വീട് വെക്കാം.മുഴുവൻ സാധനങ്ങളും ഏകദേശം പകുതി വിലയിൽ വാങ്ങാം.

സക്രിയ/നിഷ്‌ക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന വിദ്യുത്‌പരിപഥങ്ങളുടെ രൂപകല്‌പനയെയും പ്രയുക്ത വൈദ്യുത കാന്തികബലങ്ങളുടെ സ്വാധീനത്താൽ ഇലക്‌ട്രാണുകള്‍ക്കുണ്ടാകുന്ന ചലനത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രസാങ്കേതികശാഖ. ഇലക്‌ട്രാണ്‍, മെക്കാനിക്‌സ്‌ എന്നീ പദങ്ങളിൽനിന്നാണ്‌ ഇലക്‌ട്രാണിക്‌സ്‌ എന്ന പദം ഉണ്ടായത്‌. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ്‌ റേഡിയോ എന്‍ജിനീയേഴ്‌സിന്റെ നിർവചനമനുസരിച്ച്‌ ഇലക്‌ട്രാണികോപകരണങ്ങളെയും അവയുടെ പ്രയോഗങ്ങളെയും കുറിച്ചുള്ള ശാസ്‌ത്രത്തിനും സാങ്കേതികവിദ്യയ്‌ക്കും പൊതുവെയുള്ള പേരാണ്‌ ഇലക്‌ട്രാണികം. നിർവാതാവസ്ഥ (vacuum), താഴ്‌ന്ന മർദത്തിലുള്ള വാതകം, അർധചാലകങ്ങള്‍ എന്നിവയിൽക്കൂടിയുള്ള ഇലക്‌ട്രാണ്‍പ്രവാഹത്തെ നിയന്ത്രിക്കുന്ന ഉപകരണമാണ്‌ ഇലക്‌ട്രാണികോപകരണം.

ഏറെക്കാലം വൈദ്യുത സാങ്കേതികവിദ്യയുടെ ഭാഗമായാണ്‌ ഇതിനെ കരുതിയിരുന്നത്‌. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെ അഭൂതപൂർവമായ വളർച്ചമൂലം ഇലക്‌ട്രാണികത്തിന്‌ സാങ്കേതികമേഖലയിൽ തനതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. ആധുനിക വാർത്താവിനിമയം, ഗതാഗതം, വ്യവസായം, രാജ്യരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം വിപ്ലവാത്മകമായ പരിവർത്തനമാണ്‌ ഇലക്‌ട്രാണികം പ്രദാനം ചെയ്‌തത്‌. ആധുനികമനുഷ്യന്റെ സാങ്കേതിക സംസ്‌കാരത്തിന്റെ ഉറവിടവും ജീവനാഡിയും ഇലക്‌ട്രാണികമാണെന്ന്‌ ചുരുക്കിപ്പറയാം. 18-ാം ശതകത്തിൽ മനുഷ്യന്റെ മാംസപേശികള്‍ക്ക്‌ വിമോചനം നല്‌കാന്‍ ആവിയന്ത്രത്തിന്‌ കഴിഞ്ഞെങ്കിൽ (വ്യാവസായിക വിപ്ലവം), ആധുനിക ഇലക്‌ട്രാണിക യുഗത്തിൽ കംപ്യൂട്ടർ മസ്‌തിഷ്‌കവും റോബോട്ടുകളും മറ്റൊരു വ്യാവസായിക വിപ്ലവത്തിന്‌ തുടക്കമിട്ടുകഴിഞ്ഞു.

പദാർഥങ്ങളിലെ ഇലക്‌ട്രാണുകളുടെ ചലനമാണ്‌ ഇലക്‌ട്രാണികത്തിന്റെ അടിസ്ഥാനം. വൈദ്യുത/കാന്തികബലങ്ങള്‍ പ്രയോഗിക്കുക വഴി ഇലക്‌ട്രാണുകളുടെ ചലനത്തെ പ്രയോജനകരമായ രീതിയിലേക്ക്‌ മാറ്റുകയാണ്‌ ഇലക്‌ട്രാണിക ഉപകരണങ്ങള്‍ ചെയ്യുന്നത്‌. ബാറ്ററിപോലുള്ള വൈദ്യുത സ്രാതസ്സുകളിൽ സൃഷ്‌ടിക്കപ്പെടുന്ന വൈദ്യുതമർദത്തെ വോള്‍ട്ടത (voltage) എന്നുവിളിക്കുന്നു. ഇലക്‌ട്രാണുകളുടെ പ്രവാഹത്തെയാണ്‌ വൈദ്യുതധാര (current)എന്നു വിളിക്കുന്നത്‌. ഒരു സെക്കന്‍ഡിൽ പ്രവഹിക്കുന്ന ഇലക്‌ട്രാണുകളുടെ എച്ചമാണ്‌ വൈദ്യുതിയുടെ തീവ്രത നിശ്ചയിക്കുന്നത്‌.

വൈദ്യുതി കടത്തിവിടാനുള്ള കഴിവിനെ അടിസ്ഥാനമാക്കി പദാർഥങ്ങളെ ചാലകങ്ങള്‍, അർധചാലകങ്ങള്‍, അചാലകങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വൈദ്യുതിയെ കടത്തിവിടുന്നവയാണ്‌ ചാലകങ്ങള്‍. അചാലകങ്ങള്‍ വൈദ്യുതിപ്രവാഹത്തെ തടയുന്നവയാണ്‌. എന്നാൽ വൈദ്യുതിയെ ഭാഗികമായി കടത്തിവിടുന്നവയാണ്‌ അർധചാലക പദാർഥങ്ങള്‍. ഇലക്‌ട്രാണുകളുടെ ചലനത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കണമെങ്കിൽ മൂലകങ്ങളിലെ അണുഘടനയെപ്പറ്റി അറിഞ്ഞിരിക്കണം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these