വിവാഹ മോചിത യാകുകയോ ഉപേക്ഷിക്ക പ്പെടുകയോ ചെയ്യുന്ന സ്ത്രീക്ക് ജീവിക്കാന്‍ ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന നിയമ വ്യവസ്ഥ സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ടു വന്നതാണ്. സ്ത്രീ-പുരുഷ തുല്യത നിലവില്‍ വരാത്ത സമൂഹത്തില്‍ ഇത്തരം നിയമസംരക്ഷണം ആവശ്യമാണ് എന്നതിനാലാണ് ജീവനാംശ നിയമം നിലവിലുള്ളത്. സാമൂഹ്യ-സാമ്പത്തിക അധികാരം പുരുഷനില്‍ കേന്ദ്രീകരിക്കുന്ന സമൂഹത്തില്‍ ഇത്തരം രക്ഷാനിയമങ്ങള്‍ ഇല്ലെങ്കില്‍ വിവാഹമോചിതയാകുന്ന സ്ത്രീ അഗതിയായി ജീവിക്കേണ്ട അവസ്ഥ വരാം. വിവാഹബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ അനാഥരാകുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കുകയാണ് ജീവനാംശ നിയമവ്യവസ്ഥകള്‍ ചെയ്യുന്നത്.
ഇന്ത്യന്‍ ക്രിമിനല്‍നടപടി നിയമത്തിലെ 125-ാം വകുപ്പാണ് വിവാഹമോചിതയ്ക്ക് ജീവനാംശം ഉറപ്പുവരുത്തുന്ന മുഖ്യ നിയമവ്യവസ്ഥ. ഈ നിയമപ്രകാരം മാതാപിതാക്കള്‍ക്കും അവരെ സംരക്ഷിക്കാത്ത മക്കളില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാം. ഇതിനുപുറമെ ഗാര്‍ഹികപീഡന നിരോധനിയമത്തിലെ ചില വ്യവസ്ഥകളും മറ്റു ചില നിയമവ്യവസ്ഥകളും ജീവനാംശം ലഭിക്കാനായി സ്ത്രീക്ക് പ്രയോജനപ്പെടുത്താനാകും.
സ്വന്തമായി വരുമാനം ഇല്ലാത്തിനാല്‍ സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാത്ത ഭാര്യക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം ലഭ്യമാക്കാന്‍ ക്രിമിനല്‍നടപടി നിയമത്തിലെ 125-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. 1973ല്‍ ഈ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ഭാര്യ എന്നതിന്റെ നിര്‍വചനത്തില്‍വിവാഹമോചിതയെയും ഉള്‍പ്പെടുത്തി. വിവാഹമോചിതയായ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാത്തിടത്തോളം കാലം മുന്‍ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാം. മുന്‍ ഭര്‍ത്താവ് ചെലവിനു കൊടുക്കാതിരുന്നാല്‍ കുടുംബകോടതികളില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇത്തരം അപേക്ഷ പരിഗണിച്ച് പ്രതിമാസം ഒരു നിശ്ചിത തുക കൊടുക്കാന്‍ ഉത്തരവിടാന്‍ കുടുംബകോടതിക്ക് അധികാരമുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ ഇടക്കാല ജീവനാംശം അനുവദിക്കാനും വ്യവസ്ഥയുണ്ട്.
ജീവനാംശ തുകയ്ക്ക് പരമാവധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഭര്‍ത്താവിന്റെ പദവിക്കു ചേര്‍ന്നവിധം ജീവിക്കാന്‍ ആവശ്യമായ തുക ഭാര്യക്കും കുട്ടിക്കും ലഭിക്കണമെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവനാംശം നല്‍കുമ്പോള്‍ വിവാഹംവരെ എന്നാണ് വ്യവസ്ഥ. എന്നാല്‍ വിവാഹംവരെ എന്നാല്‍ അതില്‍ വിവാഹച്ചെലവും വരുമെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.ഭാര്യക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിനാല്‍ സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലും വരുമാനം ഉണ്ടാക്കാന്‍കഴിയുന്ന ആളാണെന്ന ന്യായംപറഞ്ഞ് ജീവനാംശം നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി വിധികളുണ്ട്.