ജൈവവളം ഇനിവീട്ടിൽ തന്നെ ഉണ്ടാക്കാംവിളവ് 100 മേനി

ഓരോ വീട്ടിലും ലഭിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും വളരെ ചെലവു കുറഞ്ഞ വിധത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ദ്രവ ജൈവവളം ഉണ്ടാക്കി എടുക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണു്. . ഗാർഹിക ജൈവമാലിന്യങ്ങൾ എന്നു പറയുമ്പോൾ അത് വിവിധ തരം മാലിന്യങ്ങളുടെ ഒരു മിശ്രിതം തന്നെയാണല്ലോ? ഇവയിൽ വേഗത്തിൽ ജീർണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, വിവിധ തരം പഴങ്ങളുടെ അവശിഷ്ടം എന്നിവയും മൽസ്യ മാംസാദികൾ കഴുകുന്ന വെള്ളം, കഞ്ഞി വെള്ളം, ധാന്യങ്ങൾ കഴുകുന്ന വെള്ളം എന്നിവയും ദ്രവ ജൈവവള നിർമ്മാണത്തിനായി ഉപയോഗിക്കാം.

ജൈവ മാലിന്യങ്ങൾ അന്തരീക്ഷവായു ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽആയിരിക്കുമ്പോൾ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സൂഷ്മാണു ജീവികൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രവർത്തന ഫലമായാണ് അവ ജൈവവളമായി മാറുന്നത്. ഇതിനായി അന്തരീക്ഷവായുവിന്റെ അഭാവത്തിൽ മാത്രം പ്രവർത്തിക്കുന്ന ഇത്തരം സൂഷ്മാണു ജീവികളെ പ്രാരംഭമായി വളർത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യന് യാതൊരു വിധത്തിലും ഹാനികരമല്ലാത്ത ഇവ ഒരു പ്രാവശ്യം പ്രവർത്തനമാരംഭിച്ചാൽ തുടർ ചെലവുകൾ ഒന്നും തന്നെ ഇല്ലാതെ ദീർഘകാലം പ്രവർത്തനക്ഷമമായിരിക്കും.

ദ്രവ ജൈവവള നിർമ്മാണത്തിന് വായു കടക്കാത്ത ഒരു ചേമ്പർ അഥവാ സംഭരണി ആവശ്യമാണ് . വായു കടക്കാത്ത സാഹചര്യം നിലനിർത്താൻ സംഭരണിക്കുള്ളിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന്നും ദ്രവ ജൈവവളം ശേഖരിക്കുന്നതിനുമുള്ള പൈപ്പുകൾ കൂടി ഈ സംഭരണിയിൽ ഘടിപ്പിച്ചാൽ മതി. ജൈവ മാലിന്യങ്ങൾ ദ്രവജൈവവളമായി മാറുന്ന സമയത്ത് അതോടൊപ്പം ഉയർന അളവിൽ ബയോഗ്യാസും ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സംഭരിക്കാനുളള സംവിധാനങ്ങൾ കൂടി സംസ്കരണ സംഭരണിയോടനുബന്ധിച്ച് ഘടിപ്പിച്ചിരുന്നാൽ സംസ്കരണ സമയത്ത് ഉണ്ടാകുന്ന ബയോഗ്യാസ് ശേഖരിച്ച് പാചകത്തിനോ മറ്റ് ഇന്ധന ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയും.

ഓരോ ദിവസവും ലഭിക്കുന്ന ജൈവ മാലിന്യങ്ങളുടെ അളവിന് അനുയോജ്യമായ വലുപ്പത്തിലുള്ള സംസ്കരണ സംഭരണിയാണ് തെരഞ്ഞെടുക്കേണ്ടത്. അഞ്ച് അംഗങ്ങൾ വരെയുള്ള ഒരു കുടുംബത്തിന് ആയിരം ലിറ്റർ വലുപ്പത്തിലുള്ള സംഭരണിയാണ് അനുയോജ്യം . മാലിന്യ സംഭരണിയുടെ വലുപ്പം കുറവായിരുന്നാൽ ജൈവമാലിന്യങ്ങൾ പൂർണമായും സംസ്കരിക്കപ്പെടാതെ സംഭരണിയിൽ നിന്നും പുറത്തുവരും. ഇതിന് അമ്ളാംശം ( അസിഡിറ്റി) വളരെ കൂടുതലായിരിക്കുന്നതിനാൽ ഇത് വളമായി ഉപയോഗിച്ചാൽ ചെടികൾ കരിഞ്ഞുപോകുന്നതിനും സാദ്ധ്യതയുണ്ട് . തന്നെയുമല്ല ഈ ദ്രാവകത്തിന് വളക്കൂറും നന്നേ കുറവായിരിക്കും. ഇത്തരം സാഹചര്യം ഒഴിവാക്കാൻ മതിയായ വലുപ്പത്തിലുള്ള സംഭരണികൾ വേണം തെരഞ്ഞെടുക്കാൻ

