ഗ്രീന്‍ഹൗസുകളുടെ സ്ട്രക്ചറുകള്‍ ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഗ്രീന്‍ ഹൗസ് സ്ട്രക്ചറുകള്‍ പലതരത്തില്‍ ഉണ്ടെങ്കിലും ജി.ഐ. പൈപ്പുകളാണ് ഏറ്റവും അനുയോജ്യം. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ എന്ന നിലയില്‍ മുള, കവുങ്ങ്, കാറ്റാടിക്കഴകള്‍ തുടങ്ങിയവ കൊണ്ട് ഫ്രയിം നിര്‍മ്മിച്ച് അതിന് മുകളില്‍ പോളിഫിലിം ഉറപ്പിക്കുന്ന സമ്പ്രദായം പലരും ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ഇത് നഷ്ടത്തിലേ കലാശിക്കൂ.
നല്ല ഗുണനിലവാരമുള്ള യു.വി. ഷീറ്റുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ സ്‌ക്വയര്‍ ഫീറ്റിന് 47 രൂപയില്‍ അധികം വിലയുണ്ട്. ഫ്രയിമുകള്‍/സ്ട്രക്ചറുകള്‍ വേണ്ടത്ര ബലമില്ലാത്തതും, ഗുണമില്ലാത്തതും, നിരപ്പില്ലാത്തതും കൂര്‍ത്ത പ്രതലമുള്ളതും ആകയാല്‍ വിലകൂടിയ പോളിഫിലിമുകള്‍ കേടുപാട് സംഭവിച്ച് കാറ്റിന്റെ ശക്തി താങ്ങാനാവാതെയും ഗ്രീന്‍ ഹൗസ് അപ്പാടെ നിലംപതിക്കുകയും ചെയ്യും. അല്പലാഭം പെരും ചേതം എന്ന പഴമൊഴി ഇക്കാര്യത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
വാണിജ്യകൃഷി മാത്രമേ പോളിഹൗസുകളില്‍ ചെയ്യാന്‍ കഴിയൂ എന്ന് ധരിക്കരുത്. വീട്ടാവശ്യത്തിന് വിഷമുക്തമായ കായ്കറികള്‍ക്ക് ചെറു പോളിഹൗസുകള്‍ വീട്ടുമുറ്റത്തോ ഭൂമിയില്ലാത്തവര്‍ക്ക് ടെറസ്സിലോ നിര്‍മ്മിച്ച് കൃഷി ചെയ്യാന്‍ കഴിയും. ഒരു കുടുംബത്തിന് പ്രത്യേകം തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ കൃഷി നടത്താം. ഒരു കുടുംബത്തിന് വര്‍ഷം മുഴുവന്‍ ആവശ്യമായ പച്ചക്കറി ലഭിക്കുവാന്‍ 50 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ചെറു ഗ്രീന്‍ഹൗസ് മതിയാകും. ഇക്കാര്യത്തിലും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി മാതൃകയാകുന്നു. വീട്ടുമുറ്റത്തൊരുക്കിയ ചെറു പോളിഹൗസുകളില്‍ വീട്ടമ്മമാര്‍ പരിപാലിച്ച് വിളവുണ്ടാക്കുന്നു.
ഏതു വിളയും ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യാം. എങ്കിലും തുറസ്സായ സ്ഥലത്ത് മതിയായ ഉത്പാദനക്ഷമതയുള്ള വിളകള്‍ ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യണമെന്നില്ല. ഗ്രീന്‍ഹൗസുകളിലെ ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതായതിനാല്‍ തറ വിസ്തീര്‍ണ്ണത്തിന് പുറമെ മുകളിലേക്കുള്ള നാല് മീറ്റര്‍ ഉയരമുള്ള സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്ന പടര്‍ന്നു കയറുന്ന പ്രത്യേക ഗ്രീന്‍ ഹൗസ് ഇനങ്ങള്‍ കൃഷി ചെയ്യാന്‍ ശ്രദ്ധിക്കുക.