സോളാർ പാനലുകളുടെ കാര്യം പറയുമ്പോൾ സാധാരണക്കാർ വലിയ ആശയക്കുഴപ്പത്തിലാകാറുണ്ട് ഏത് തരം തെരഞ്ഞെടൂക്കണമെന്ന കാര്യത്തിൽ. പോളി മൾട്ടി മോണോ മോണോ പെർക് മോണോ പെർക് ഹാഫ് കട്ട് ബൈ ഫേഷ്യൽ എന്നു വേണ്ട ടെക്നോളജികൾകൊണ്ട് ആറാടുകയാണ് ഇപ്പോൾ സോളാർ പാനൽ ഇൻഡസ്ട്രി.സോളാർ കൺസൾട്ടന്റുകൾ ആകട്ടെ ഇതാണ് പുതിയ ടെക്നോളജി ഇതാണ് ഉഗ്രൻ മറ്റേത് പഴയതാണ് ഇപ്പൊൾ ആരും ഉപയോഗിക്കില്ല എന്നൊക്കെ പറഞ്ഞ് അവർക്ക് മാർജിൻ ഉള്ള ഉല്പന്നങ്ങൾ ഇക്കാര്യത്തിൽ വലിയ ധാരണകൾ ഒന്നുമില്ലാത്ത സാധാരണക്കാരുടെ തലയിൽ കെട്ടി വയ്ക്കുകയും ചെയ്യുന്നു. വിപണിയിൽ ഉള്ള വിവിധ സോളാർ പാനൽ സാങ്കേതിക വിദ്യകൾ ഒന്ന് പരിശോധിച്ച് നോക്കാം. മോണോ ക്രിസ്റ്റലൈൻ പോളി ക്രിസ്റ്റലൈൻ മൾട്ടി ക്രിസ്റ്റലൈൻ അമോർഫസ് തിൻ ഫിലിം എന്നിങ്ങനെ മൂന്ന് അടിസ്ഥാന സാങ്കേതിക വിദ്യകളും അവയൂടെ വകഭേദങ്ങളും മാത്രമാണ് സോളാർ പാനലുകളുടേതായി ഉള്ളത്. ഇതിൽ ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉള്ളതിനാൽ അവനവന്റെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചാണ് ഇതിൽ ഏത് വേണമെന്ന് തെരഞ്ഞെടുക്കേണ്ടത്.അമോർഫസ് തിൻ ഫിലിം പാനലുകൾ സാധാരന ഗാർഹിക ഉപയോഗങ്ങൾക്ക് ഉപകരിക്കാത്തതിനാൽ ആ വിഭാഗത്തെ മാറ്റി നിർത്തി പോളി മോണോ ക്രിസ്റ്റലൈൻ പാനലുകളെക്കുറിച്ച് ചർച്ച ചെയ്യാം.സോളാർ പാനലുകളുടെ എഫിഷ്യൻസി ഒരു സ്ക്വയർ മീറ്റർ സ്ഥലത്ത് പതിക്കുന്ന സൂര്യപ്രകാശത്തെ എത്രശതമാനം വൈദ്യുതി ആക്കി മാറ്റാം എന്നതാണ് സോളാർ പാനലുകളുടെ എഫിഷ്യൻസികൊണ്ട് അർത്ഥമാക്കുന്നത്. പൊതുവേ വിപണിയിലുള്ള പാനലുകൾക്ക് 15 ശതമാനം മുതൽ 25 ശതമാനം വരെയൊക്കെ മാത്രമേ ഈ കഴിവ് ഉള്ളൂ. വിവിധ സാങ്കേതിക വിദ്യകൾ അനുസരിച്ച് ഈ ശതമാനത്തിൽ പരമാവധി വ്യത്യാസം രണ്ടോ മൂന്നോ ശതമാനം മാത്രമാണ്.