എനിക്കൊന്നും വേണ്ട നിങ്ങളൊന്ന് വന്ന് കണ്ടാൽ മതി എന്ന് പറയുന്നവരുടെ മുന്നിലേക്കാണ്

ഇന്നലെ 4 മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. ഇതിൽ ഒരാളുടെ അവസ്ഥ വളരേ ദയനീയമാണ്. ഒരു പ്രവാസിയുടെ ജീവിത ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാൽ അധിക പേരിൽ നിന്നും ലഭിക്കുന്ന മറുപടി ഒന്നായിരിക്കും. മകളെ കല്ല്യാണം കഴിക്കണം ഒരു വീടുവെക്കണം. ലക്ഷക്കണക്കിന് പ്രവാസികൾ ഇത്തരം ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പ്രവാസ ലോകത്ത് ചോര നീരാക്കുന്നത്. ഞാൻ പറഞ്ഞു വന്ന വ്യക്‌തി ഈ രണ്ട് ലക്ഷ്യവും നേടാനുള്ള പടിവാതിലിലായിരുന്നു. വീട് താമസവും മകളുടെ വിവാഹവും ലക്ഷ്യം വെച്ച് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം പിറകിലൂടെ വന്ന് കൊണ്ട് പോയത്‌.

പോന്നു മോളേ ഞാൻ വരുമ്പോൾ നിനക്കായി എന്ത് കൊണ്ട് വരണം എന്ന് ഓരോ പിതാക്കളും ചോദിക്കുന്നതാണ്.”എനിക്കൊന്നും വേണ്ട…നിങ്ങളൊന്ന് വന്ന് കണ്ടാൽ മതി”എന്ന് മറുവാക്ക് പറയുന്നവരുടെ മുന്നിലേക്കാണ് മൂന്ന് കഷ്ണം തുണിയിൽ പൊതിഞ്ഞ് പെട്ടിയിൽ അടക്കിയ മൃതദേഹം കൊണ്ട് ചെല്ലുന്നത്. അത്തറുമണക്കുന്ന പുതുമാരനായി തന്റെ പ്രിയതമൻ വന്നണയുന്നതും കാത്തിരിക്കുന്ന പ്രിയ പത്നിയുടെ മുന്നിലേക്കാണ് ജീവനറ്റ ശരീരം അടക്കം ചെയ്ത പെട്ടി തുറന്നു വെക്കുന്നത്. എങ്ങിനെ സഹിക്കാനാകും ആ ഹൃദയങ്ങൾക്ക് നാട്ടിൽ പോകുന്നതിനായി ഓരോ ദിവസവും വാങ്ങിക്കൂട്ടി വെച്ച സാധനങ്ങൾ ഇപ്പോഴും മൂക സാക്ഷിയായി പെട്ടിയിൽ തന്നെയിരിക്കുന്നു.

ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത കുടുംബം നാളെ മുതൽ മറ്റൊരു സാമൂഹിക ക്രമത്തിലേക്ക് വഴിമാറുന്നു.കൂട്ടുകാരുടേയും കുടുംബക്കാരുടെയും സമ്മാനമായ മൂന്ന് പിടി മണ്ണ് മാറോട് ചേർത്ത് ഒരു പ്രവാസിയുടെ ജീവിതം മണ്ണടിയുന്നു. തീർത്താൽ തീരാത്ത ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയാണ് ഓരോ പ്രവാസിയും കടൽ കടക്കുന്നത് തിരിച്ചു പോകുന്നതോ…?നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് പാരത്രിക ജീവിതം അനുഗ്രഹീതമാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

അഷറഫ് താമരശ്ശേരി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these