ഇനിയാർക്കും ഒരു അബദ്ധം പറ്റരുത് എന്ന പ്രാർത്ഥനയോടെ എല്ലാരും വായിക്കുമെന്ന പ്രതീക്ഷയോടെ ഒരു അശ്രദ്ധ കാരണം ഒരിക്കലും നമ്മുടെ ആരോഗ്യം നശിപ്പിക്കരുത്

ക്യാൻസർ ഒരു മാരകമായ രോഗം തന്നെയാണ്. നമ്മുടെ ജീവിതരീതികളിൽ ഉള്ള മാറ്റവും ഭക്ഷണക്രമീകരണങ്ങൾക്ക് വന്ന മാറ്റവും പിന്നെ നമ്മുടെ പല ദുശ്ശീലങ്ങളും കൊണ്ട് പ്രധാനകാരണമായി കാൻസർ മാറാറുണ്ട്.നമ്മൾ ഓരോരുത്തരിലും പല രൂപങ്ങളാണ് ക്യാൻസർ വരുക. പക്ഷേ നമുക്ക് ആരംഭത്തിൽതന്നെ ഇങ്ങനെ ഒരു രോഗം പിടിപെട്ടു എന്ന് അറിയുവാൻ സാധിച്ചാൽ ഇത് സുഖപ്പെടുത്തുവാൻ സാധിക്കുന്ന രോഗമാണ്. മനുഷ്യന്റെ ശരീരത്തിനെ കാർന്നു തിന്നുന്ന രോഗമാണ് അതുകൊണ്ടുതന്നെ മനുഷ്യൻ ഏറ്റവും ഭയപ്പെടുന്ന രോഗം കൂടിയാണ് ക്യാൻസർ. ടീച്ചറായ ലക്ഷ്മി ജയൻ നായർ തനിക്ക് ക്യാൻസർ പിടിപെട്ടതും അനുഭവിച്ച കഷ്ടപ്പാടുകളും കുറിക്കുകയുണ്ടായി. ഇനി ആർക്കും ഒരു അബദ്ധം പറ്റരുത് എന്ന് പ്രാർത്ഥനയോടെ എന്നു തുടങ്ങുന്നതാണ് ശ്രീ ലക്ഷ്മിയുടെ കുറിപ്പ്

2018 may മാസത്തിൽ നാട്ടിൽ ഉള്ള ഒരു വെക്കേഷൻ സമയത്താണ് എന്റെ ബ്രെസ്റ്റിൽ ഒരു കല്ലിപ്പ് ( Lump ) അനുഭവപ്പെട്ടത്.ആദ്യം ഒരു പേടി തോന്നിയെങ്കിലും കാൻസർ എന്ന വാക്ക് എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ ഒരു അസുഖം എനിക്ക് ഉണ്ടാവില്ല എന്ന അമിത ആത്മവിശ്വാസം ആയിരുന്നു.ബാംഗ്ലൂർ തിരിച്ചു പോയ ഉടനെ ഒരു ഗൈനെക്കോളജിസ്സ്റ്റ് കണ്ടു സ്കാൻ ചെയ്തു.പേടിക്കാൻ ഒന്നുമില്ല, ഫൈബ്രോഅഡിനോമ ( non cancerous tumor ) ആണ് എന്ന ഡോക്ടറുടെ ഉറപ്പിന്റെ പുറത്തു വീട്ടിൽ മടങ്ങി വന്നു.പിന്നീട് പെയിൻ കൂടുമ്പോഴും എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴും ആദ്യം ചെയ്‌തിരുന്നത് ഫൈബ്രോഅഡിനോമ എന്ന് ഗൂഗിൾ ചെയ്യുകയായിരുന്നു.വെറും കൊഴുപ്പ് കട്ടി ഒരിക്കലും cancer ആവില്ല എന്ന വിശ്വാസത്തിൽ കുറച്ചു മാസങ്ങൾ.ഇടയ്ക്കു ശക്തമായ തലവേദന വരും, ആദ്യമൊക്കെ മാസത്തിൽ കുറച്ചു ദിവസം പിന്നീട് അത് ആഴ്ചയിൽ ആയി. പിന്നെ ദിവസവും പെയിൻ കില്ലർ കഴിക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയി.