അതായത് കിട്ടുന്ന സൂര്യപ്രകാശത്തിൽ ബഹുഭൂരിപക്ഷവും പാഴായിപോവുകയാണ് എന്നർത്ഥം. ഇത് ഒഴിവാക്കി പരമാവധി സൂര്യപ്രകാശത്തെ വൈദ്യുതി ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കാനുള്ള ഗവേഷണങ്ങൾ ഈ മേഖലയിൽ തകൃതിയായി നടന്നു വരുന്നുണ്ട്. ലബോറട്ടറി സാഹചര്യങ്ങളിൽ 50 ശതമാനത്തിന്റെ അടുത്തൊക്കെ ഇത് എത്തി നിൽക്കുന്നു. കടുത്ത പ്രായോഗിക വെല്ലുവിളികളെ അതിജീവിച്ച് അതെല്ലാം വിപണിയിൽ എത്തുവാൻ ഇനിയും അനേക വർഷങ്ങൾ എടുത്തേക്കാം.മോണോ ക്രിസ്റ്റലൈൻ പാനലുകൾ ഏറ്റവും ശുദ്ധമായ സിംഗിൾ ക്രിസ്റ്റൽ സിലിക്കൺ വേഫറുകളിൽ നിന്ന് ഉണ്ടാക്കുന്നതാണ് മോണോ ക്രിസ്റ്റലൈൻപാനലുകൾ.അതുകൊണ്ട് തന്നെ എഫിഷ്യൻസി ഇവയ്ക്ക് കൂടുതൽ ആയിരിക്കും. സിംഗിൾ ക്രിസ്റ്റൽ സിലിക്കൺ നിർമ്മാണം വളരെ സങ്കീർണ്ണമായതും ചെലവേറിയതും ആയതിനാൽ ഇത്തരം സിലിക്കൺ ഉപയോഗിച്ചുള്ള പാനലുകൾക്ക് വിലയും കൂടുതൽ ആയിരിക്കും. നിറം കൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ മോണോ പാനലുകളെ തിരിച്ചറിയാം.നല്ല കറുത്ത നിറം ആയിരിക്കും ഇത്തരം പാനലുകൾക്ക്.
പോളി ക്രിസ്റ്റലൈൻ പാനലുകൾ നിയതമായ ക്രിസ്റ്റൽ സ്ടക്ചർ ഇല്ലാത്ത അത്ര ശുദ്ധമല്ലാത്ത സിലിക്കൺ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന പാനലുകൾ ആണ് പോളി ക്രിസ്റ്റലൈൻ പാനലുകൾ.മോണോ ക്രിസ്റ്റലൈൻ പാനലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ നിർമ്മാണത്തിനുള്ള ചെലവ് കുറവാണ്.അതോടൊപ്പം തന്നെ എഫിഷ്യൻസിയും താരതമ്യേന കുറവാണ്.നിറത്തിന്റെ കാര്യം പറയുകയാണെങ്കിൽ നീല നിറം ആയിരികും ഇത്തരം പാനലുകൾക്ക്.മോണോ പെർക് പാനലുകൾ മോണോ ക്രിസ്റ്റലൈൻ പാനലുകളുടെ തന്നെ ഒരു വകഭേദം ആണ് മോണോ പെർക് പാനലുകൾ Passivated Emitter Rear Contact എന്നതാണ് PERC എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ മോണോ പെർക് പാനലുകളൂടെ പിൻവശത്ത് പ്രത്യേകമായ ഒരു പാളി പെയിന്റ് ചെയ്ത് വച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. സോളാർ പാനലിലേക്ക് പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ചെറിയ ഒരു ഭാഗത്തെ മാത്രമേ പാനലുകൾക്ക് വൈദ്യുതി ആക്കി മാറ്റാൻ കഴിയുന്നുള്ളൂ എന്ന് പറഞ്ഞല്ലോ. ബാക്കി സൗരോർജ്ജത്തിനെന്താണ് സംഭവിക്കുന്നത് കുറേ ഭാഗം പ്രതിഫലിച്ച് പോകുന്നു കുറേ ഭാഗം താപോർജ്ജത്തിന്റെ രൂപത്തിൽ പാനലുകൾ ആഗിരണം ചെയ്യുന്നു, കുറേ ഭാഗം ഈ പാനലുകളുടെ പ്രതലം തുളച്ച് അകത്തേയ്ക്ക് കടന്നു പോയി പാനലുകൾ ഫാബ്രിക്കേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഗ്ലാസിനാലും മറ്റ് ലോഹ പദാർത്ഥങ്ങളാലും ആഗിരണം ചെയ്യപ്പെടുന്നു. മോണോ പെർക് പാനലുകളുടെ അടിവശത്തായി കൊടുത്തിട്ടുള്ള പാസിവേഷൻ ലയർ എന്നറിയപ്പെടുന്ന പാളി ഇത്തരത്തിൽ പാനലുകളുടെ അകത്തേയ്ക് തുളച്ച് കയറി നഷ്ടമാകുന്ന സൗരോർജ്ജത്തെ പാനലിനകത്തേയ്ക് തിരികെ പ്രതിഫലിപ്പിച്ച് അതിൽ നിന്ന് കുറച്ചു കൂടി വൈദ്യുതി ഉണ്ടാക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. അങ്ങനെ സാധാരണ മോണോ ക്രിസ്റ്റലൈൻ പാനലുകളേക്കാൾ അല്പം കൂടീ എഫിഷ്യൻസി ഇവയ്ക് കൂടുതൽ ആയി കിട്ടുന്നു. അതായത് 1 ശതമാനം വർദ്ധനവെന്നൊക്കെ വേണമെങ്കിൽ പറയാം. ഈ പറഞ്ഞ പാസിവേഷൻ ലയർ മോണോ ക്രിസ്റ്റലൈൻ പാനലുകൾക് പിറകിൽ മാത്രമല്ല വേണമെങ്കിൽ പോളി പാനലുകൾക്ക് പിറകിൽ നൽകി പോളി പെർക് പാനലുകളും ഉണ്ടാക്കാമെങ്കിലും പൊതുവേ മോണോ പെർക് പാനലുകൾ മാത്രമാണ് വിപണിയിൽ ഉള്ളത്. വളരെ ലളിതമായ നിർമ്മാണ സാങ്കേതിക വിദ്യയാണെന്നതിനാൽ വലരെ അധികം ചെലവ് ഇല്ലാതെ തന്നെ പെർക് സാങ്കേതിക വിദ്യ മോണോ പാനലുകളുമായി കൂട്ടീ ചേർക്കാൻ കഴിയുന്നതിനാൽ നിർമ്മാണ ചെലവിന്റെ കാര്യത്തിൽ കാര്യമായ അന്തരങ്ങൾ ഇല്ലെങ്കിലും ഒരു പുതിയ സാങ്കേതിക വിദ്യ എന്ന രീതിയിൽ മാർക്കറ്റ് ചെയ്ത് കൂടുതൽ വില വ്യത്യാസത്തിലാണ് പെർക് പാനലുകൾ വിപണനം ചെയ്യപ്പെട്ടീരുന്നത് എങ്കിൽ ഇപ്പോൾ പതുക്കെ സാധാരണ മോണോ പാനലുകളും പെർക് പാനലുകളും തമ്മിൽ വലിയ അന്തരമില്ലാത്ത നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പെർകിന്റെ തന്നെ മറ്റ് വകഭേദങ്ങൾ ആയ PERT PERF PERL തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും അവ തമ്മിലൊന്നും കാര്യമായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ വിവരിക്കുന്നില്ല.
