റെയിൽവേ ട്രാക്കിലൂടെ ദിവസവും വെളുപ്പിന് അഞ്ചുമണിക്ക് എണീറ്റ് കിലോമീറ്ററോളം നടക്കും എന്തിനാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി

ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നും എല്ലാറ്റിനെയും അതിജീവിച്ച് ഉയർന്ന നിലയിലെത്തിയ ധാരാളം ആളുകളുടെ കഥ നമ്മൾ ദിനം പ്രതികേട്ടിട്ടുണ്ട്. അതിലേക്ക് ഒരു ജീവിതകഥ കൂടി ഏവർക്കും പ്രചോദനമാകുന്ന ആ കഥ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ധർമമരാജൻ സാറിന്റേതാണ്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ആ കുറിപ്പ് നമുക്കൊന്ന് വായിക്കാം.

എന്റെ പേര് ധർമമരാജൻ ഞാൻ ആലപ്പുഴയിൽ നിന്നും ഡെപ്യൂട്ടേഷനിൽ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലിനോക്കുന്നു.ഈ കഴിഞ്ഞ 25.7.2021 എന്റെ അമ്പതാം ജന്മദിനമായിരുന്നു. ഇപ്പോൾ എനിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്. നല്ല വീടുണ്ട് നല്ല വസ്ത്രങ്ങൾ ഉണ്ട് ഇത് ഒന്നുമില്ലാത്ത ഒരു കാലം രാജൻ എന്ന ധർമരാജനു ഉണ്ടായിരുന്നു.ആ ചെറുപ്പകാലത്തെ ജീവിതം എന്റെ സമൂഹത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു സത്യസന്ധമായി ഞാൻ എഴുതട്ടെ.എന്റെ വിദ്യാഭ്യാസം തൃപ്പൂണിത്തുറ മെഷീൻ സ്കൂളിലും ആർൽവി സ്കൂളിലും തുടർന്ന് ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ ഇരുമ്പനം ഹൈസ്കൂളിലും ആയിരുന്നു.ഉച്ചത്തെ ഭക്ഷണം സ്കൂളിൽ നിന്നായിരുന്നു. പഠിക്കുന്ന ബുക്കുകൾ വാങ്ങിയിരുന്നത് സ്കൂളിൽ നിന്നും കിട്ടുന്ന ഗ്രാൻഡിൽ നിന്നായിരുന്നു. സ്കൂൾ മുടക്കം ഉള്ള ദിവസങ്ങളിൽ ഞാൻ വാർക്കപ്പണിക്കും റോഡ് പണിക്കും പോയിരുന്നു.താമസിക്കാൻ സ്ഥലവും വീടും ഇല്ലാത്തതിനാൽ അമ്മാവന്മാരുടെ വീട്ടിലായിരുന്നു താമസം.

ഈ സമയം എന്റെ അമ്മയ്ക്ക് നാല് സെന്റ് സ്ഥലം പഞ്ചായത്ത് മുഖാന്തിരം കിട്ടി.ആ സ്ഥലത്ത് ഓല ഷെഡ് വെച്ച് താമസം അങ്ങോട്ടു മാറ്റി താമസിയാതെ ഓല ഷെഡ് ചോർന്ന് ഒലിക്കാൻ തുടങ്ങിയതിനാൽ മിക്ക ദിവസവും മഴക്കാല രാത്രികളിൽ വെളുക്കും വരെ കുത്തിയിരുന്ന് ഞാനും എന്റെ അമ്മയും നേരം വെളുപ്പിച്ചിട്ടുണ്ട് ആ സംഭവം ഇപ്പോഴും എന്റെ ഓർമ്മയിൽ വരുന്നു.എന്റെ വീടിന്റെ മുൻവശത്തുള്ള റെയിൽവേ ട്രാക്കിലൂടെ ഞാൻ ദിവസവും വെളുപ്പിന് അഞ്ചുമണിക്ക് എണീറ്റ് കിലോമീറ്ററോളം അതിവേഗം നടക്കും എന്തിനാണെന്ന് അറിയുമോ? ഈ ട്രാക്കിൽ കൂടി ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാർ ചായ കുടിച്ചു ട്രാക്കിലേക്ക് വലിച്ചെറിയൂന്ന ഗ്ലാസുകൾ പെറുക്കിയെടുക്കാൻ. ഓർക്കുമ്പോൾ ചങ്കു പിടയുകയാണ്. ആ ഗ്ലാസുകൾ വിറ്റുകിട്ടുന്ന തുക ഒരു ഗ്ലാസിന് അഞ്ചുപൈസ എന്ന നിരക്കിലായിരുന്നു.