ന്യൂറോളജിസ്റ്നെ കണ്ടു ഹെവി ഡോസ് പെയിൻ കില്ലേഴ്‌സും സ്ലീപ്പിങ് പിൽസും കഴിച്ചു അടുത്ത കുറച്ചു മാസങ്ങൾ.അപ്പോൾ പോലും ഞാൻ ഈ തലവേദന മറ്റ് ഒരു അസുഖത്തിന്റെ സൂചന ആവും എന്ന് വിചാരിച്ചില്ല.അങ്ങനെ എട്ട് മാസത്തോളം കടന്ന് പോയി.ഒരു ദിവസം സ്കൂളിൽ തല കറങ്ങി വീണ എന്നെ കൂടെ വർക്ക്‌ ചെയ്യുന്ന ടീച്ചേർസ് ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ വെച്ചും ചെയ്ത സ്കാനിംഗിൽ ഉള്ളതും ഫൈബ്രോഅഡിനോമ എന്നായിരുന്നു വീണ്ടും കുറച്ചു ദിവസങ്ങൾ.വിട്ട് മാറാത്ത തലവേദനയുമായി ഞാൻ പരിചയമുള്ള ഡോക്ടറുടെ അടുത്ത് പോയി.(Dr. Sujith Warrier Kottaikkal, ബാംഗ്ലൂർ )എന്തോ തോന്നി സ്കാനിങ് റിപ്പോർട്ട് അവിടെ കാണിച്ചു.പക്ഷേ പ്രഗത്ഭനായ ആ ഡോക്ടർ അപ്പോൾ തന്നെ ഇത് സാധരണ മുഴ അല്ല എന്ന് മനസ്സിൽ ആക്കുകയും ഉടനെ തന്നെ അത് സർജറി ചെയ്തു എടുത്തു മാറ്റണമെന്നും പറഞ്ഞു.ഞാൻ അപ്പോഴും മറിച്ചു ചിന്തിക്കാൻ തയ്യാറല്ലായിരുന്നു.പക്ഷെ അദ്ദേഹം മുൻകൈ എടുത്തു ഒരു ലേഡി സർജനെ അറേഞ്ച് ചെയ്തു തരികയും പിറ്റേ ദിവസത്തേക്ക് ഒരു ബിയോപ്സി ബുക്ക്‌ ചെയ്യുകയും ചെയ്തു.കാര്യങ്ങൾ പെട്ടന്ന് ആണ് മാറി മറിഞ്ഞത്.

ബിയോപ്സി എടുക്കുന്ന സമയത്തു തന്നെ എന്തോ പന്തികേട് മനസ്സിൽ ആയി.”സസ്‌പിഷിയസ് സെൽസ് ഉണ്ട് ലക്ഷ്മി രണ്ട് മൂന്ന് സൈറ്റിൽ നിന്ന് കൂടി എടുക്കേണ്ടി വരും”അപ്പോൾ തന്നെ 90% ഉറപ്പായ കാര്യം പക്ഷെ എന്റെ മനസ്സിൽ കേറുന്നുണ്ടായിരുന്നില്ല.ബാക്കിയുള്ള 10% ശതമാനത്തിൽ ആയിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.പക്ഷെ റിപ്പോർട്ട്‌ എന്റെ കാൻസർ സ്ഥിതികരിച്ചു.അപ്പോഴേക്കും കാൻസർ എന്റെ ലിമഫ്തനോഡ്സ് കേറി ബ്രെസ്റ്റിൽ നിന്നും ലാമ്പ് എടുത്തു മാറ്റിയതിനൊപ്പം എന്റെ ഇടത്തെ കൈയിൽ നിന്നും 17 ലിമഫ്തനോഡ്സ് കൂടി എടുത്തു മാറ്റേണ്ടി വന്നു.ഇനി ആ കൈ ഒരിക്കലും പഴയത് പോലെ ആവില്ല എന്ന സത്യം ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല.ഞാൻ ആ എട്ട് മാസത്തിനു പകരം കൊടുക്കേണ്ടി വന്നത് എന്റെ ഇടത്തെ കൈയുടെ സ്വാധീനം ആണ്.ശരീരത്തിൽ എവിടെ എങ്കിലും ഒരു മുഴ കണ്ടാൽ ഒരു Oncologist തീർച്ചയായും കാണുക.ഒരുപക്ഷെ വെറുതെ എടുത്തു മാറ്റേണ്ട ഒരു മുഴ ആവും നമ്മുടെ അശ്രദ്ധ കാരണം കാൻസർ ആകുന്നതു.രോഗം വന്നിട്ട് ചികിത്സ എടുക്കുന്നതിലും എത്രയോ നല്ലതല്ലേ വരാതെ നോക്കുന്നത്.

നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ ആണ് ഒരു അശ്രദ്ധ കാരണം ഒരിക്കലും നമ്മുടെ ആരോഗ്യം നശിപ്പിക്കരുത്.രോഗം വന്നവർക്ക് അറിയാം മറ്റ് എന്തിനേക്കാളും വലുത് ആരോഗ്യം ആണ്. അത് നഷ്ടപ്പെട്ടാൽ ഒരുപക്ഷേ തിരിച്ചു ലഭിക്കണമെന്നില്ല.ഇൻജെക്ഷൻ എടുക്കാൻ പോലും പേടി ഉള്ള ആളായിരുന്നു ഞാൻ. എന്തിന് ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ കൂടി പോകുമ്പോളോ ഒരു ആംബുലൻസ് കാണുമ്പോഴോ കൂടി എന്റെ മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുമായിരുന്നു.പ്രീ സർജിക്കൽ ടെസ്റ്റിന് വേണ്ടി ഹോസ്പിറ്റലിൽ പോയി ബ്ലഡ് കൊടുക്കുന്ന സമയത്തു പേടിച്ചു ഐസിയുവിൽ ആയ ആദ്യത്തെ വ്യക്തി എന്ന ക്രെഡിറ്റ്‌ ഹോസ്പിറ്റലിൽ രേഖകളിൽ എനിക്ക് സ്വന്തം. അത്രമാത്രം ഞാൻ ഹോസ്പിറ്റലുകളെ ഭയപ്പെട്ടിരുന്നു. ജനിച്ചിട്ട് പിന്നെ എന്റെ ഡെലിവറി സമയത്തു മാത്രമേ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ടുള്ളു.എന്റെ സ്കൂളിലെ പ്രിൻസിപ്പലിന്റെ വൈഫിനും കാൻസർ ആയിരുന്നു. സാർ പറഞ്ഞിട്ടാണ് ഞാൻ ബാംഗ്ലൂർ ശ്രീ ശങ്കര കാൻസർ ഹോസ്പിറ്റലിൽ പോയത്. അവിടെ എന്നെ ആദ്യം നോക്കിയത് Dr. ശ്രീറാം ആയിരുന്നു. അദ്ദേഹം മലയാളി ആയിരുന്നു. മുൻപ് ചെയ്ത ബിയോപ്സി റിപ്പോർട് കണ്ട ശേഷം കുറച്ചു ടെസ്റ്റുകൾ കൂടി suggest ചെയ്തു. പി ഇ ടി സ്കാൻ ഉൾപ്പെടെ.

(പോസിട്രോൺ എമിഷൻ ടോമോഗ്രാഫി (പിഇടി) സ്കാനുകൾ ക്യാൻസർ, ഹൃദ്രോഗം, തലച്ചോറിലെ തകരാറുകൾ എന്നിവയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടുപിടിക്കുന്നു. കുത്തിവയ്ക്കാവുന്ന റേഡിയോ ആക്ടീവ് ട്രേസർ രോഗബാധിതമായ കോശങ്ങളെ കണ്ടെത്തുന്നു. കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ഒരു കോമ്പിനേഷൻ PET-CT സ്കാൻ 3D ഇമേജുകൾ നിർമ്മിക്കുന്നു.)
PET ന്റെ റിപ്പോർട്ട്‌ കിട്ടിയ ശേഷം പിറ്റേ ദിവസം രാത്രി 8 മണിക്ക് ഹസ്ബൻഡിന്റെ ഫോണിലേക്കു ഹോസ്പിറ്റലിൽ നിന്നും ഒരു കാൾ വന്നു. ഇമ്മീഡിയറ്റ് ആയി അഡ്മിറ്റ്‌ ചെയ്യണം എന്ന് പറഞ്ഞു. രാത്രി 9.30 ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഹോസ്പിറ്റലിലെ റിസപ്ഷനും സ്റ്റാഫും എല്ലാം ഞങ്ങൾക്ക് വേണ്ടി മാത്രം ആ രാത്രിയിൽ കാത്തിരിക്കുന്നു.അവരുടെ സ്‌നേഹവും കേറിങ്ങും കണ്ടു ഞാൻ ഉറപ്പിച്ചു ഞാൻ മരിക്കാൻ പോകുകയാണ്.ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന ഉറച്ച വിശ്വാസത്തിൽ അവിടെ റീസെപ്ഷനിൽ ഒരു വലിയ ശിവന്റെയും ശാരദ ദേവിയുടെയും വിഗ്രഹം ഉണ്ട്, എല്ലാം അവിടെ ഏല്പിച്ചു റൂമിൽ അഡ്മിറ്റ്‌ ആയി.ഭർത്താവ് എല്ലാത്തിനും വേണ്ടി ഓടി നടക്കുന്നു.

