എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ നല്ല രീതിക്കു അവരുടെ ചിറകിന്റെ ഉള്ളിൽ ജീവിക്കണം എന്ന് ആഗ്രഹിക്കാറുണ്ട്..ചിലരുടെ അങ്ങനെ നടക്കാറുണ്ട് ചിലരുടെ നടക്കാറില്ല.കുട്ടികളുടെ ജീവിതം വഴിത്തിരിവിൽ എത്തണോ കുട്ടി എന്നത് ഒരു വ്യക്തി ആണെന്നും അവർക്ക് അവരുടേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്നും മനസിലാക്കാത്തിടത്തോളം കാലം കുട്ടികളെ അംഗീകരിക്കാന്‍ ചില രക്ഷിതാക്കൾക്ക് ബുദ്ധിമുട്ട് തോന്നാം.അത്തരത്തിൽ കുട്ടികളെ മനസിലാക്കാനുള്ള കുറച്ചു കാര്യങ്ങൾ പറയാം കുട്ടികളുടെ മനശാസ്ത്രം പഠിച്ചവരിൽ നിന്നും ഉള്ള പഠനം ആണ് പങ്കുവയ്ക്കുന്നത് വേണ്ടവർക്ക് എടുക്കാം അല്ലെങ്കിൽ തള്ളി കളയാം.
മക്കൾ എത്ര ചെറിയവരോ വലിയവരോ ആകട്ടെ നമ്മളെ വഴക്ക് പറയുന്ന നമ്മളോട് ദേഷ്യപ്പെടുന്ന അവസ്ഥ ചിന്തിക്കാന്‍ തന്നെ വിഷമമാണല്ലേ. പക്ഷേ കുഞ്ഞുങ്ങള്‍ വ്യക്തികള്‍ ആണെന്ന് മനസിലാക്കാനുള്ള ഏറ്റവും നല്ല വഴി അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സമ്മതിക്കുക എന്നതാണ്. നമുക്ക് അവരെ വഴക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് നമ്മളോടും അതേ വികാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നുള്ള ഒരു ബോധം കുട്ടികളില്‍ ഉണ്ടാകുന്നത് അവരില്‍ക്കൂടുതല്‍ ഐ ക്യു ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തോല്ക്കാന് പഠിപ്പിക്കുന്നതും ദേഷ്യവും നിരാശയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ഒക്കെ മുന്നോട്ടുള്ള പരിശീലനങ്ങളാകാം.ജീവിതത്തിലെ കയറ്റവും ഇറക്കവും മനസ്സിലാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഈ തിരിച്ചറിവുകള്‍ക്കാകും.കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിനൊപ്പം തന്നെ ചെയ്യാവുന്ന കാര്യമാണ് അവര്‍ക്ക് ബഹുമാനം കൊടുക്കുക എന്നുള്ളത്.കുറ്റങ്ങളും കുറവും പറഞ്ഞു കളിയാക്കുക അടിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്താല്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക.കുട്ടികള്‍ എല്ലാക്കാര്യവും അനുകരിക്കാന്‍ ഇഷ്ടമുള്ളവരാണ്.കാണുന്നതെന്തും മറ്റുള്ളവരില്‍ പരീക്ഷിച്ചു നോക്കാനുള്ള പ്രവണത ഉള്ളവര്‍.മറ്റു കുട്ടികളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് പങ്കുവയ്ക്കാന്‍ അടിയുടെ കഥകള്‍ ഉണ്ടാകാം.അച്ഛനും അമ്മയ്ക്കും ദേഷ്യം വരാന്‍ പാടില്ല എന്നല്ല അങ്ങനെ വരുന്ന സന്ദര്‍ഭത്തില്‍ ഒന്ന് മാറിനിന്നു തിരിച്ചുവരുന്നത് കൂടുതല്‍ തെളിഞ്ഞ ചിന്തയോടെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചേക്കും.ഇങ്ങനെയൊക്കെ പറയുമെങ്കിലും മിക്കപ്പോഴും അത് സാധിക്കാറില്ല എന്നുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് ആ പൊട്ടിത്തെറി കഴിഞ്ഞു കുഞ്ഞുങ്ങളോട് സ്വന്തം ദൗര്‍ബല്യം തുറന്നു പറയുക എന്നതാണ് ചെയ്യാവുന്ന പ്രതിവിധി.