ദ്രവജൈവവള നിർമ്മാണത്തിന് പ്രാരംഭമായി സംസ്കരണ സംഭരണിയിൽ സൂക്ഷ്മാണു ജീവികളെ പ്രവർത്തനക്ഷമമാക്കുന്നതിനായി ഏറ്റവും ചെലവു കുറഞ്ഞ മാദ്ധ്യമമാണ് കന്നുകാലി ചാണകം. ഒരാഴ്ചയോളം പഴക്കമുള്ള പശുവിൻ ചാണകം തുല്യ അളവിൽ വെള്ളമുമായി കലർത്തി മിശ്രിതമാക്കി ചവറുകൾ ഉണ്ടെങ്കിൽ അവ നീക്കംചെയ്ത ശേഷം സംഭരണിയുടെ മുക്കാൽ ഭാഗത്തോളം നിറക്കണം . ഇതിനായി സംഭരണിയുടെ വലുപ്പം അനുസരിച്ച് 5 കുട്ടമുതൽ 20 കുട്ടവരെ ചാണകം ആവശ്യമാണ് .

ഇത് പ്രാരംഭ ഘട്ടത്തിൽ ഒരു പ്രാവശ്യം മാത്രം മതിയാകും. ചാണകം കലക്കി നിറച്ചശേഷം വാതക സംഭരണി കൊണ്ട് സംസ്കരണ സംഭരണിയുടെ മുകൾ വശം അടച്ചു വക്കുക. ഇതിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്കരണ സംഭരണിയോടനുബന്ധിച്ചുള്ള വാതക സംഭരണി മുകളിലേക്ക് ഉയർന്നു വരുന്നതായി കാണാം. ഇത് സംസ്കരണ സംഭരണിക്കുള്ളിലെ സൂഷ്മാണു ജീവികളുടെ പ്രവർത്തന ഫലമായുണ്ടാകുന്ന ജൈവ വാതകം സoഭരണയിൽ നിറയുന്നതു കൊണ്ടാണ്.

ഈ ജൈവ വാതകം കത്തിച്ച് നോക്കുമ്പോൾ നീല നിറത്തിലുള്ള ജ്വാലയോടു കൂടി കത്തുകയാണെങ്കിൽ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമായെന്നു മനസിലാക്കാം. ഇത്തരത്തിൽ ഉണ്ടാകുന്ന ജൈവ വാതകം മൂന്നു ദിവസം കത്തിച്ചതിനു ശേഷം ജൈവവള നിർമ്മാണത്തിനുള്ള ജൈവ മാലിന്യങ്ങൾ സംസ്കരണ സംഭരണിയിലേക്ക് നിക്ഷേപിച്ചു തുടങ്ങാം. ഓരോ ദിവസവും ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ അതാതു ദിവസം തന്നെ സംസ്കരണിയിലേക്ക് നിക്ഷേപിക്കുന്നതാണ് അഭികാമ്യം. പല ദിവസങ്ങളിൽ ലഭിക്കുന്ന മാലിന്യങ്ങൾ ഒരുമിച്ച് ശേഖരിച്ചോ അടുത്ത വീടുകളിലെ മാലിന്യങ്ങൾ കൂടി ശേഖരിച്ചോ പ്ലാന്റിൽ നിക്ഷേപിച്ചാൽ പ്രവർത്തനം തകരാറിൽ ആകുന്നതായി കണ്ടുവരുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these