സഹായത്തിനു വന്ന ആയമ്മ മംഗളാക്കാ എന്റെ ടെൻഷൻ മാറ്റാൻ എന്തൊക്കെയോ കന്നഡയിൽ പറയുന്നുണ്ട്. സ്നേഹത്തോടെ എന്റെ തലയിൽ തലോടുന്നുണ്ട് ഭക്ഷണം തരുന്നുണ്ട് മരുന്ന് തരുന്നുണ്ട് വസ്ത്രം മാറ്റി തരുന്നുണ്ട് നഖം വെട്ടി തരുന്നുണ്ട് ഡോക്ടർ വഴക്ക് പറയും എന്ന് പറഞ്ഞു എന്റെ നഖത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന നെയിൽ പോളിഷ് സ്പിരിറ്റ്‌ വെച്ച് തുടച്ചു കളയാൻ ശ്രമിക്കുന്നുണ്ട് ഞാൻ പക്ഷേ മറ്റേതോ ലോകത്ത് ആയിരുന്നു.എന്റെ ഉള്ളിൽ മുഴുവനും ശൂന്യതയും.രാവിലെ 6 മണിക്ക് എന്നെ സർജറിക്കു റെഡി ആക്കി. സ്കൂൾ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ എന്റെ മുടി രണ്ട് വശത്തും മെടഞ്ഞിട്ടു. ഒരു പച്ച സർജറി ഗൗൺ ഇട്ട് തന്നു. ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോയി.അത് വരെ ഞാൻ സിനിമയിൽ മാത്രം കണ്ടിരുന്ന ഓപ്പറേഷൻ തിയേറ്റർ ഞാൻ നേരിൽ കാണുകയായിരുന്നു. അടച്ചിട്ട ചുറ്റും ഭീതിപ്പെടുത്തുന്ന രീതിയിൽ തൂക്കി ഇട്ടിരിക്കുന്ന സർജിക്കൽ ബൾബുകൾ.മുഴുവനും പച്ച കളറുള്ള ഒരു മുറി ആയിരുന്നു എന്റെ മനസ്സിൽ. ഇത് പക്ഷേ ഒരു ഭാഗം മുഴുവനും ട്രാന്സ്പരെന്റ് ഗ്ലാസ് ഉള്ള നല്ല വെളിച്ചം ഉള്ള പുറത്തേക്കു കാണാവുന്ന വിശാലമായ ഒരു ഹാൾ.അതിന്റെ ഒരു സൈഡിൽ ഒരു ബെഡ്.ചുറ്റിനും കുറച്ചു ഡോക്ടർസ് സർജറി എക്വിപ്മെന്റ്സ് ഇതൊക്കെ കണ്ട സന്തോഷം ആണോ അതോ പേടിച്ചു വട്ടായതാണോ എന്നറിയില്ല വീൽ ചെയറിൽ നിന്നും ഞാൻ നടന്നോളാം എന്ന് പറഞ്ഞു ഇറങ്ങി. ചുറ്റിനും പരിചയമുള്ള ഡോക്ടർസിനെ കണ്ട സന്തോഷം വേറെ.

അത് വരെ ഉണ്ടായിരുന്ന പേടി കുറേശ്ശേ മാറി തുടങ്ങി. പരിചയം കൂടുതൽ ഉണ്ടായിരുന്ന അന്നപൂർണ ഡോക്ടർ വന്ന് എന്നെ ചേർത്ത് പിടിച്ചു. പിന്നെ ഞാൻ അവിടെ ഇരുന്നു ഡോക്ടറോട് വിശേഷങ്ങൾ പറയാൻ തുടങ്ങി. മെയിൻ ഡോക്ടർ വന്നിട്ട് ആ കുട്ടിയോട് ബെഡിൽ കിടക്കാൻ പറയൂ എന്ന് പറയുന്നത് വരെ. എന്നിട്ടും വർത്താനം നിർത്താത്ത എന്നോട് ബ്രീത് ഇറ്റ് ലക്ഷ്മി, സർജറി ചെയ്യാൻ ലേറ്റ് ആകുന്നു ” എന്ന് അനസ്‌തേഷ്യ തരുന്ന ഡോക്ടർ പറഞ്ഞു കൊണ്ടേയിരുന്നു.
