എട്ടു വർഷം മുമ്പ് ജെസീലയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ കെട്ടിട നിർമാണമേഖലയിലെ ജോലിക്കാരനായിരുന്നു കോഴിക്കോടിനടുത്ത് കുണ്ടായിത്തോട് ബൈത്തുൽഖാൻസ് വീട്ടിൽ ഫിറോസ്ഖാൻ. അന്ന് അലങ്കാരപ്പൂച്ചവളർത്തലാണ് ജോലിയെന്നു പറഞ്ഞിരുന്നെങ്കിൽ പെണ്ണു കിട്ടില്ലായിരുന്നെന്ന് ചിരിയോടെ ഫിറോസ്ഖാൻ പറയുന്നു. എന്നാൽ ഇന്ന് ജെസീലയുടെ വീട്ടിൽ പെണ്ണാലോചിച്ച് ഒരു പെറ്റ് സംരംഭകൻ എത്തിയാൽ വീട്ടുകാർ ധൈര്യമായി കെട്ടിച്ചുകൊടുക്കുമെന്ന് ഫിറോസ്ഖാന് ഉറപ്പുണ്ട്. കാരണം പൂച്ച, പക്ഷി വളർത്തൽ മാത്രം വരുമാനമാർഗമാക്കി ഫിറോസ്ഖാനും ജെസീലയും മക്കളും അവരുടെ കൂട്ടുകുടുംബവും അന്തസ്സായി ജീവിക്കുന്നത് അവർ കാണുന്നുണ്ട്. പെറ്റ് സംരംഭകനോട് സമൂഹത്തിനുണ്ടായിരുന്ന സമീപനം മാറിയെന്നു മാത്രമല്ല, മികച്ച വരുമാനമാർഗമാണിതെന്നു ബോധ്യംവരികയും ചെയ്തിരിക്കുന്നു.
ഫിറോസ്ഖാനു പണ്ടേയുണ്ട് പക്ഷി–പൂച്ച പ്രേമം. പേർഷ്യൻ പൂച്ചക്കുഞ്ഞുങ്ങളെ വിറ്റും ബ്രീഡിങ്ങിലൂടെയുമെല്ലാം മോശമല്ലാത്ത വരുമാനവും വന്നിരുന്നു. എങ്കിലും എന്താണു ജോലിയെന്ന് ആരെങ്കിലും ചോദിച്ചാൽ അവർക്കു ബോധ്യപ്പെടുന്ന ഒരു മറുപടി വേണമല്ലോ. അതുകൊണ്ട് നിർമാണമേഖലയിൽതന്നെ തുടർന്നു.
ആറു വർഷം മുമ്പ് ആ രംഗം വിടുമ്പോൾ 1000 രൂപ ദിവസക്കൂലിയുണ്ടായിരുന്നു. മാസം ചുരുങ്ങിയത് 25,000 രൂപ വരുമാനം. എന്നാൽ അതിലേറെ പ്രതിഫലം തന്റെ അരുമപ്പൂച്ചകളും പക്ഷികളും സ്ഥിരമായി മാസംതോറും നൽകുന്നുവെന്ന് കണ്ടതോടെ ഇനിയങ്ങോട്ട് ഇതുതന്നെ ജീവിതമാർഗം എന്നു നിശ്ചയിച്ചു. തീരുമാനം തെറ്റിയില്ല, ദരിദ്രമായ ജീവിതസാഹചര്യങ്ങളിൽനിന്ന് വളർന്നുവന്ന ഫിറോസ്ഖാന്‍ ഇന്ന് മൂന്നു സെന്റ് സ്ഥലവും നല്ലൊരു വീടും സ്വന്തമാക്കിയത് ഈ സംരംഭത്തിലൂടെയാണ്. ഈ വീടിന്റെ ടെറസ്സിലാണ് അരുമകളും പാർക്കുന്നത്.
പൂച്ചകൾ സ്വാർഥരാണെന്ന് നായ്സ്നേഹികൾ വിമർശിക്കാറുണ്ട്. നായ യജമാനനോട് ഭക്തിയുള്ള ജന്തുവാണെങ്കിൽ യജമാനൻ തങ്ങളെ മാനിക്കണം എന്ന മട്ടും ഭാവവുമാണ് പൂച്ചകൾക്ക്. പൗരാണിക മനുഷ്യർ പൂച്ചയെ ദൈവമായി ആരാധിച്ചിരുന്നെന്നും പൂച്ച ഇപ്പോഴും ആ ഓർമയുടെ ഹാങ്ങോവറിലാണെന്നും തമാശപോലുമുണ്ട്. അകത്തളജീവിതം ഇഷ്ടപ്പെടുന്ന പേർഷ്യൻ പൂച്ചകൾ അൽപം ഗമ കൂടിയ ജന്തുതന്നെയെന്നു ഫിറോസ്ഖാനും സമ്മതിക്കുന്നു. പ്രഭുക്കളുടെ അരുമകളായിരുന്ന ഈയിനം മധ്യേഷ്യയിൽ അറിയപ്പെട്ടിരുന്നത് ഇറാനിയൻ പൂച്ചകളെന്നാണ്. പിന്നീട് ഈ നീളൻ രോമക്കാർ യൂറോപ്പിനും അരുമകളായി. ലോകമെമ്പാടുമുള്ള പൂച്ച ജനുസ്സുകളിൽ ഏറ്റവും ഡിമാൻഡുള്ളതും പേർഷ്യൻ ഇനങ്ങൾക്കുതന്നെ. 25,000നും 35,000നും ഇടയിൽ വരും ഓരോന്നിന്റെയും വില.