കുട്ടികളോട് നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന അമ്മയോ അച്ഛനോ ആണോ നിങ്ങള്‍.എങ്കില്‍ അറിയാതെ എങ്കിലും നിങ്ങളെ അവഗണിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ കൊടുത്തിട്ട് കുഞ്ഞുങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഉള്ള സമയം കൊടുക്കുക എന്നതാണ് കൂടുതല്‍ ഫലപ്രദമായ രീതി. വളരെയധികം ശ്രമകരവും എന്നാല്‍ നടപ്പിലാക്കിയാല്‍ ഫലപ്രദവുമായ ഒരു നിര്‍ദേശമാണ് ഇത്.പക്ഷേ ഒരിക്കല്‍ അനുഭവം ഉണ്ടായാല്‍ അതൊരു ജീവിതകാലത്തേക്ക് കുട്ടികള്‍ കൂടെ കൂട്ടുകയും ചെയ്യും.പലപ്പോഴും അത് ചെയ്യരുതേ ഇതുചെയരുതേ എന്ന് കൊണ്ട് വിലക്കിട്ടാണ് കുഞ്ഞുങ്ങള്‍ വളരുക. അപകടകരമല്ലാത്ത അതിരുകളെ അവര്‍ ചെയ്തു പഠിച്ചാല്‍ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സ്വാഭാവിക കഴിവ് വന്നുചെരുമെന്നു പഠനങ്ങള്‍ പറയുന്നു.മുറി ക്ലീന്‍ ചെയ്തില്ലെങ്കില്‍ വിഡിയോ ഗെയിം തരില്ലയെന്ന് പറയുന്നതിന് പകരം ക്ലീന്‍ അല്ലാത്ത റൂമിലെ ബുദ്ധിമുട്ടുകള്‍ മകനെ മകളെ പ്രായോഗികതലത്തില്‍ അറിയിച്ചു കൊടുക്കുന്നത് അടുത്ത തവണ മുറി വൃത്തിയാക്കാന്‍ കൂടുതല്‍ ഫലപ്രദം ആകുമെന്ന് സാരം.പലപ്പോഴും പ്രശ്നക്കാരന്‍ അല്ലെങ്കിൽ പ്രശ്നക്കാരി ആയിട്ടുള്ള ഒരു കുഞ്ഞിനു പുറകില്‍ അതിലേക്കെത്തിക്കുന്ന ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ ഉണ്ടാകാം. കുട്ടിയല്ല പ്രശ്നമെന്നും കുട്ടിക്ക് പറയാനുള്ളതാണ് പ്രശ്നകാരണമെന്നും അതെന്താണെന്നും കണ്ടുപിടിച്ചാല്‍ മിക്കപ്പോഴും പ്രതിവിധി മുന്നില്‍ തന്നെയുണ്ടാകും.മാത്രവുമല്ല ഒരുമിച്ചു സംസാരിച്ചു പരിഹരിക്കുന്നതിലൂടെ പലപ്പോഴും മാതാപിതാക്കളിലുള്ള വിശ്വാസവും വര്‍ദ്ധിക്കുന്നു.കുഴപ്പങ്ങളില്‍ ചെന്ന് ചാടിയാലും പരിഹാരം കണ്ടെത്താനുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം കൂടെയുണ്ടെന്നത് ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളര്‍ന്നുവരാന്‍ സഹായിക്കും. ഇന്നത്തെ തലമുറയിലെ മിക്ക മാതാപിതാക്കളും മക്കളെ പുകഴ്ത്തുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണ്.