ഒരു പ്രാവശ്യം ഇൻഹെൽ ചെയ്തു ബോധം പോയില്ല വീണ്ടും എടുത്തു എന്നിട്ടും നോരക്ഷ. അവസാനം ഡോക്ടർ ചൂടാകുന്നത് കണ്ടു പേടിച്ച ഞാൻ രണ്ടും കല്പിച്ചു ശ്വാസം വലിച്ചു എടുത്തു.പിന്നെ ഓർമ വരുമ്പോൾ സർജറി കഴിഞ്ഞിരുന്നു. ഡോക്ടർ തട്ടി വിളിച്ചു കോൺഷിയസ് ആണെന്ന് ഉറപ്പ് വരുത്തി.ഒബ്സെർവഷൻ റൂമിലേക്ക്‌ മാറ്റി മണിക്കൂറുകൾ കൊണ്ട് ബോധം വരേണ്ട എനിക്ക് സംസാരം കൂടുതൽ ആയത് കൊണ്ടും ഒന്നിന് പകരം മൂന്ന് പഫ് എടുത്തതു കൊണ്ടും ഓർമ വന്നത് പിറ്റേ ദിവസം ആയിരുന്നു.ഇടയ്‌ക്ക് ഇടയ്ക്കു ഭർത്താവ് പേടിയോടെ വിളിച്ചു ചോദിക്കുന്നുണ്ട് എന്റെ അടുത്ത് വന്ന് സംസാരിക്കുന്നുണ്ട് പക്ഷേ ഞാൻ ഒന്നും അറിഞ്ഞില്ല.

ഓർമ വരുമ്പോൾ എന്റെ ശരീരത്തിൽ നെഞ്ചിന്റെ നടുക്ക് മുതൽ ഇടത്തെ കൈയുടെ പകുതി വരെ സർജറി ചെയ്‌തിട്ടിട്ടുണ്ട്.ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത രീതിയിൽ കീറിമുറിക്കുന്ന വേദനയും അനസ്‌തേഷ്യയുടെ സൈഡ് എഫക്ട്സും.പിറ്റേ ദിവസം ഡ്രെസ്സിങ് ചെയ്യുമ്പോഴാണ് കീറി മുറിച്ച ശരീരം കാണുന്നത്. ഒരു റെയിൽവേ ട്രാക്കിനെ ഓർമിപ്പിക്കുന്ന രീതിയിൽ സർജിക്കൽ സ്റ്റെപ്പിൾസ് കൊണ്ട് ശരീരത്തിന്റെ ഒരു ഭാഗം നിറഞ്ഞിരുന്നു.പിന്നെ ശരീരത്തിൽ നാല് ട്യൂബുകളും അതിന്റെ അറ്റത്തു ഡ്രൈനേജ് സംഭരിക്കാനുള്ള ഒരു ഡ്രൈനേജ് ബാഗും.ആ ഡ്രൈനേജ് ട്യൂബുകളുമായി ഒരു മാസത്തോളം. പോകുന്നിടത്തൊക്കെ അതും കൊണ്ട്. വസ്ത്രം പോലും ശരിക്കു ധരിക്കാൻ പറ്റാതെ ഡ്രൈനേജ് ബാഗ് സൂക്ഷിച്ച മറ്റൊരു ബാഗുമായി.ഒരു മാസം കഴിഞ്ഞപ്പോൾ പകുതി സ്റ്റെപ്പിൾസ് എടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബാക്കിയും. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡ്രൈനേജ് ട്യൂബ് എടുത്തു മാറ്റി. അപ്പോൾ മാത്രമാണ് ഇത്രയും വലിയ ട്യൂബ് ആയിരുന്നു എന്റെ ശരീരത്തിന്റെ ഉള്ളിൽ എന്ന് ഞാൻ മനസ്സിൽ ആക്കിയത്.ട്രീറ്റ്മെന്റിന്റെ 25% കഴിഞ്ഞു.ട്യൂബ്സ്‌ മാറ്റി. സ്റ്റാപ്ലസ് എടുത്തു മാറ്റി. കുറ്റം പറയരുതല്ലോ കാണാൻ നല്ല രസം ആയിരുന്നു. ശരീരത്തിൽ ഒരു റെയിൽവേ ട്രാക്ക്. അപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. ഡിസോൾവ്ഡ് സ്റ്റിച്ചസ് ഇട്ടാൽ ഇത് തിരിച്ചു എടുക്കണ്ട വേദന കൂടി ഉണ്ടാവില്ലായിരുന്നല്ലോ എന്നോർത്ത്.

പക്ഷേ ഇപ്പോൾ ആ വ്യത്യാസം അറിയാം കാരണം സർജറി ചെയ്തതിന്റെ ഒരു പാട് പോലും ഇപ്പൊ കാണാൻ പറ്റില്ല.അടുത്തത് കീമോ ആണ് ഡോക്ടർ ആറു കീമോ ആണ് പറഞ്ഞത്. കൂട്ടത്തിൽ കീമോപോർട് ഇടാനും പറഞ്ഞു.കഴുത്തിനു താഴെ വെയ്നിനോട് ചേരുന്ന നേർത്ത സിലിക്കൺ ട്യൂബുള്ള ഒരു ചെറിയ, ഇംപ്ലാന്റബിൾ റിസർവോയറാണ് കീമോ പോർട്ട്. ഇതിന്റെ പ്രധാന പ്രയോജനം കീമോതെറാപ്പി മരുന്നുകൾ നേരിട്ട് എത്തിക്കാം എന്നതാണ് ,സൂചി സ്റ്റിക്കുകളുടെ ആവശ്യം ഇല്ലാതാക്കുന്നു എന്നതാണ്.പക്ഷേ വീണ്ടും ഒരു സർജറി ചെയ്യാനുള്ള പേടി കൊണ്ട് വെയിനിൽ കൂടി കീമോ കൊടുത്താൽ മതി എന്ന് ഞാൻ പറഞ്ഞു. ഞാൻ നോക്കുമ്പോൾ കൈയിൽ ആവശ്യത്തിന് വെയ്ൻ കാണുന്നുണ്ട്. എണ്ണി നോക്കി എങ്ങനെ പോയാലും 6 vein ഉണ്ടാകും അങ്ങനെ ഒരാശ്വാസത്തിൽ ഞാൻ കീമോ തുടങ്ങി.ബ്ലീച്ചിങ് പൌഡറിനെ ഓർമിപ്പിക്കുന്ന രീതിയിൽ ഗന്ധം ഉള്ള ഒരു ചുവപ്പ് കളർ മരുന്ന് ആയിരുന്നു.(പേര് ചേർക്കുന്നില്ല ).രണ്ട് ദിവസത്തെ കീമോക്ക് ശേഷം എനിക്കും ഞാൻ ഉപയോഗിക്കുന്ന മുറിക്കും വസ്ത്രങ്ങൾക്കും എല്ലാം ആ ഗന്ധം ആയിരുന്നു.ശരീരത്തിലൂടെ ആസിഡ് പോലെ പൊള്ളി ഇറങ്ങുന്ന ഒരു മെഡിസിൻ ആയിരുന്നു എന്റെ അറിവിൽ കീമോ മെഡിസിൻ . ഇത് പക്ഷേ ശാന്തമായി ശരീരത്തിലൂടെ ഒഴുകി ഒന്നും അറിഞ്ഞില്ല.ഡിസ്ചാർജ് ചെയ്യുന്ന സമയത്തു ഡോക്ടർ വന്നു. തമിഴൻ ആയിരുന്നു അദ്ദേഹം.”പതിനഞ്ചു ദിവസം കഴിയുമ്പോൾ മുടി പോയിതുടങ്ങും പേടിക്കേണ്ട, തിരിച്ചു വരാൻ ഉള്ളതാണ്.മാനസികമായി തയ്യാർ എടുക്കണം  പിടിച്ചു നിൽക്കണം”തമിഴ് കലർന്ന ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.

