ഞങ്ങൾ 2013ൽ അമേരിക്കയിലെത്തുമ്പോൾ മകൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്നു. ജീവിതത്തിൽ വലിയ പരിക്കുകളൊന്നുമില്ലാതെ നാട്ടിലെ മറ്റു കുട്ടികളെപ്പോലെ അവനും രാവിലെ സ്കൂളിൽ പോയി വൈകുന്നേരം കൂട്ടുകാരുമൊത്ത് കളിയും രസവുമായി നടന്ന സ്കൂൾ കുട്ടി.മകൾ അന്ന് ഡിഗ്രി ഫൈനൽ ഇയർ ആയിരുന്നു ക്ലാസ്സ് തീരാൻ ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ അവൾക്ക്.അതിനാൽ അവൾ വന്ന് വിസ സ്റ്റാമ്പ് ചെയ്തിട്ട് നാട്ടിൽ പോയി കോഴ്സ് കംപ്ലീറ്റ് ചെയ്ത് തിരികെ വന്നു.അമേരിക്കയിലേക്ക് വരുമ്പോൾ സാധാരണ കുട്ടികൾക്കുണ്ടാകുന്ന എക്സൈറ്റ്മെന്റ് ഒക്കെ അവർക്കും ഉണ്ടായിരുന്നു.കൂടുതൽ സുഖസൗകര്യങ്ങൾ മെച്ചപ്പെട്ട ജീവിതം ഒക്കെ അവരും സ്വപ്നം കണ്ടു.അതിനു അവരെ കുറ്റം പറയാൻ പറ്റില്ലാലോ.ഞങ്ങൾ വന്ന സമയത്ത് എൻ്റെ നാത്തൂൻ്റെ വീട്ടിലാണ് താമസിച്ചത്.അവിടെ നിന്നു കൊണ്ട് ഞാനും ഭർത്താവും ജോലിക്ക് ശ്രമിക്കാൻ തുടങ്ങി മോൻ സ്കൂളിൽ ചേർന്നു.
രാവിലെ ഏഴ് മുതൽ രണ്ടു വരെ അവന് ക്ലാസ്സുണ്ട് അങ്ങനെയിരിക്കെ വീടിനടുത്തുള്ള നഴ്സിങ്ങ് ഹോമിൽ പ്രായമുള്ളവർ താമസിക്കുന്ന സ്ഥലം ഭക്ഷണം സെർവ് ചെയ്യുന്ന ജോലിക്ക് ആളെ ആവശ്യമുണ്ട് എന്നറിഞ്ഞു. അത് പാർട്ട് ടൈം ജോലി ആയിരുന്നു അതായത് ദിവസം മുന്നോ നാലോ മണിക്കൂർ ജോലിയുള്ളൂ മിനിമം ശമ്പളം.മോൻ ആ ജോലിക്കു പോയിത്തുടങ്ങി സ്കൂളിൽ നിന്നും വന്നു കഴിഞ്ഞ് അഞ്ചു മണി മുതൽ രാത്രി എട്ടര ഒൻപത് വരെയായിരുന്നു അവൻ്റെ ജോലി സമയം അവിടുത്തെ അന്തേവാസികൾ ഭക്ഷണം കഴിക്കാൻ എത്തുന്നതിനു മുന്നേ അവരുടെ ടേബിൾ ഒരുക്കണം കിച്ചണിൽ പാകം ചെയ്യുന്ന ഭക്ഷണം അവരുടെ ഇഷ്ടാനുസരണം വിളമ്പിക്കൊടുക്കണം കഴിച്ചു കഴിയുമ്പോൾ പ്ലേറ്റുകൾ നീക്കി ഡൈനിങ്ങ് ഏരിയ ക്ലീൻ ചെയ്യണം.ടേൺ അനുസരിച്ച് ചില ദിവസങ്ങളിൽ പാത്രം കഴുകണം ഫ്രൂട്ട്സ് കട്ട് ചെയ്ത് സെറ്റ് ചെയ്യണം ഇതൊക്കെയായിരുന്നു അവൻ്റെ ജോലി.അതൊരു വലിയ സ്ഥാപനമായിരുന്നതുകൊണ്ടു തന്നെ ജോലിയും കഠിനമായിരുന്നു.എങ്കിലും അവനൊരിക്കൽപ്പോലും പരാതി പറഞ്ഞില്ല.
