പാഷൻഫ്രൂട്ടിൽ കായ പിടിക്കുന്നില്ലേ!! ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കുക

പാഷൻഫ്രൂട്ട് എന്ന ബ്രസീലിയൻ പഴം ഇന്ന് നമ്മുടെ പഴക്കൂടകളിലെ റാണിക്കൊപ്പമെത്തിയിരിക്കുന്നു. ഉയർന്ന പോഷകമൂല്യം, മനം കവരുന്ന മണം, കുറഞ്ഞ പരിപാലനച്ചെലവ്, പ്രായഭേദമെന്യേ ചെയ്യാവുന്ന കൃഷിപ്പണികൾ, വിപണിയിലെ സ്വീകാര്യത ഇവയൊക്കെയാണ് പാഷൻഫ്രൂട്ടിനെ പ്രിയതരമാക്കുന്നത്. ഇന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഈ പഴവള്ളിച്ചെടി സാധാരണയാണ്. മിസോറാം, നാഗാലാൻഡ്, മണിപ്പുർ, ഹിമാചൽപ്രദേശ്, കൂർഗ്, നീലഗിരി തുടങ്ങി നമ്മുടെ വയനാടൻ മലനിരകളിൽ വരെ പാഷൻഫ്രൂട്ടിനെ കാണാനാകും. പാഷൻഫ്രൂട്ട് സത്ത് സോഡിയം, മഗ്നീഷ്യം, സൾഫർ, ക്ലോറൈഡ് തുടങ്ങിയവയുടെ അമൂല്യ കലവറയാണ്. ഇത് ഈ പഴവള്ളിച്ചെടിയുടെ സ്വീകാര്യത ഊട്ടിയുറപ്പിക്കുന്നു.

കേരളം സ്വതവേ പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ്. ഫലഭൂയിഷ്ടവും ആവശ്യത്തിന് ഈർപ്പവും നീർവാഴ്ചയുമുള്ള ഏതു മണ്ണും ഈ പഴച്ചെടി ഇഷ്ടപ്പെടും. മഞ്ഞ, പർപ്പിൾ എന്നീ നിറങ്ങളിലുള്ളതും ഇവയുടെ സങ്കരയിനമായ കാവേരിയുമാണ് കൃഷി ചെയ്യുന്നതിന് സാധാരണയായി ഉപയോഗിക്കാറ്.

താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ കൃഷിചെയ്യുന്നതിന് പർപ്പിൾ ഇനമാണ് യോജിച്ചത്. വലിപ്പത്തിൽ പിന്നിലെങ്കിലും മണത്തിലും ഗുണത്തിലും മുന്നിലാണ് പർപ്പിൾ പഴങ്ങൾ. ഇവയുടെ വിത്തുകൾക്ക് കറുപ്പാണ് നിറം. ഈയിനത്തിന് രോഗ-കീടബാധകൾ മറ്റിനങ്ങളെ അപേക്ഷിച്ച് ഇത്തിരി കൂടുതലാണെന്ന് പറയപ്പെടുന്നു. താഴ്ന്ന പ്രദേശത്തേക്ക് യോജിച്ചത് മഞ്ഞനിറമുള്ള ഇനമാണ്. പുളിരസം കുറച്ചു കൂടുതലുണ്ടിവയ്ക്ക്. വിത്തുകൾക്ക് ബ്രൌൺ നിറമാണ്. മൂപ്പെത്തിയ കായൊന്നിന് ശരാശരി 60 ഗ്രാം തൂക്കമുണ്ടാകും. രോഗ – കീടബാധ താരതമ്യേന കുറവാണ്.

അനുകൂല പരിതസ്ഥിതിയിൽ നല്ല കായിക വളർച്ച കാണിക്കുന്ന പാഷൻഫ്രൂട്ട് ചെടിക്ക് ഉറപ്പുള്ള പന്തൽ ഉണ്ടാകേണ്ടതുണ്ട്. സൂര്യപ്രകാശം കൂടുതലുള്ള ഭാഗത്തേക്ക് വളരുന്നതിന് ചെടികൾ താത്പര്യം പ്രകടിപ്പിക്കുമെന്നതിനാൽ അത് പരിഗണിച്ച് നടീലും പന്തലും ക്രമീകരിക്കുന്നത് നന്നാവും. പ്രധാന പന്തലിന്റെ വശങ്ങളിൽ മുകളിലേക്ക് ഉറപ്പുള്ള വല വലിച്ചു കെട്ടിയാൽ ഇതിലേക്ക് വള്ളികൾ ആർത്തുകയറുകയും നല്ല കായ്ഫലം നൽകുകയും ചെയ്യും.

കാലിവളവും മണ്ണിരക്കമ്പോസ്റ്റും പിണ്ണാക്കുകളും വളമായി നൽകുകയാണ് പതിവു രീതി. മേമ്പൊടിക്ക് അൽപ്പം രാസവളം നൽകുന്നത് മികച്ച ഫലം നൽകും. ജൈവവളക്കൂട്ട് മിശ്രിതം എല്ലാ വർഷവും 15-20 കിലോ പലതവണകളായി നൽകുന്നതാണ് നല്ലത്. വേപ്പിൻപിണ്ണാക്ക് കുറഞ്ഞ അളവിൽ ചുവട്ടിൽ നൽകുന്നത് നിമാ വിരകളെ അകറ്റുന്നതിന് പര്യാപ്തമാക്കും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these