അവൻ തുണി ഒകെ വാങ്ങിയ ശേഷം ബിൽ ചെയ്യാൻ വന്നപ്പോൾ ഞാൻ ചോദിച്ചു മനോജേ അമ്മയ്ക്ക് ഒന്നും വാങ്ങിയില്ലേ

അവൻ ഗൾഫിൽ നിന്ന് ഓണത്തിന് രണ്ടാഴ്ചത്തെ ലീവിന് നാട്ടിലേക്ക് വന്നതാണ് മനോജ് നാട്ടിലെത്തിയ പിറ്റേ ദിവസം തന്നെ ഭാര്യയേയും, രണ്ട് മക്കളെയും, അമ്മയേയും കൂട്ടി നഗരത്തിലെ ഏറ്റവും വലിയ ടെക്സ്‌റ്റൈൽസിൽ തന്നെ ഷോപ്പിങ്ങിന് പോയി.മണിക്കൂറുകൾ നീണ്ട പർച്ചേസിന് ശേഷം ബില്ലടക്കാനായി മനോജ് ക്യാഷ് കൗണ്ടറിലെത്തി.തന്റെ കളിക്കൂട്ടുകാരൻ കൂടിയായ നിസാമാണ് ക്യാഷ് കൗണ്ടറിലുള്ളത്.ഓരോരോ ഐറ്റംസ്‌ എടുത്ത് പ്രൈസ് നോക്കി ബില്ലടിക്കുന്നതിനടയിൽ നിസാം ചോദിച്ചു.കുറെ ലീവുണ്ടോടാ.?ഇല്ലെടാ രണ്ടാഴ്ച്ച 22 ന് തിരിച്ച് പോവും.അമ്മയും കുട്ടികളും ഭാര്യയും കുറച്ച് മാറി സോഫയിലിരിക്കുകായാണ്.16,000 രൂപയുടെ ബില്ല് കൊടുത്ത് ക്യാഷ് വാങ്ങി എണ്ണി നോക്കി നിസാം മനോജിനോട് ചോദിച്ചു.

അല്ലാ മനോജേ ഇതില് അമ്മാക്കുള്ള ഐറ്റംസ് ഒന്നും കണ്ടില്ലാലോ ഓ അതോ അമ്മാക്ക് ഞാൻ വിഷുവിന് എടുത്ത് കൊടുത്തതാടാ പിന്നെ അമ്മക്ക് ഞാൻ മാത്രമല്ലാലോ മകനായി ഉള്ളത്. വേറെയും മൂന്നാൾ ഇല്ലേ കല്യാണമായാലും ഉൽസവമായാലും ഓണമായാലും അസുഖം വന്നാലും ഒക്കെ ഞാൻ തന്നെ ചിലവാക്കണം മാത്രമല്ല ഞാനിപ്പം കുറച്ച് ട്ടൈറ്റിലാ.അവന്റെ മറുപടി കേട്ട നിസാം ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചു.ഒന്നും വാങ്ങിക്കൊടുക്കുന്നില്ലേൽ പിന്നെ എന്തിനാടാ ആ പാവത്തിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്.അത് പിന്നെ കുട്ടികളെ നോക്കാൻ ഒരാളില്ലെങ്കിൽ ഒന്നും നോക്കി എടുക്കാൻ കഴിയില്ലടാ. അവര് അവിടേം ഇവിടേം ഒക്കെ ഓടി നടന്ന് അതും ഇതും ഒക്കെ വലിച്ചിട്ട് ഒരു സമാധാനവും തരില്ല. അമ്മ ഉണ്ടേൽ പിന്നെ അമ്മ നോക്കിക്കോളുമല്ലോ.

വളരെ നിസ്സാരമായി അത് പറഞ്ഞ് സാധനങ്ങൾ എല്ലാം എടുത്ത് അയാൾ തിരിഞ്ഞു നടന്നു..മനോജിനും, ഭാര്യക്കും പിറകിലായി രണ്ട് കുഞ്ഞുങ്ങളുടെ കൈപിടിച്ച് പുറത്തേക്ക് നടക്കുന്ന ആ അമ്മയെ കണ്ടപ്പോൾ നിസാമിന് വല്ലാത്ത സങ്കടം തോന്നി. അടുത്തുണ്ടായിരുന്ന അഖിലിനോടായി ഇങ്ങനെ പറഞ്ഞു.ഭാര്യക്ക് മൂന്ന് കൂട്ടവും, മക്കൾക്കും അവനും ഈരണ്ട് കൂട്ടവും എടുത്ത അവന് അമ്മക്ക് ഒരു കൂട്ടം എടുത്ത് കൊടുക്കാൻ ട്ടൈറ്റ് ആണ് പോലും. വിഷുവിന് എടുത്തു കൊടുത്തിട്ടുണ്ടെത്രേ ആ അമ്മയുടെ കൈപിടിച്ച് പോകുന്ന മക്കള് ഇതൊക്കെ കണ്ട് വളരട്ടെ പലിശ സഹിതം തിരിച്ചു കിട്ടുമ്പോഴേ ഇവനൊക്കെ പഠിക്കൂ.അന്ന് രാത്രി കിടക്കാൻ നേരത്ത് മനോജിന്റെ അഛൻ ആ അമ്മയോട് ചോദിച്ചു.