നാട്ടിൽ എല്ലാ സുഖസൗകര്യങ്ങളിലും ജീവിച്ച ഒരു പതിനൊന്നാം ക്ലാസ്സുകാരൻ്റെ ജീവിതം മറ്റൊരു തലത്തിലേക്ക് തിരിയുകയായിരുന്നു. കൂടുതൽ മെച്ചപ്പെട്ട ജീവിതാന്തരീക്ഷം പ്രതീക്ഷിച്ച് ഒരു പുതിയ ഇടത്തിലേക്ക് പറിച്ചുനടപ്പെട്ട കൗമാരക്കാരനായ മകൻ സ്കൂൾ കഴിഞ്ഞ് ഇങ്ങനെയൊരു ജോലിക്കു പോകുന്നത് കണ്ട് ആദ്യമൊക്കെ പല രാത്രികളിലും ഞാൻ കരഞ്ഞിട്ടുണ്ട്.അവധി ദിവസങ്ങളിൽ 8 മണിക്കൂർ ജോലിക്ക് പോകും. അവൻ്റെ പ്രായത്തിലുള്ള കുട്ടികൾ ജീവിതം വളരെ അനായസമായി ആനന്ദകരമായി ജീവിക്കുമ്പോൾ അവൻ കഷ്ടപ്പെടുകയായിരുന്നു.ഇന്നവൻ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ് ഇവിടുത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നിൽ ഒരു നല്ല പൊസിഷനിൽ ജോലിയും ചെയ്യുന്നു. പതിനൊന്നാം ക്ലാസ് മുതൽ ഇന്നുവരെയുള്ള ജീവിതം അവൻ്റെ പ്രയത്നമാണ് അവൻ്റെ അധ്വാനമാണ്.മകളും ജോലി ചെയ്താണ് പഠിച്ചത് ക്ലാസ് കഴിഞ്ഞും അവധി ദിവസങ്ങളിലും ഒക്കെ അവൾ ജോലി ചെയ്തു.ചെറിയ ശമ്പളത്തിൽ വളരെ ചുരുങ്ങി ജീവിച്ചു.അവളുടെ ചെലവുകൾക്ക് അവൾ തന്നെ പണിയെടുത്തു മക് ഡൊണാൾഡ്‌സ്ൽ ഫുഡ് സെർവ് ചെയ്യുകയും ടേബിൾ വൃത്തിയാക്കുകയുമൊക്കെ അവളും ചെയ്തിട്ടുണ്ട്.കടയിൽ കാഷ്യർ ആയി നിന്നിട്ടുണ്ട് അവൾ മറ്റൊരു സ്റ്റേറ്റ്ൽ ആയിരുന്നു പഠിച്ചത് ഒറ്റയ്ക്കുള്ള ജീവിതവും പഠനവും ജോലിയുമെല്ലാം അവളെ നന്നായി ഞെരുക്കിയിരുന്നു എന്ന് എനിക്കറിയാം.
ഇന്ന് അവളുടെ കൈയിലിരിക്കുന്ന ഡോക്ടറേറ്റിന് ഒരുപാട് ത്യാഗത്തിൻ്റെ വിലയുണ്ട്.വളരെ കഷ്ടപ്പെട്ടു നേടിയെടുത്ത ജീവിതമാണ് എൻ്റെ പിള്ളേരുടേത്. കുഞ്ഞുങ്ങൾ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനമുണ്ട് അവരുടെ ആദ്യത്തെ ജോലിയെക്കുറിച്ച് ഞാൻ എഴുതിയാൽ അവർക്ക് നാണക്കേടുണ്ടോ എന്നു ഞാൻ മക്കളോടു ചോദിച്ചു.എന്തിനാ നാണക്കേട് ഞങ്ങൾക്കതിൽ അഭിമാനമേയുള്ളു അമ്മ എഴുതിക്കോ എന്നവർ പറഞ്ഞപ്പോ ഈ പിള്ളേരുടെ അമ്മയായതിൽ എനിക്ക് സന്തോഷം തോന്നി.ഏതു ജോലിക്കും അതിന്റെ മഹത്വമുണ്ട് ജോലിയെ ജീവനോപാധിയായി കണ്ട് ദുരഭിമാനമില്ലാതെ അധ്വാനിക്കുന്ന ജനതയാണ് വികസിത രാജ്യങ്ങളുടെ വിജയം.ഇങ്ങനെയുള്ള രാജ്യങ്ങളിൽ മിക്ക കുട്ടികളും എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾ ചെയ്തു തന്നെയാണ് പഠിക്കുന്നത് .അതിന് ആർക്കും അപമാനം തോന്നാറുമില്ല.നമ്മുടെ നാടും മാറേണ്ടിയിരിക്കുന്നു ഏതു ജോലിയും ചെയ്യാൻ മനസ്സുള്ള ഒരു തലമുറ നമ്മുടെ നാട്ടിലും ഉണ്ടായാൽ എത്ര നന്നായിരുന്നു.ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റ് അധാർമികതയുടെയും ഒക്കെ പിന്നാലെ പോകുന്ന മക്കളുടെ ജീവൻ പൊലിയുന്ന കാഴ്ച എത്ര സങ്കടകരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ഇത്തരം നല്ല മാതൃക പിന്തുടരാൻ നമ്മുടെ നാടിനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഷീന വർഗീസ്