അധികമായാല്‍ അമൃതും വിഷമാണെന്ന രീതിയില്‍ പോകാതെ ശ്രദ്ധിക്കണമെന്നുളളത് ഒഴിച്ചാല്‍ നല്ല വാക്കുകള്‍ കുഞ്ഞുങ്ങളെ വളരെയധികം സന്തോഷിപ്പിക്കും.മറ്റുള്ളവര്‍ക്ക് മുന്പില് വെച്ച് കുട്ടികളുടെ കുറ്റങ്ങള്‍ പറയരുത് എന്നുളളത് ഒരു അലിഖിതനിയമം ആക്കുന്നതോടൊപ്പം അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ അവര്‍ക്ക് നല്കാന് മടിക്കരുതെന്നും ഒരു നിയമമാക്കുക. പലപ്പോഴും പല കുടുംബങ്ങളിലും അവരുടേതായ രീതിയിലാകും അച്ചടക്ക നടപടികള്‍ പിന്തുടരുക.നിങ്ങളുടെ കുടുംബത്തിനു യോജിച്ച രീതിയില്‍ ഏത് നിയമങ്ങളും കുട്ടികള്‍ക്ക് നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം.പക്ഷേ എന്തും സ്ഥിരമായ രീതിയില്‍ ആകണം. ഒരേ കുറ്റത്തിന് രണ്ടു രീതിയില്‍ പ്രതികരിക്കുന്നത് കുഞ്ഞുങ്ങളെ വളരെയധികം ചിന്താകുഴപ്പത്തില്‍ ആക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.പലപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയോ കുസൃതി കാണിക്കുകയോ ചെയ്യുന്നത് മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാനാകും.കുസൃതി കാണിക്കുന്ന കുട്ടിയെ വഴക്കു പറയുന്ന മാതാപിതാക്കളോട് പറയാനുള്ളത് അവര്‍ അവരെ ശ്രദ്ധിക്കൂ എന്ന് ഏറ്റവും മനോഹരമായി നിങ്ങളോട് പറയുകയാണ് ഓരോ കുബുദ്ധികളിലൂടെ. താഴെയിട്ടു പൊട്ടിക്കുന്ന പൂച്ചട്ടി മുതല്‍ അടുത്തിരിക്കുന്ന കുട്ടിയെ മാന്തുന്നത് വരെ അവര്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് അവരെ കേട്ടുനോക്കൂ, കൂടുതല്‍ മനസിലാക്കാനാകും.
ഒരിക്കലും കുട്ടികളെ ശിക്ഷിക്കാന്‍ വേണ്ടി അച്ചടക്കം പഠിപ്പിക്കരുത് ജീവിതത്തിലേക്കുള്ള നല്ല പാഠങ്ങള്‍ ശീലമാക്കാന്‍ വേണ്ടിയാകാം ഏതു രീതിയിലുള്ള നിയമവും കുട്ടികളോട് പറയുന്നത്.ശിക്ഷയായി അടിച്ചേല്‍പ്പിക്കപ്പെടുന്ന നല്ല ശീലങ്ങള്‍ പൊതുവേ കുട്ടികളെ റിബല്‍ ആക്കുകയും ആ ശീലങ്ങളെ ധിക്കരിച്ചു കാണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടക്കയായാല്‍ മടിയില്‍ വെയ്ക്കാമെന്നും അടക്കമരമായാല്‍ അതിനു നിര്‍വാഹമില്ല എന്നും പണ്ടുള്ളവര്‍ പറഞ്ഞുകേട്ടത് തന്നെയാണ് ഈ പറച്ചില്. കൗമാരക്കാരെ കേള്‍ക്കാം അവരുടെ വാക്കുകള്‍ക്ക് അഭിപ്രായങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം.പതിനെട്ട് വയസാകുന്ന കുട്ടിക്ക് വോട്ടവകാശം മാത്രമല്ല കിട്ടുന്നത് ഉത്തരവാദിത്തങ്ങളും അവകാശങ്ങളും മാതാപിതാക്കളോടുള്ള അടുപ്പവും ഒക്കെ തീരുമാനിക്കപ്പെടുന്ന കാലമാണ് അത്.വീട്ടില്‍ നിന്ന് കിട്ടുന്ന അംഗീകാരം എപ്പോഴും കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പൗരന്മാര് ആകാന്‍ സഹായിക്കും.ഇതിൽ പറഞ്ഞത് അനുസരിച്ച് ജീവിക്കാന്‍ പറ്റണമെന്നില്ല പറ്റായ്കയുമില്ല. ഈ പറഞ്ഞവയെല്ലാം എല്ലാ കുട്ടികള്‍ക്കും മാതാപിതാക്കൾക്കും ബാധകമാകണമെന്നുമില്ല. എങ്കിലും ഏതെങ്കിലും വഴിത്തിരിവുകളില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് നമ്മുടെ രക്ഷയ്ക്ക് എത്താം.
റംഷു പൊന്നാനി