അവരെ കൂടെ പോയിട്ട് നീയൊന്നും എടുത്തില്ലേ.ഇല്ല മനോജും, മോളും കുറെ നിർബന്ധിച്ചതാ ഞാൻ വേണ്ടാന്ന് പറഞ്ഞതാ.കരഞ്ഞു പോകുമെന്ന് ഭയം ഉള്ളത് കൊണ്ടാവണം തല താഴ്ത്തികൊണ്ടാണ് അമ്മ അത് പറഞ്ഞത്.കളവ് പറഞ്ഞു ശീലമില്ലാത്തത് കൊണ്ടും ശബ്ദത്തിലെ പതർച്ച കൊണ്ടും അഛന് പെട്ടെന്ന് കാര്യം മാനസ്സിലായി.നീയതൊന്നു എന്റെ മുഖത്തേക്ക് നോക്കിപറഞ്ഞേ. കണ്ണുകളുയർത്തി ആ മുഖത്തേക്ക് നോക്കിയപ്പോഴേക്കും അമ്മയുടെ കവിളിലേക്കു രണ്ട് തുള്ളി കണ്ണീര് ഉറ്റി വീണിരുന്നു.അമ്മയെ ചേർത്ത് പിടിച്ച് കൈവിരലുകൾ കൊണ്ട് കണ്ണീര് തുടച്ച് കൊണ്ട് അഛൻ പറഞ്ഞു.സാരമില്ലാ പോട്ടേ നമ്മളെ കുട്ടികളല്ലേ അവർക്ക് അത്രയല്ലേ അറിവുള്ളൂ അല്ലേലും പുതിയതൊക്കെ ഇട്ട് ഈ വയസ്സ് കാലത്ത് നമ്മളെവിടെപ്പോവാനാ?

പുതിയത് ഇടാനുള്ള പൂതി കൊണ്ടൊന്നല്ല ഇന്നാലും ന്റെ കുട്ടി ‘അമ്മയ്ക്ക് എന്തേലും വേണോ’ ന്നൊരു വാക്ക് പോലും ചോദിച്ചില്ലാലോ ഞാൻ എങ്ങനെ പോറ്റിവളർത്തിയ കുട്ടിയാ.ഓന് അത് പറഞ്ഞു കഴിയുമ്പോഴേക്കും അമ്മയുടെ കവിളിലൂടെ കണ്ണുനീര് ഒരു മഴയായ് പെയ്തു തുടങ്ങിയിരുന്നു.ഒരു ചുമരിനപ്പുറം തൻറെ അവഗണന കൊണ്ട് വിങ്ങിപ്പൊട്ടുന്ന ഒരു മാതൃഹൃദയമുണ്ടെന്നറിയാതെ മനോജും ഭാര്യയയും ഓണത്തിന്നെടുത്ത പുതുക്കോടി ഓരോന്നായി എടുത്തു നോക്കി അതിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു.ഒരുപക്ഷെ ഇത് വായിക്കുന്നവരിൽ ഇതുപോലെയുള്ള മനോജ്മാരുണ്ടാവാം.. അല്ലെങ്കിൽ നമുക്ക് ചുറ്റും ഇത് പോലെയുള്ള ധാരാളം മനോജ്മാരുണ്ട് അവരോടായി ചില കാര്യങ്ങൾ കൂടി പറഞ്ഞു അവസാനിപ്പിക്കാം.ഒരു ഓണത്തിന് ഡ്രസ്സ് എടുത്ത് കൊടുക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ കാര്യമൊന്നും അല്ല.

