പോളിത്തീൻ കവറിലുള്ള കൂൺകൃഷി രീതിയാണ് കേരളത്തിലൊട്ടാകെ പ്രചാരത്തിലുള്ളത്. എന്നാൽ ഈ കവറുകളുടെ ലഭ്യതക്കുറവ് വീടുകളിൽ ചെറിയതോതിൽ കൂൺകൃഷി ചെയ്യുന്നതിൽ നിന്നും ജനങ്ങളെ വിമുഖരാക്കുന്നു. കൂടാതെ കവറുകൾ തുടർന്ന് ഉപയോഗപ്രദമാക്കാൻ സാധിക്കാതെ പരിസര മലിനീകരണത്തിലേക്കും വഴിതുറക്കുന്നു. ഈ സാഹചര്യത്തിൽ ചില വേറിട്ട കൂൺകൃഷിരീതികൾ ചുവടെ ചേർക്കുന്നു.
കടകളിൽ നിന്നു മധുരപാനീയങ്ങളും ദാഹജലവും വാങ്ങുമ്പോൾ ഒപ്പം ധാരാളം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് ലഭിക്കുന്നു. ഉപയോഗശേഷം ഇവയെ വലിച്ചെറിയുന്നത് പരിസരമലിനീകരണത്തിന് കാരണമായിത്തീരുന്നു. ഇങ്ങനെയുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ കൂൺകൃഷിക്കായി ഉപയോഗിക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ വിവിധയിനം കൂണുകൾ കൃഷിചെയ്തെടുക്കാമെങ്കിലും ഉത്പാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നത് ചിപ്പിക്കൂണുകളാണ്. അവയിൽത്തന്നെ പിങ്ക് ചിപ്പിക്കൂണിനെയാണ് (Pleurotus eous) കുപ്പികളിൽ ഏറ്റവും എളുപ്പം വളർത്താൻ സാധിക്കുന്നത്.
കൂൺകൃഷിക്കായി 2 ലിറ്റർ അളവിലുള്ള ഒഴിഞ്ഞ കുപ്പികൾ തിരഞ്ഞെടുക്കുക. പുറമേ ഒട്ടിച്ചിരിക്കുന്ന കവർ നീക്കം ചെയ്ത് കുപ്പി സോപ്പുപയോഗിച്ചും ചൂടുവെള്ളത്തിലും വൃത്തിയായി കഴുകി ഉണക്കിയെടുക്കണം. കുപ്പിയുടെ പുറത്ത് നല്ല വൃത്തിയുള്ള ഒരു സൂചികൊണ്ട് അങ്ങിങ്ങായി അനേകം സുഷിരങ്ങളിടുക. വായുസഞ്ചാരം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈവിധം ചെയ്യുന്നത്. തുടർന്ന് കുപ്പികൾ കുറുകെ രണ്ടായി മുറിച്ച് സൂക്ഷിക്കുക, കൃഷിക്കായി ഉപയോഗിക്കുന്നതിനു തൊട്ടുമുൻപ് ഡെറ്റോളിൽ മുക്കിയ പഞ്ഞികൊണ്ട് കുപ്പിയാകെ തുടച്ചു വൃത്തിയാക്കിയെടുക്കുക.
മാധ്യമമായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്നത് വയ്ക്കോലാണ്. രണ്ടു ലിറ്റർ അളവുള്ള ഒരു കുപ്പിയിൽ കൂൺ ഉത്പ്പാദിപ്പിക്കുന്നതിനായി അരക്കിലോ വയ്ക്കോൽ മതിയാകും. ഇവ അണുനശീകരണം ചെയ്തശേഷം മാത്രമേ കൃഷിക്കായി ഉപയോഗിക്കാൻ പാടുള്ളൂ. വീടുകളിൽ കൃഷിചെയ്യുമ്പോൾ തിളപ്പിച്ച് അണുനശീകരണം ചെയ്യുന്നതാണ് എളുപ്പവഴി. കൃഷിചെയ്യുന്നതിന്റെ തലേദിവസം രാത്രി വയ്ക്കോൽ വെള്ളത്തിൽ മുക്കി വയ്ക്കുക. പിറ്റേദിവസം രാവിലെ വെള്ളം വാർത്തുകളഞ്ഞശേഷം വീണ്ടും വെള്ളം നിറച്ച് അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ തിളപ്പിക്കുക. അതിനുശേഷം വയ്ക്കോൽ വെള്ളം വാർത്തെടുത്ത് നന്നായി കുടഞ്ഞ് സൂര്യപ്രകാശമേൽക്കുംവിധം നല്ല വൃത്തിയുള്ളോരു ഷീറ്റിൽ പരത്തിയിടുക. വയ്ക്കോലിലെ ഈർപ്പം കൂൺകൃഷിക്ക് പാകമാകുന്നത് വയ്ക്കോൽ കയ്യിലെടുത്തു പിഴിഞ്ഞു നോക്കുമ്പോൾ വെള്ളം ഒട്ടും തന്നെ ഇറ്റിറ്റുവീഴാതെ കയ്യിൽ നേരിയ നനവുമാത്രം ബാക്കിവെയ്ക്കുമ്പോഴാണ്.
കൃഷി ചെയ്യാൻ സമയത്ത് കൂൺ വിത്ത് (സ്പോൺ) നല്ല വൃത്തിയുള്ളാരു പാത്രത്തിൽ പൊട്ടിച്ചിടുക. വിത്ത് വിരലുകൾക്കിടയിൽവെച്ചു ഞെരടാതെ സാവകാശം പൊഴിച്ചെടുക്കുക. കുപ്പിയുടെ കീഴ്ഭാഗത്ത് പാകത്തിന് ഉണങ്ങിയ വയ്ക്കോൽ 10 സെന്റീമീറ്റർ കനത്തിൽ നന്നായി അമർത്തിവയ്ക്കുക. തുടർന്ന് ഒരു കൈപ്പിടി നിറയെ കൂൺവിത്തെടുത്ത് കുപ്പിയുടെ അരികുവശം ചേർത്ത് ഇട്ടുകൊടുക്കുക. ഇവ്വിധം കുപ്പിയുടെ മറുപകുതിയിലും ചെയ്യുക. ഇരുപകുതികളിൽ നിറഞ്ഞു കഴിയുമ്പോൾ അവ സശ്രദ്ധം മുറിച്ച് വശങ്ങൾ ചേർന്നു വരുന്ന രീതിയിൽ അടുപ്പിച്ചുവച്ച് സെല്ലോടേപ് കൊണ്ട് പുറമേ നിന്ന് ഒട്ടിക്കുക. കുപ്പിയുടെ അടപ്പു തുറന്ന് അവിടെയും അൽപം കൂൺവിത്തിട്ടുകൊടുക്കാവുന്നതാണ്. ഇതോടെ കൂൺതടം കുപ്പികളിൽ തയ്യാറായിക്കഴിഞ്ഞു.