എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി ഇല്ലാതെ നിന്ന സമയം കാറ്ററിങ് പോയി അറിയാതെ കുറച്ചു മീൻ കറി ഒരു ചേച്ചിയുടെ ദേഹത്തേക്ക് ശേഷം

എന്റെ എൻജിനീയറിങ് പഠനം ഒക്കെ കഴിഞ്ഞ 2008 കാലഘട്ടം സാമ്പത്തിക മാന്ദ്യം എല്ലാവരെയും തകർത്തത് പോലെ എന്നെയും തകർത്തു. ജോലി ഒന്നും തന്നെ കിട്ടിയില്ല രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ശംഖുമുഖത്തും കനകക്കുന്നിലും ആയി കറങ്ങി നടന്ന കാലഘട്ടം. അങ്ങനെയിരിക്കെ നിത്യച്ചിലവിന് വട്ടം എത്തിക്കുവാൻ ആയി കാറ്ററിങ്ങിനു പോകുവാൻ തീരുമാനിച്ചു. അടുത്തറിയാവുന്ന കൂട്ടുകാരനോട് ചോദിച്ചു.അളിയാ ഞാനും വന്നോട്ടെ എന്ന് വർക്ക് വല്ലതും ഉണ്ടെങ്കിൽ എന്നെ കൂടി കുട്ടുമോ ഡാ എന്ന് ഞാൻ ചോദിച്ചു.ഇന്ന് തന്നെ വരൂ വൈകുന്നേരം ഒരു വർക്ക് ഉണ്ട്.ഞങ്ങൾ നേരത്തെ തന്നെ അവിടെ എത്തി ജന്മദിനആഘോഷത്തിനുള്ള സെറ്റപ്പൊക്കെ അടിപൊളി. ഞങ്ങൾ പതിയ യൂണിഫോം ഒക്കെ ധരിച്ച് വിളമ്പാൻ ഉള്ള ആഹാരം ഒക്കെ സെറ്റ് ചെയ്തു. ഞാൻ ഇ വർക്കിൽ പുതിയത് ആയതിനാൽ എന്നെ അവർ സെക്കൻഡ്‌സ് വിളമ്പാൻ ആണ് ഏല്പിച്ചത് അതും നല്ല മുളകിട്ട മീൻകറി.

ഒരു പാത്രം നിറയെ മീൻകറിയും ആയി രണ്ടാമതും വേണോ എന്ന് ചോദിച്ചുകൊണ്ട് ഓരോ മേശയും നോക്കി ഞാൻ നടന്നുകൊണ്ടിരുന്നു. അങ്ങനെ മീൻകറി വിളംബുന്നതിനിടയിൽ ഒരു സ്ത്രീയുടെ കയ്യിൽ തട്ടി മീൻകറി അവരുടെ സാരിയിൽ വീണു. കാലിന്മേൽ എടുത്തുവച്ചിരുന്ന സാരിയുടെ തുമ്പിൽ ആണ് വീണത്.പരിസരം ഒന്നും നോക്കാതെ ആ സ്ത്രീ ഇംഗ്ലീഷിൽ ചീത്ത വിളിച്ചു. ചീത്തവിളി തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പേടിച്ചരണ്ട് മുഖം ഒക്കെ വിളറി അങ്ങനെ നിൽകുവാണ്. ഞാൻ പറഞ്ഞു മാഡം അറിയാതെ പറ്റിയതാണ് ക്ഷമിക്കണം എന്ന് പറഞ്ഞു.നിന്റെ ഒരു ക്ഷമ നിന്നെയൊക്കെ ഞങ്ങൾക്ക് അറിയാം എന്നും പറഞ്ഞുകൊണ്ട് കുറെ അമ്മാവന്മാരും രംഗത്ത് വന്നു. സീൻ വീണ്ടും കടുത്തു അതിൽ ഒരു അമ്മാവൻ ആ സ്ത്രീയുടെ സാരിയിൽ വെള്ളം ഒക്കെ എടുത്തു വീഴ്ത്തി വൃത്തിയാക്കാൻ തുടങ്ങി.മീൻകറി അല്ലെ സാധനം അത് തുണി മുഴുവൻ പടരാൻ തുടങ്ങി ഇതുകണ്ട് വീണ്ടും നിർത്താതെ അമ്മാവന്മാർ എന്നെ നോക്കി ചീത്ത വിളിച്ചുകൊണ്ടേയിരുന്നു.

ഞാൻ സാവകാശം അവരോടു പറഞ്ഞു മാഡം ഞാൻ ഇത് ഇപ്പോൾ തന്നെ കഴുകി വൃത്തിയാക്കി തരാം. കുറച്ചു നേരത്തിനു ശേഷം അവർ ഒന്ന് തണുത്തു. വീടിനുള്ളിലെ പൈപ്പിൽ നിന്നും കുറച്ചു ഡിറ്റര്ജന്റ് ഒക്കെ കൊണ്ട് എങ്ങനെയൊക്കെയോ ഒരു വിധത്തിൽ കഴുകി വൃത്തിയാക്കി ഒരു വിധത്തിൽ കാണാൻ ഭംഗി ഉള്ള സാരി ആക്കി മാറ്റിയെടുത്തു.കഴുകിയിറങ്ങി പുറത്തു വന്നപ്പോഴും അമ്മാവന്മാരുടെ അരിശം തീർന്നില്ല. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ നിരാശ കലർന്ന മുഖവും ആയി പുറകുവശത്തേക്കു പിൻവലിഞ്ഞു.കാറ്ററിങ് ഒക്കെ കഴിഞ്ഞു കൂട്ടുകാരൻ അടുത്ത് വന്നു. അളിയാ പോട്ടെ കാര്യമാക്കണ്ട വിട്ടുകള എന്ന് പറഞ്ഞുകൊണ്ട് അവൻ ഒരു ഇരുന്നൂറ് രൂപ കൈയിൽ തന്നു. ഞാൻ ചെറുചിരിയോടെ ആ പൈസ അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.എന്നിട്ട് ഞാൻ പറഞ്ഞു അളിയാ എനിക്ക് ഈ കാശ് വേണ്ട ഞാൻ ഒരു ജോലിയും തന്നെ ചെയ്തിട്ടില്ല. നിങ്ങൾക്കു ഒക്കെ ചീത്തപ്പേര് ആയി ക്ഷമിക്കണം എന്നോട് ഞാൻ പറഞ്ഞു.ഈ സംഭവം ആഴത്തിൽ പതിച്ചതിനാലാവാം എവിടെ ഭക്ഷണം കഴിക്കാൻ പോയാലും അതു വിളമ്പുന്നവരോട് ഒരു ചെറു പുഞ്ചിരിയോടെ പെരുമാറും. അവരും ചിരിക്കും. ആ ചിരിയിൽ എനിക്ക് എന്റെ പഴയ ആ നിരാശയും ദുഖവും കലർന്ന ആ ചിരി ഇപ്പോഴും കാണുവാൻ കഴിയും.
അനീഷ് ഓമന രവീന്ദ്രൻ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these