ആദ്യത്തെ കീമോ കഴിഞ്ഞു വീട്ടിൽ എത്തി. അപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്, മുൻപ് ശാന്തനായി സിരകളിൽ കൂടി ഒഴുകിയത് ആസിഡിനെകാൾ മാരകമായിരുന്ന ഒന്നായിരുന്നു എന്ന്. ശരീരം മുഴുവനും പുകഞ്ഞു കത്താൻ തുടങ്ങി ബാംഗ്ലൂർ നഗരത്തിലെ തണുപ്പിലും എന്റെ ശരീരം ചുട്ട് പഴുത്തു. എല്ല് നുറുങ്ങുന്ന വേദനയിൽ വീണ്ടും ഒരു ഐസിയൂ വാസം വേദനക്കിടയിൽ ഇടയ്ക്കെപ്പോഴോ മിന്നി മായുന്ന ഓർമ്മ. കുറച്ചു ദിവസം കഴിഞ്ഞു മറ്റൊന്നും ചെയ്യാനില്ല ഇത് കീമോയുടെ സൈഡ് എഫക്ട് ആണ് എന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു.പിന്നീടുള്ള ദിവസങ്ങളിൽ ബെഡ് സ്പ്രെഡ് നനച്ച് ദേഹത്തും തലയിലും ചുറ്റി ആയിരുന്നു ഉറങ്ങിയിരുന്നത്.മണിക്കൂറുകൾ കൊണ്ട് ഉണങ്ങുന്ന ഷീറ്റ് വീണ്ടും വീണ്ടും നനച്ച് പുതയ്ക്കുമായിരുന്നു.ഒരു എസിക്ക് പോലും അതിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റുമായിരുന്നില്ല.ഒരു ദിവസം ഉറക്കം ഉണരുമ്പോൾ ഞാൻ കാണുന്നത് കുറച്ചു കുറച്ചായി അടർന്നു വീഴുന്ന എന്റെ തലമുടി ആണ്.പിന്നീട് അങ്ങോട്ട് എന്റെ വീട്ടിൽ എല്ലായിടത്തും എന്റെ മുടിച്ചുരുളുകൾ കൊണ്ട് നിറഞ്ഞു. അവസാനം അങ്ങിങ്ങായി കുറച്ചു മുടി മാത്രം ഉണ്ടായിരുന്ന എന്നെ എനിക്ക് തന്നെ മനസ്സിൽ ആകാതെ വന്നു. പുരികവും കൺപീലികളും കൂടി പോയ എന്റെ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി.കുറച്ചു മുടി ആണെങ്ങിൽ പോലും തലയിൽ ഇരുന്നാൽ വേദന കൂടും.

ഷേവ് ചെയ്തു കളയുന്നത് ആണ് നല്ലത് “ഡോക്ടർ പറഞ്ഞുകൊണ്ടേയിരുന്നു  കാൻസർ ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം മാനസികമായി പിടി വിട്ട് പോയ കുറച്ചു സന്ദർഭങ്ങളെ ഉണ്ടായിട്ടുള്ളൂ. അതിൽ ഒന്നായിരുന്നു ഷേവ് ചെയ്യാൻ വേണ്ടി ഞാൻ അടുത്തുള്ള പാർലറിൽ പോയപ്പോൾ ഉണ്ടായതു.അത്രയും നാൾ പൊന്നു പോലെ വളർത്തിയ മുടി പറിച്ചു മാറ്റുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. ചുറ്റും ഉണ്ടായിരുന്നവർ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. ആരൊക്കെയോ ഭർത്താവിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. തലയിൽ മുഴുവനും ഷാൾ വെച്ച് ഞാൻ മൂടി മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ മുഖവും മൂടി.എന്റെ കണ്ണുകൾ മാത്രമേ പുറത്ത് കാണുമായിരുന്നുള്ളു. അങ്ങനെ ഒരു മാസം.അടുത്ത പ്രാവശ്യം ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ അടുത്ത് വന്നിരുന്ന ഒരു മാലാഖകുട്ടി എന്റെ പല തീരുമാനങ്ങളും തെറ്റാണെന്നു ബോധ്യപ്പെടുത്തി. മൂന്ന് വയസുള്ള ബോൺ കാൻസർ വന്ന ഒരു കുഞ്ഞ്. കാലിന്റെ തുടയിലെ എല്ല് പൊട്ടി പുറത്ത് വന്നിട്ട് നടക്കാൻ പോലും കഴിയാത്ത ഒരു കുഞ്ഞ്. ഞാനും എന്റെ രോഗം ഉൾക്കൊണ്ടു. കാൻസർ എന്ന് പറയുമ്പോൾ മുടിയിലായ്മ ആണെന്ന് അറിയാമാരുന്നെങ്കിൽ കൂടി ഉൾക്കൊള്ളാൻ കുറച്ചു സമയം വേണ്ടി വന്നു പിന്നീട് ഒരിക്കൽ പോലും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ഞാൻ എന്റെ തല കവർ ചെയ്തിട്ടില്ല.അങ്ങനെ കലണ്ടറിൽ ആറു കീമോ കഴിയുന്ന സമയവും കുറിച്ച് കാത്തിരുന്ന എന്നോട് നാലാമത്തെ കീമോ കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു “ബാക്കി രണ്ടു കീമോ എന്നുള്ളത് പന്ത്രണ്ട് ആക്കുകയാണ്. അതും ആഴ്ചയിൽ ഒന്ന് വെച്ച്.