ഒരു സോളാർ പാനൽ എന്നു വച്ചാൽ ചെറിയ ചെറിയ അനേകം സോളാർ സെല്ലുകൾ സീരീസ് ആയും പാരലൽ ആയുമൊക്കെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. ഈ വിന്യാസത്തിൽ ചെറിയ ഒരു മാറ്റം വരുത്തിഉണ്ടാക്കിയതാണ് ഹാഫ് കട്ട് പാനലുകൾ. അതായത് ഒരു സ്ക്വയർ ഫീറ്റ് വലിപ്പമുള്ള സോളാർ പാനലിൽ 50 സെല്ലുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഹാഫ് കട്ട് പാനലുകളിൽ ഈ അമ്പത് സെല്ലുകളെ പകുതിയായി മുറിച്ച് 100 സെല്ലുകൾ ആക്കി മാറ്റി അവയെ സീരീസ് പാരലൽ കോമ്പിനേഷനുകൾ ഉണ്ടാക്കി പാനലുകളിൽ വിന്യസിക്കുന്നു. ഇതുകൊണ്ടൂള്ള ഗുണം എന്താണ് ഔട്പുട്ടിലും എഫിഷ്യൻസിയിലും കാര്യമായ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. പക്ഷേ ഓരോ സെല്ലിലൂടെയും ഒഴുകുന്ന കറന്റ് കുറയുന്നതിനാൽ താപോർജ്ജത്തിന്റെ രൂപത്തിൽ ഉണ്ടാകുന്ന ഊർജ്ജ നഷ്ടം കുറയ്ക്കാൻ കഴിയുന്നു. അതുപോലെ തന്നെ സാധാരണ പാനലുകളിൽ സീരീസ് ആയി സെല്ലുകൾ ഒന്നിനു പിന്നാലെ ഒന്നായി കണക്റ്റ് ചെയ്യപ്പെടുമ്പോൾ ചെറിയ രീതിയിൽ തന്നെ ഒരു സെല്ലിൽ മരങ്ങളുടെയോ മറ്റോ നിഴൽ അടിച്ചാൽ ആ സെല്ലിലുണ്ടാകുന്ന ഊർജോത്പാദനം ഇല്ലാതാവുകയും സിരീസ് കണക്‌ഷൻ ആയതിനാൽ മറ്റ് സെല്ലുകളിൽ വെയിൽ അടിച്ചാലും അവ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയെക്കൂടി തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഫാഫ് കട്ട് പാനലുകളിൽ കൂടുതൽ സമാന്തരമായ സെല്ലുകൾ ഉണ്ട് എന്നതിനാൽ ഇത്തരത്തിൽ ചെറിയ നിഴൽ അടിച്ചാലും പാനലിന്റെ ഊർജോത്പാദനം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന പ്രശ്നം വലിയ ഒരളവ വരെ പരിഹരിക്കപ്പെടുന്നു. സെല്ലുകൾ കട്ട് ചെയ്യാനും പരസ്പരം ബന്ധിപ്പിക്കാനുമൊക്കെയുള്ള അധിക ചെലവുകൾ കണക്കിലെടുക്കുമ്പൊൾ ഇത്തരം പാനലുകൾക്ക് സാധാരണ പാനലുകളേക്കാൽ വില വ്യത്യാസമുണ്ട്.
ബൈ ഫേഷ്യൽ പാനലുകൾ പേരു പോലെത്തന്നെ രണ്ട് മുഖങ്ങൾ ഉള്ള പാനലുകൾ ആണിവ. സാധാരണ എല്ലാ സോളാ പാനലുകളിലും ഒരു വശത്തു നിന്ന് മാത്രം വരുന്ന സൗരോർജ്ജത്തെയാണ് വൈദ്യുതി ആക്കി മാറ്റുന്നതെങ്കിൽ ഇത്തരം പാനലുകളുടെ പിൻവശത്ത് ഉള്ള ഒരു സോളാർ പാനൽ ലയർ കൂടി ഉണ്ട്. ഈ ലയർ നിലത്തും വശങ്ങളിലുമൊക്കെ പ്രതിഫലിച്ച് വരുന്ന സൂര്യപ്രകാശത്തെക്കൂടി വൈദ്യുതി ആക്കി മാറ്റുന്നു. പക്ഷേ ഇത്തരത്തിൽ സോളാർ പാനലിന്റെ പിറക് വശത്തു കൂടി പ്രകാശം കിട്ടണമെങ്കിൽ പാനലുകൾ നല്ല ഉയർന്ന സ്ട്രക്ചറുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ വെളുത്ത നിറത്തിൽ ഉള്ളതായാൽ കൂടുതൽ നന്നായിരിക്കും. തിരിച്ചും മറിച്ചും വച്ചിരിക്കുന്ന രണ്ട് പാനലുകൾ ആയി വേണമെങ്കിൽ ഇവയെ പറയാമെന്നതിനാൽ ഇവയൂടെ വില വളരെ കൂടുതൽ ആയിരിക്കും. എന്നു മാത്രവുമല്ല എല്ലായിടത്തും ഉപയോഗിക്കാൻ അനുയോജ്യവുമല്ല. കൂടുതൽ പാനലുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത ഇടങ്ങളിൽ എഫിഷ്യൻസി കൂട്ടാൻ വേണ്ടി മാത്രം ഇവ ഉപയോഗിക്കാവുന്നതാണ്.പുരപ്പുറ സോളാറിനായി ഏത് തരം പാനലുകൾ ആണ് ഉപയോഗിക്കേണ്ടത് പോളി ക്രിസ്റ്റലൈൻ പാനലുകൾ മോശവും പഴഞ്ചൻ സാങ്കേതിക വിദ്യയുമാണോ .ഒരു കിലോ പഞ്ഞിക്കാണോ ഒരു കിലോ ഉപ്പിനാണോ ഭാരം കൂടുതൽ ഇങ്ങനെ ഒരു ചോദ്യം കേട്ടിട്ടില്ലേ കുട്ടീകളോടൊക്കെ ചോദിച്ചാൽ ചിലപോൾ ഉപ്പിനാണെന്ന് ഉത്തരവും കിട്ടിയേക്കാം. അതുപോലെ ഒരു ചോദ്യമാണ് ഒരു കിലോവാട് പോളി ക്രിസ്റ്റലൈൻ പാനൽ ആണോ ഒരു കിലോവാട്സ് മോണോ ക്രിസ്റ്റലൈൻ പാനൽ ആണോ കൂടുതൽ ഊർജ്ജം തരിക എന്നതും. ഒരു കിലോ ഉപ്പിന്റെയും ഒരുകിലോ പഞ്ഞിയുടേയും ഭാരവും തമ്മിൽ വ്യത്യാസമില്ല എന്നതുപോലെത്തന്നെയാണ് ഒരു കിലോവാട് പോളി ക്രിസ്റ്റലൈൻ പാനലുകളുടെയും ഒരു കിലോവാട്സ് മൊണോ ക്രിസ്റ്റലൈൻ പാനലുകളുടെയും ഔട്പുട്ടിന്റെയും കാര്യം. രണ്ടും തുല്ല്യമാണ്.പിന്നെ എന്താണ് വ്യത്യാസം ഒരു കിലോ പഞ്ഞി സൂക്ഷിക്കാൻ ഒരു വലിയ ചാക്ക് വേണമെങ്കിൽ ഒരു കിലോ ഉപ്പിന് ഒരു ചെറിയ പാക്കറ്റ് മതിയാകുമെന്നതുപോലെ ഒരു കിലോവാട് പോളി ക്രിസ്റ്റലൈൻ പാനലുകൾ സ്ഥാപിക്കാൻ ഒരു കിലോവാട്സ് മോണോ ക്രിസ്റ്റലൈൻ പാനലുകൾ സ്ഥാപിക്കാൻ ആവശ്യമായതിലും കൂടുതൽ സ്ഥലം ആവശ്യമായി വരുന്നു എന്ന കാര്യത്തിൽ മാത്രമേ പ്രകടമായ വ്യത്യാസം ഉള്ളൂ.അതുപോലെ തന്നെ മോണോ ക്രിസ്റ്റലൈൻ പാനലുകൾ കൂടിയ വാട്ടേജിൽ സിംഗിൾ പാനലുകൾ ആയി ലഭിക്കുന്നു അതായത് പോളി പാനലുകൾ 330- 350 റേഞ്ചിൽ ഒക്കെ വിപണിയിൽ ഉള്ളപ്പോൾ 400- 450 വാട്സ് റേഞ്ചിൽ മോണോ പാനലുകൾ ലഭിക്കുന്നു.ഇതുവഴി സ്ഥല പരിമിതി ഉള്ള ഇടങ്ങളീൽ കൂടുതൽ കപ്പാസിറ്റി ഉള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിയുന്നു.നിങ്ങൾക്ക് റൂഫ് ടോപ് യഥേഷ്ടം ഉണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നും ഇല്ല എങ്കിൽ മോണോ പാനലുകൾക്കായി വലിയ തുക ചെലവഴിക്കുന്നതുകോണ്ട് യാതൊരു പ്രയോജനവുമില്ല. കുറഞ്ഞ ലൈറ്റിലും കൂടുതൽ ഔട്പുട്ട് നൽകും എഫിഷ്യൻസി കൂടുതലാണ് കൂടുതൽ ആയുസ്സുണ്ട് എന്നൊക്കെയുള്ള മാർക്കറ്റിംഗ് ഗിമ്മിക്കുകളിൽ വീഴാതിരിക്കുക. റിട്ടേൺ ഓഫ് ഇൻവ്വെസ്റ്റ്മെന്റിന്റെ കാര്യത്തിൽ കാര്യമായ ഒരു വ്യത്യാസവും പോളിമോണോ പാനലുകൾ തമ്മിൽ ഇല്ല.