ഓണത്തിന് പുതിയ ഡ്രസ്സ് കിട്ടാത്തത് കൊണ്ടല്ല ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. ഭാര്യയേയും, മക്കളെയും പരിഗണിക്കുന്നതിനിടയിൽ അവഗണിക്കയപെട്ടുപോയ ഒരു മാതാവിന്റെ ഹൃദയവേദനയായിരുന്നു അത്.ഇത് പോലെ നിത്യജീവിതത്തിൽ നമ്മൾ നിസ്സാരമായി കരുതുന്ന പല അവസങ്ങളിലും ഇത്തരം അവഗണനകൾ മാതാപിതാക്കൾ അനുഭവിക്കാറുണ്ട്. അതൊന്നും കാണാനുള്ള കാഴ്ച്ച നമ്മുടെ കണ്ണുകൾക്ക് ഉണ്ടാവാറില്ല എന്ന് മാത്രം.പത്ത് ഇരുപത്തിയഞ്ചു വയസ്സ് വരെ ഓരോ മാതാപിതാക്കളും എത്ര കഷ്ടപ്പെട്ടാണ് മക്കളെ വളർത്തികൊണ്ട് വരുന്നത്. പിന്നീട് തരക്കേടില്ലാത്ത ഒരു ജോലിയും ഒരു പെണ്ണും ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ മാതാപിതാക്കൾ രണ്ടാം നമ്പറായി മാറുന്നത്.മാതാപിതാക്കൾക്ക് ഡ്രസ്സ് എടുത്ത് കൊടുക്കുന്നതിനും, മരുന്ന് വാങ്ങിക്കൊടുക്കുന്നതിനും വരെ പിശുക്ക് കാണിക്കുകയും, കണക്ക് പറയുകയും ചെയ്യുന്നവർ ഈ ചരിത്രം കൂടി ഒന്ന് വായിക്കണം.

ഒരു മനുഷ്യൻ തന്റെ അമ്മയെ പമ്പയിൽ നിന്ന് ശബരിമലയിലേക്ക് ചുമലിൽ ഏറ്റി കൊണ്ട് വന്നു. അമ്മയേയും ചുമലിലേറ്റി ദർശനം ചെയ്തു വഴിപാടുകൾ ചെയ്തു. എന്നിട്ട് ഗുരുസ്വാമിയോട് ചോദിച്ചു.ഞാൻ എന്റെ അമ്മയെ പമ്പയിൽ നിന്ന് ചുമലിലേറ്റിയാണ് കൊണ്ട് വന്നത്.അമ്മയുടെ ശബരിമല ദർശനം കഴിയുന്നത് വരെ അമ്മ എന്റെ ചുമലിൽ തന്നെയായിരുന്നു.എന്റെ അമ്മക്ക് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയാണിത്. ഞാൻ എന്റെ അമ്മയോടുള്ള ബാധ്യത പൂർത്തീകരിച്ചുവോ ഗുരുസ്വാമി ഉത്തരം നൽകി ഇല്ല ഒരിക്കലുമില്ല പ്രയാസങ്ങളുടെ മേൽ പ്രയാസം സഹിച്ചു കൊണ്ട് നിന്റെ അമ്മ നിന്നെ ഗർഭം ചുമന്നതിന്റെ ഒരംശത്തിന്ന് പോലും ഇത് പകരമാകുന്നില്ല.എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഒരു ഓണത്തിനോ വിഷുവിനോ, മറ്റു അവസരങ്ങളിലും ഡ്രസ്സ് എടുത്ത് കൊടുത്തത് കൊണ്ടോ, അവർക്ക് വേണ്ടി ഹോസ്പിറ്റലിലെ ബില്ലടച്ചത് കൊണ്ടോ, ഗൾഫിൽ നിന്ന് പോകുമ്പോൾ അമ്മക്ക് ഒന്നര പവന്റെ മാല കൊണ്ടുപോയി കൊടുത്തത് കൊണ്ടോ തീരുന്നതല്ല മാതാവിനോടുള്ള കടപ്പാട്.മാതാപിതാക്കൾക്ക് പ്രായമായാൽ നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവര് നമ്മെ പോറ്റിവളർത്തിയപോലെ സ്നേഹത്തോടെ വാത്സല്യത്തോടെ, പരിഗണനയോടെ അവരെ ചേർത്ത് പിടിക്കാൻ സാധിക്കണം അപ്പോൾ അവരുടെ മുഖത്തിനും ജീവിതത്തിനുമൊരു തിളക്കമുണ്ടാകും ആ തിളക്കം വെളിച്ചമേകുന്നതാകട്ടെ നമ്മുടെ തന്നെ ജീവിതത്തിനുമായിരിക്കും മാതാപിതാക്കളെ നിഷ്കളങ്കമായ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മക്കളാവാൻ നമുക്കൊക്കെ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these