമാനം എളുപ്പമാവുകയും ചികിത്സ പെട്ടെന്ന് ആരംഭിക്കാൻ കഴിയുകയും ചെയ്യും. എന്നാൽ ഈ പാടുകൾ കണ്ടില്ല എന്നതു കൊണ്ട് ചെള്ളുപനി അല്ല എന്നു പറയാൻ സാധിക്കില്ല.

എലിപ്പനി പോലെ ശരീരത്തിലെ ഒട്ടു മിക്കവാറും അവയവങ്ങളെ തകരാറിലാക്കാൻ ചെള്ളുപനിക്ക് കഴിയും. ഇതിൽ ഏറ്റവും സാധാരണം കരൾ, ശ്വാസകോശം, വൃക്ക, ഹൃദയം, മസ്‌തിഷ്കം എന്നിവയുടെ തകരാറുകളാണ്. കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ മരണ സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ചും പ്രായം കൂടുതൽ ഉള്ളവരിൽ.രോഗം സ്ഥിരീകരിക്കാൻ ആന്റിബോഡി ടെസ്റ്റ്‌ ആണു ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്.ഡോക്സിസൈക്ലിൻ ആന്റിബയോട്ടിക്‌ ആണ് ചികിത്സ.കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ചെള്ളു പനി കാരണം കുറച്ചു ജീവനുകൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടായിരിക്കുക, നേരത്തെ തിരിച്ചറിയുക, ചികിത്സ നേരത്തെ ആരംഭിക്കുക തുടങ്ങിയവ ഒരു പരിധി വരെ ചെള്ളു പനി കാരണമുള്ള അപകടങ്ങൾ കുറയ്ക്കും.

പ്രതിരോധ മാര്‍ഗങ്ങള്‍ പുൽമേട്ടിലും വനപ്രദേശങ്ങളിലും പോകുമ്പോൾ കൈകാലുകള്‍ മറയുന്ന വസ്ത്രങ്ങളും കഴിയുമെങ്കിൽ കൈയ്യുറയും കാലുറയും ധരിക്കണം.തിരിച്ചെത്തിയ ശേഷം കുളിക്കുകയും അതാത് ദിവസത്തെ വസ്ത്രങ്ങൾ കഴുകി ഉണക്കുകയും ചെയ്യുക.ഇത്തരം സാഹചര്യങ്ങളിൽ ജോലിക്കു പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കുക. അങ്ങനെ ഉപയോഗിക്കുമ്പോൾ അതിൽ പട്ടിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ള ചെള്ളുകൾക്ക് കടിക്കാൻ ഉള്ള അവസരം കൂടുന്നു.എലികൾ വളരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.പരിസരം കാടു കയറാതെ വൃത്തിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം അരുത്.സ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ ഉണക്കാനായി വിരിയ്ക്കുന്ന ശീലം ഒഴിവാക്കുക.ഒരു ചെറിയ ശ്രദ്ധമതി നമ്മുക്ക് ഇതിനെ തുരത്താൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ
കടപ്പാട് -ഷമീർ വി. കെ ഇൻഫോ ക്ലിനിക്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these