വിശ്രമജീവിതത്തില്‍ വ്യായമത്തിനെന്തു പ്രാധാന്യം എന്നു ചിന്തിക്കാന്‍ വരട്ടെ. വ്യായാമം ഏതു പ്രായത്തിലും ആവശ്യമാണ്. പ്രത്യേകിച്ചും വാര്‍ധക്യത്തില്‍. പ്രായമായവരില്‍ ശരീരബലം സാധാരണക്കാരേക്കാള്‍ കുറവായിരിക്കും. അവ നിലനിര്‍ത്താന്‍ ദിവസേനയുള്ള വ്യായാമം വളരെ പ്രധാനമാണ്. പ്രായമായവര്‍ക്ക് സാധാരണയായി നിര്‍ദേശിക്കുന്ന രണ്ടു വ്യായാമങ്ങളാണ് ഏയ്റോബിക് വ്യായാമവും സ്ട്രെങ്തനിങ് വ്യായാമവും.
ഏയ്റോബിക് വ്യായാമം –വാര്‍ധക്യത്തിലെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് ഏയ്റോബിക് വ്യായാമങ്ങള്‍ ശീലിക്കുന്നതാണ് ഉത്തമം. നടത്തം, സൈക്ലിങ് എന്നിവ പ്രായമായവര്‍ക്ക് ചെയ്യാവുന്ന ഏയ്റോബിക് വ്യായാമങ്ങളാണ്. നൃത്തവും ഏയ്റോബിക് വ്യായാമങ്ങളില്‍ ഉള്‍പ്പെടുന്നതാണെങ്കിലും പ്രായമായവര്‍ക്ക് ഇത് പലപ്പോഴും അനുയോജ്യമല്ല. ഏയ്റോബിക് വ്യായാമങ്ങളിലൂടെ ഹൃദയമിടിപ്പിന്‍റെയും ശ്വാസവായുവിന്റെയും തോത് വര്‍ധിക്കും. അതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനും സഹായിക്കും. ഇതിലൂടെ ഹൃദയത്തിന് രക്തം പമ്പുചെയ്യാനുള്ള ശേഷി വര്‍ധിക്കും. 55 വയസിനുശേഷം ഏയ്റോബിക് വ്യായാമങ്ങള്‍ ദിവസവും ചെയ്യുന്നത് ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനു ഏറെ സഹായിക്കും.
സ്ട്രെങ്തനിങ് – പ്രായമായവരെ സംബന്ധിച്ച് അവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ബലക്കുറവ് അനുഭവപ്പെടാം. ശരീരത്തിലെ വിവിധ മസിലുകള്‍ക്കുണ്ടാകുന്ന ഈ ബലക്കുറവ് പരിഹരിക്കാന്‍ സ്ട്രെങ്തനിങ് വ്യായാമങ്ങളിലൂടെ സാധിക്കും. പ്രധാനയും അടിവയര്‍, നെഞ്ചിലെ പേശികള്‍, കൈമുട്ട്, തോളുകളിലെ പേശികള്‍ എന്നിവയ്ക്ക് സ്ട്രെങ്തനിങ് വ്യായാമങ്ങള്‍ നല്‍കുന്നത് വാര്‍ധക്യ സഹജമായ വേദനകള്‍ ഒഴിവാക്കുന്നതിനു സഹായകരമാണ്. വ്യായാമ കാര്യങ്ങളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മടി കാണിക്കാറുള്ളത്.
വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും വിശ്രമമില്ലാതെ ഓടി നടന്നു ചെയ്യുന്നതു സ്ത്രീകളാണല്ലോ. വീട്ടുജോലി ചെയ്യുന്നുണ്ട് , ഇനിയെന്തിനു വ്യായാമം എന്നു ചിന്തിക്കുന്നവരാണ് അധികവും. എന്നാല്‍ വിശ്രമജീവിതത്തിലും ശരീരത്തിലെ മസിലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. അതിന് വാര്‍ധക്യത്തിലും വ്യായാമം കൃത്യമായി പിന്തുടരണം. പ്രായമായവരില്‍ എല്ലുകള്‍ക്കും മസിലുകള്‍ക്കുമുള്ള ബലം വളരെക്കുറവായിരിക്കും. അതുപോലെ ചലനശേഷിയും കുറവായിരിക്കും. ഇവയൊക്കെ നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണ്.
വാര്‍ധക്യത്തിലു ശരീരഭാരം കുറയുന്നത് പതിവാണ്. എന്നാല്‍ ഈ പ്രായത്തില്‍ ശരീരഭാരം അമിതമായി കുറയാതെ നിലനിര്‍ത്തേണ്ടതുണ്ട്. അതിന് വ്യായാമം കൂടിയേ തീരൂ. ശരീരത്തില്‍ മെറ്റബോളിസം ക്രമാതീതമായി കുറയുന്നത് വാര്‍ധക്യത്തിലാണ്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും വ്യായാമത്തിനു ഏറെ പ്രാധാന്യമുണ്ട്. നല്ല ഉറക്കം ലഭിച്ചാല്‍ തന്നെ നല്ല ആരോഗ്യം നിലനിര്‍ത്താനാകും. പ്രായമായവരിലെ ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. നല്ലദഹന പ്രക്രിയയ്ക്കും വ്യായാമം ശീലമാക്കേണ്ടതുണ്ട്. പ്രമേഹം അല്‍ഷിമേഴ്സ്, അമിതവണ്ണം തുടങ്ങിയ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ വ്യായാമത്തിലൂടെ സാധിക്കും.
പ്രായാധിക്യം മൂലമുള്ള പലവിധ അസുഖങ്ങളുള്ളവരുണ്ടാകും. ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണല്ത്തിനുമുമ്പുള്ള വ്യായാമമാണ് നല്ലത്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമം ചെയ്യരുത്. അഥവാ ഭക്ഷണം കഴിച്ചാല്‍ മൂന്നു മണിക്കൂറിനു ശേഷമേ വ്യായാമം ചെയ്യാവൂ. രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നതാണ് ഉത്തമം. വ്യായാമത്തിന്‍റെ സമയദൈര്‍ഘ്യം ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. ദിവസവും 30മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.