കേൾക്കുമ്പോൾ തലതിരിഞ്ഞ ആശയമെന്നു തോന്നുമെങ്കിലും പല ചെടികളും തലകീഴായി വളർത്താം. നമ്മൾ നട്ടുവളർത്തുന്ന ചെടിയുടെ വേരിന്റെയും തണ്ടിന്റെയും വളർച്ച പലഘട്ടങ്ങളെ ആശ്രയിച്ചാണ്. ഭൂമിയുടെ ഗുരുത്വാകർഷണദിശയിലേക്ക് അതായത്, മണ്ണിൽ കുത്തനെ താഴേക്കാണ് വേരുകൾ വളരുക. താഴേക്ക് വളർന്നിറങ്ങുന്ന വേരുകൾ മണ്ണിലെ ജലാംശത്തിന്റെ ലഭ്യതയനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും ഗുരുത്വാകർഷണത്തിൽനിന്നു വഴിമാറിയും വളരാറുണ്ട്. തുള്ളിനന നൽകുന്ന ചെടിയുടെ വേരുകൾ കൂടുതലായി മണ്ണിനു തൊട്ടുതാഴെയായി പടർന്നുകിടക്കുന്നതും മരത്തിന്റെ വേരുകൾ അടുത്തുള്ള ജലസ്രോതസിലേക്കു വളരുന്നതും ഈ സവിശേഷതകൊണ്ടാണ്.
ചെടിയുടെ തണ്ടുകൾ ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എതിർദിശയിലേക്ക് അഥവാ മുകളിലേക്ക് നിവർന്നുനിന്നാണ് സാധാരണ വളരുക. എന്നാൽ വളരാൻ നേരിട്ടു സൂര്യപ്രകാശം ആവശ്യമായ ചെടികൾ സൂര്യപ്രകാശം വേണ്ടത്ര ലഭ്യമല്ലാത്ത ഇടങ്ങളിൽ കൂടുതൽ വെളിച്ചം കിട്ടുന്നിടത്തേക്ക് ചാഞ്ഞുവളരുന്നതായി കാണാം. അങ്ങനെയെങ്കിൽ ചെടി തലകീഴായി വളർത്തിയാൽ എന്തു സംഭവിക്കും?
ചട്ടിയിൽ നട്ട ചെടി തലകീഴായ തൂക്കിയിടുമ്പോൾ ചട്ടിയുടെ മുകളിൽനിന്നാണ് നനയ്ക്കുന്നത്. വേരുകൾ ചട്ടിയുടെ താഴെഭാഗത്തായിരിക്കും വളർന്നുവരിക. മുകളിൽനിന്നു നനജലം മിശ്രിതത്തിലൂടെ ഊർന്നിറങ്ങി വേരുകൾക്ക് ലഭ്യമാകും. വേരുകളാകട്ടെ, ഗുരുത്വാകർഷണ ദിശയിലേക്ക് അതായത് താഴേക്ക് വളരാതെ വെള്ളം ലഭിക്കുന്ന മുകളിലേക്ക് പടർന്നു വളർന്നുവരും.
എന്നാൽ തണ്ടുകളുടെ വളർച്ചാരീതി ചെടിയുടെ സ്വഭാവമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുമായിരിക്കും. കരുത്തുറ്റ തണ്ടുകളുള്ളവയടക്കം എല്ലാത്തരം ചെടിയുടെയും അഗ്രഭാഗം വശങ്ങളിലേക്കു വളയുന്നത് പ്രത്യേകതയാണ്. തണ്ടിന് അധികം നീളം വയ്ക്കാതെ ശാഖകൾ കൂടുതലായി ഉണ്ടായിവരും. ഒരുവശത്തുനിന്നുമാത്രം സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയിൽ തണ്ടുകൾ ആ ഭാഗത്തേക്ക് അധികമായി ചാഞ്ഞു വളരും.
നിവർന്നു വളർന്നിരുന്ന ചെടി തലകീഴായി തൂക്കിയിടുമ്പോൾ ആദ്യഘട്ടത്തിൽ വളർച്ച സാവധാനത്തിലായിരിക്കും. പൂച്ചെടിയാണെങ്കിൽ പൂവിടുന്നത് കുറയും. സാഹചര്യവുമായി ഇണങ്ങിക്കഴിയുമ്പോൾ എല്ലാം സാധാരണ നിലയിലാകും. വൃക്ഷത്തൈ ഉൾപ്പെടെ ഏതുതരം ചെടിയും തലകീഴായി വളർത്തി പരീക്ഷിക്കാം.
ഇത്തരം രീതിയിൽ പരിപാലിക്കുമ്പോൾ കൗതുകമുണർത്തുന്ന പല സവിശേഷതകളും ചെടികളിൽ കാണാം. സ്ട്രോബെറി, ടുമാറ്റോ, മുളക്, വഴുതന തുടങ്ങിയ പഴം-പച്ചക്കറിച്ചെടികളും വള്ളിയിനം അലങ്കാരച്ചെടികളും ഉൾപ്പെടെ പല ചെടികളും തലകീഴായി വളർത്താം. തൂക്കുചട്ടികളിൽ ചെടി വളർത്തുന്നതുപോലെ തൂക്കുചട്ടി തലകീഴായിട്ടിട്ട് ചെടി പരിമിതമായ സൗകര്യത്തിൽ വളർത്താമെന്ന മെച്ചമുണ്ട്. തലകീഴായി വളർത്തുന്ന ചെടി ആവശ്യത്തിനനുസരിച്ചുമാത്രം നനയ്ക്കുക. നേരിട്ട് സൂര്യപ്രകാശം ആവശ്യമുള്ളവ അത്തരം അന്തരീക്ഷത്തിൽ തന്നെ പരിപാലിക്കാൻ ശ്രദ്ധിക്കണം.