ആവശ്യത്തിനു സ്ഥലം ഉണ്ടെങ്കിൽ മോണോ പോളി പാനലുകൾ തമിൽ വിലയിൽ വലിയ വ്യത്യാസം വെൻഡർ പറയുന്നുണ്ടെങ്കിൽ ഒരു സംശയവും വേണ്ട പോളി പാനലുകൾ തന്നെ തെരഞ്ഞെടുക്കാം. അതുകൊണ്ട് മാത്രമായി യാതൊരു പ്രശ്നവും ഇല്ല. വിൽപനാനന്തര സേവനം ആണ് പ്രധാനം അതിനി പോളി ആയാലും മോണോ ആയാലും കമ്പനി ഈ പറഞ്ഞ പാനലുകൾക്ക് എത്ര വർഷം ഏത് തരത്തിൽ എത്ര കിലോവാട്സിനു വാറന്റി നൽകുന്നു എന്നതിലാണ് കാര്യം. പ്രമുഖ കമ്പനികൾ ഒന്നും തന്നെ ഇക്കാര്യത്തിൽ വേർതിരിവു കാണിക്കാറീല്ല. ദിവസവും മാറിയും കറഞ്ഞും മരങ്ങളുടെയും മറ്റും നിഴലുകൾ അടിച്ചുകൊണ്ടിരിക്കുന്നതാണ് നിങ്ങളുടെ മേൽക്കൂര എങ്കിൽ അത്തരം ഇടങ്ങളിൽ ആവശ്യമെങ്കിൽ ഹാഫ് കട്ട് പാനലുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.ബൈ ഫേഷ്യൽ പാനലുകളെക്കുറിച്ചൊന്നും ഒരു ശരാശരി സാധാരണ ഉപഭോക്താവ് ചിന്തിക്കേണ്ടതില്ല. എന്തു തന്നെ ആയാലും റിട്ടേൻ ഓഫ് ഇൻവെസ്റ്റ്മെന്റ് എന്ന ഘടകം നന്നായി പരിശോധിച്ചു മാത്രം സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുക. പെട്രോൾ കാറു വാങ്ങണോ ഒന്നോ രണ്ടോ ലക്ഷം അധികം ഇൻവെസ്റ്റ് ചെയ്ത് ഡീസൽ കാർ വാങ്ങണോ എന്ന തീരുമാനത്തിലെത്താൻ ശരാശരി ദൈനം ദിന ഉപയോഗം നമ്മൾ കണക്കിലെടുക്കാറുള്ളതുപോലെ ദൈനം ദിന വൈദ്യുത ഉപഭോഗം നല്ല രീതിയിൽ ഉള്ളവരോ വൈദ്യുത ഉപഭോഗം കൂടും എന്ന പേടിയിൽ സുഖസൗകര്യങ്ങൾ കോമ്പ്രമൈസ് ചെയ്യുന്നവരോ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നവരോ ഉപയോഗിക്കാൻ പദ്ധതിയിടുന്നവരോ മാത്രം സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതായിരിക്കും പ്രായോഗികവും ലാഭകരവുമായ സമീപനം.
കടപ്പാട് – സുജിത് കുമാർ