ബാബുവിന് മല കയറുന്നതിന് പകരം വല്ല കടലിലും നീന്താൻ ഇറങ്ങാൻ തോന്നാതിരുന്നത് നന്നായി

ഇന്ന് നടന്ന ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമായിരുന്നു ഇന്ത്യൻ ആർമിയുടെ സഹായത്തോടെ ഒരു ജീവൻ രക്ഷിച്ചു എടുക്കന്ന ദൃശ്യങ്ങൾ.പക്ഷെ വേറിട്ട ഒരു പ്രതിഷേധ കുറിപ്പ് വായിക്കാം. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കാണുകയായിരുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് അദ്ദേഹത്തെ സുരക്ഷിതമായി മലമുകളിൽ എത്തിച്ചെന്നാണ് മനസിലാക്കാനാവുന്നത്.ഏതാണ്ട് രണ്ട് ദിവസത്തോള്ളം മലയിടുക്കിൽ കുടുങ്ങിപ്പോയ ആ മനുഷ്യൻ കടന്നുപോയ അരക്ഷിതാവസ്ഥയ്ക്കും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കടന്നുപോയ വേദനയ്ക്കും അവസാനമുണ്ടായതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു.ഇന്നിത് കണ്ടപ്പോൾ ഒന്നരക്കൊല്ലം മുൻപേ ഇതുപോലൊരു രാത്രി മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന എന്നെ ഞാനോർക്കുകയായിരുന്നു. ഏത് കൊടുംകാട്ടിലും എത്ര ചെങ്കുത്തായ മലയിടുക്കിലും അപകടത്തിൽപ്പെട്ടു പോയ മനുഷ്യരെ രക്ഷിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ സേനകൾക്കും ദുരന്തനിവാരണ വിഭാഗത്തിനുമുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള സമയോചിതമായ ഇടപെടലും കൃത്യമായ പ്ലാനിങ്ങും വഴി രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാൻ സാധിക്കാറുണ്ട്.

പക്ഷേ ഈ പറഞ്ഞതൊന്നും നടക്കാത്തൊരു ഇടമാണ് കടൽ തൊഴിലിന്റെ ഭാഗമായോ മറ്റ് കാരണങ്ങളാലോ കടലിൽ വെച്ച് ഉണ്ടാവുന്ന അപകടങ്ങളിൽ എല്ലാവർക്കും പറയാനുള്ളത് നിസ്സഹായതയെപ്പറ്റി മാത്രമാണ്.ശക്തമായ കാറ്റുണ്ട് വലിയ കടലടിയുണ്ട് കോസ്റ്റ് ഗാർഡിന്റെ ബോട്ട് കേടാണ് തീരദേശ പൊലീസ് സ്ഥലത്തില്ല, കടൽ ആംബുലൻസിൽ ആളില്ല എന്നു തുടങ്ങി ഒരു നൂറ് കാരണങ്ങളും ഒഴിവുകഴിവുകളും കേൾക്കാറുണ്ട്.അന്നും കേട്ടു. അതിലേറ്റവും വേദന തോന്നിയത് ആ അപകടമുണ്ടായതിന് കഷ്ടിച്ച് ഒരാഴ്ച്ച മുൻപ് ഉദ്ഘാടനം ചെയ്ത് വിഴിഞ്ഞത്ത് എത്തിച്ച കടൽ ആംബുലൻസ് സുരക്ഷാ കാരണങ്ങളുള്ളതിനാൽ തിരിച്ച് എറണാകുളത്തേക്ക് തന്നെ കൊണ്ടു പോയി എന്ന് കേട്ടപ്പൊഴാണ്.അനിയനും കൂട്ടുകാർക്കും അപകടമുണ്ടായ ഇടത്ത് നിന്ന് കഷ്ടിച്ച് പത്ത് മിനിറ്റിനപ്പുറത്താണ് വിഴിഞ്ഞം.പക്ഷേ ഇല്ലാത്ത കടൽ ആംബുലൻസ് കൊണ്ടുവരാനാവില്ലല്ലോ.അതു കഴിഞ്ഞും കടലിൽ അപകടങ്ങളുണ്ടായി.കടലിൽ വീണാൽ കയ്യകലത്ത് രക്ഷപ്പെടുത്താൻ പാകത്തിന് ഒരു മത്സ്യബന്ധന വള്ളമോ പണിക്കാരോ ഇല്ലെങ്കിൽ മുങ്ങിത്താഴ്ന്നു പോവുക മാത്രമേ നിവർത്തിയുള്ളൂ.

ബാബുവിന് മല കയറുന്നതിന് പകരം വല്ല കടലിലും നീന്താൻ ഇറങ്ങാൻ തോന്നാതിരുന്നത് നന്നായി.കടലിൽ വന്ന് പൊക്കിയെടുക്കാൻ ഈ കൂട്ടരൊന്നും എത്തണമെന്നില്ല എന്നാണ് കടലും നിങ്ങൾക്കൊക്കെ പരിഗണന തോന്നുന്ന ഇടമായി മാറുക ഇനിയെപ്പോഴാണ് കാറ്റും കോളും ഉള്ളപ്പോഴും കടലിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കാൻ നമ്മുടെ സേനയും ബന്ധപ്പെട്ട വിഭാഗങ്ങളും സജ്ജമാവുക.ഇന്ന് ബാബു എന്ന ആ മനുഷ്യൻ ജീവിതത്തിലേക്ക് മടങ്ങി വന്നത് മനസ് നിറഞ്ഞ് കണ്ടതു പോലെ കടലിൽ വീണുപോവുന്നവരെയും തിരികെ രക്ഷിച്ച് കൊണ്ടുവരാനാവും എന്ന ആത്മവിശ്വാസം എന്നാണ് നമ്മുടെ സേന വിഭാഗങ്ങൾക്ക് ഉണ്ടാവുക. ഇതൊക്കെ നടക്കാൻ ഞങ്ങളുടെ എത്ര തലമുറ കാത്തിരിക്കേണ്ടി വരും.ഫിഷറീസ് ഡിപ്പോർട്ട്മെൻ്റിനോടാണ് കടൽ ആംബുലൻസെന്നും പറഞ്ഞ് ഇറക്കിയ ആ സാധനത്തിൽ തുരുമ്പ് കേറിത്തുടങ്ങിയോ എന്ന് ഇടയ്ക്ക് നോക്കുന്നത് നന്നായിരിക്കും കേട്ടോ.
സിന്ധു മരിയ നെപ്പോളിയൻ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these