പേടിക്കേണ്ട സൈഡ് എഫക്ടസ് കുറവായിരിക്കും “ശരിക്കും പറഞ്ഞാൽ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. പക്ഷേ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.ആ പന്ത്രണ്ട് ആഴ്ച്ചകൾ ആയിരുന്നു ഏറ്റവും കൂടുതൽ എന്നെ വിഷമിപ്പിച്ചത്. എല്ലാ ചൊവ്വാഴ്ചയും കീമോ.കൗണ്ടും പ്ലേറ്റിലേറ്റസ് കുറഞ്ഞു അടുത്ത ആഴ്ചയിലെ കീമോ മുടങ്ങാതിരിക്കാൻ ഒരാഴ്ച മുഴുവനും സ്റ്റീറോയ്ഡ്സ് കുത്തി ഇടും.അപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്. ഓരോ പ്രാവിശ്യം കീമോ കഴിയുമ്പോഴും അത് കൊടുത്ത ഞരമ്പും ചുറ്റും ഉള്ള ഞരമ്പും കരിഞ്ഞുണങ്ങും. പിന്നീട് അങ്ങോട്ട് വെയ്ൻ കിട്ടാതെ ആയി. എന്റെ ഓത്തോറിസെഡ്‌ നേഴ്സ് ആയ അഖിലും ആഷ്മയും ഒന്നര മണിക്കൂർ വരെ ക്ഷമയോടെ എന്റെ വെയ്ൻ കിട്ടാൻ വേണ്ടി ശ്രമിക്കുമായിരുന്നു. പത്തു പതിനഞ്ചു പ്രാവിശ്യം വരെ കുത്തിയിട്ടും ഞരമ്പ് കിട്ടാതെ എന്റെ വിരലുകളിൽ കൂടി കീമോ തരുമായിരുന്നു. ഞാൻ കരയുന്നതിൽ കൂടുതൽ അവർ വിഷമിച്ചിട്ടുണ്ട്. ഓരോ പ്രാവിശ്യം കുത്തി ശരിയാകാതെ വരുമ്പോഴും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ഓർമ്മ പോലും ശരിക്കില്ലാതെ പന്ത്രണ്ട് ആഴ്ച്ചകൾ കീമോയുടെ അധ്യായം അവിടെ കഴിഞ്ഞു.പതിനഞ്ചു ദിവസം ഇടവേള.പിന്നെ ഒരുമാസത്തെ റേഡിയേഷൻ.അത് പ്രതേക തരം റെയ്‌സ് നമ്മുടെ എഫക്റ്റഡ് ആയ ഭാഗത്തേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഒട്ടും വേദന ഉണ്ടാവില്ല. പക്ഷേ അതിന് ശേഷം ശരീരം പൊള്ളി കരിഞ്ഞു വരും. പിന്നീട് കുറച്ചു മാസങ്ങൾക്കു ശേഷം ശരിയാവുകയും ചെയ്യും. ഞാൻ തമാശക്ക് പറഞ്ഞിരുന്നത് എന്റെ ശരീരം ഗ്രിൽഡ് ചിക്കൻ പോലെ ആക്കിയല്ലോ ഡോക്ടർ എന്നായിരുന്നു.അങ്ങനെ സഹനത്തിന്റെ ഒന്നരവർഷം.
പിന്നെ സാധരണ രീതിയിൽ ഉള്ള ചെക്ക്പ്പുകൾ. ആദ്യം എല്ലാ മാസവും പിന്നീട് മൂന്ന് മാസത്തിൽ ഒരിക്കൽ പിന്നെ ആറു മാസത്തിൽ ഒരിക്കൽ. പിന്നീട് കൊല്ലത്തിൽ ഒരിക്കൽ ആവും.ഒരിക്കലും ആരെയും ഭയപ്പെടുത്താൻ വേണ്ടി അല്ല ഞാൻ അനുഭവക്കുറിപ്പ് എഴുതിയത്.മറിച്ചു ആർക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടാവരുത് എന്ന് അർത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ്.
ലക്ഷ്മി ജയൻ നായർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these