ആ റെയിൽവേ ട്രാക്കിൽ കൂടി ഇപ്പോൾ ട്രെയിനിൽ ഞാൻ പോലീസ് യൂണിഫോം ധരിച്ച് ബീറ്റ് ഡ്യൂട്ടി ചെയ്യുമ്പോൾ പഴയ കാലങ്ങൾ ഓർമ്മവരും. എല്ലാം ഒരു നിമിത്തമാണ് എന്ന് ഞാൻ കരുതുന്നു ഒന്നും മറന്നിട്ടില്ല.സ്കൂൾ വെക്കേഷൻ സമയത്തും സ്കൂൾ മുടക്കമുള്ള ദിവസങ്ങളിലും ഞാൻ പലപ്പോഴും അയൽവക്കത്തുള്ള റോഡ് കോൺട്രാക്ടർ രാജൻ ചേട്ടന്റെ കൂടെ റോഡ് പണിക്ക് പോകുമായിരുന്നു.നല്ലൊരു വീട് നിർമ്മിക്കണം എന്നുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനാൽ ഒരു കച്ചവടം തുടങ്ങാൻ തീരുമാനിച്ചു തക്കാളി പെട്ടിയിൽ സിഗരറ്റും മിഠായികളും മുറുക്കാനും എല്ലാം ആയിട്ട് റെയിൽവേ ട്രാക്കിൽ കൂടി ഒന്നര കിലോമീറ്റർ ദൂരം തലയിൽ ചുമന്നു കൊണ്ടു പോയി റെയിൽവേ ക്രോസിന്റെ സമീപത്ത് ഇരുന്ന് കച്ചവടം ചെയ്തിരുന്നു. തുടർന്ന് ബ്ലോക്കിൽ നിന്നും അനുവദിച്ച് കിട്ടിയ പൈസയും സ്കൂളിൽ നിന്നും കിട്ടിയ പൈസയും കൂട്ടി ഒരു ചെറിയ ഓടിട്ട വീടു പണിതു ഞാനും അമ്മയും അവിടെ താമസിച്ചു.

മൂന്നാം കൊല്ലം ഒമ്പതാം ക്ലാസ്സ് പാസായ ഞാൻ ദൈവത്തിന്റെ കാരുണ്യംകൊണ്ട് പത്താംക്ലാസ് ആദ്യ കൊല്ലം പാസായി. ആലുവ അൽ അമീൻ കോളേജിൽ പ്രിഡിഗ്രിക്ക് അഡ്മിഷൻ കിട്ടി. കച്ചവടം നിർത്തി കോളേജിൽ പോവാൻ തുടങ്ങി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇടയ്ക്കുവെച്ച് കോളേജ് ജീവിതം അവസാനിപ്പിച്ച് ഹൈകോർട്ട് അഡ്വക്കേറ്റ് പയസ് കുര്യാക്കോസ് സാറിന്റെ ഇപ്പോൾ ഇദ്ദേഹം റിട്ടേഡ് ചീഫ് ജസ്റ്റിസ് ഗുമസ്തനായി.പിന്നീട് ഹൈകോടതി വക്കീൽ പി.ആർ. രാമചന്ദ്രൻ മേനോൻ സാറിന്റെ വീട്ടിൽ ഇപ്പോൾ ഇദ്ദേഹം റിട്ടേഡ് ചീഫ് ജസ്റ്റിസ് കാരൃസ്ഥൻ ആയി.ജോലിക്കിടയിൽ പിഎസ്സി ടെസ്റ്റ്കൾ എഴുതി.പോലീസ് വകുപ്പിൽ നിന്നും ഓർഡർ വന്നു തുടർന്ന് 1999 ജൂലൈ പതിനഞ്ചാം തീയതി പോലീസ് കോൺസ്റ്റബിൾ ആയി സർവീസിൽ കയറി.ജീവിതത്തിൽ ചെറുപ്പം മുതൽ തന്നെ വേദനകളും കഷ്ടപാടുകളും ഞാൻ കുറെ അനുഭവിച്ചതിൽ ദൈവം തന്ന കൂലി ആണ് ഈ ജോലി ദൈവത്തിനു നന്ദി ഒരായിരം നന്ദി എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these