നമ്മുടെ ജീവിത വിജയത്തിന് ഉപകരിക്കുന്ന ഏറ്റവും വലിയ ഒരു ഗുണമാണ് അച്ചടക്കം എന്നത്. നമുക്ക് മറ്റ് എല്ലാ കഴിവുകളും ഉണ്ടായിട്ടും അച്ചടക്കം ഇല്ലെങ്കിൽ ജീവിതത്തിൽ പരാജയം തന്നെ സംഭവിക്കും. അതുകൊണ്ടു തന്നെ ഇന്നുള്ള വിദ്യാഭ്യാസ മേഖലകളിൽ അച്ചടക്കത്തിന് വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു വ്യക്തിയിലും നാം അച്ചടക്കം അടിച്ചേൽപ്പിക്കേണ്ടതല്ല. അത് സ്വയം ശീലിക്കേണ്ട ആത്മ ഗുണമാണ്. അച്ചടക്കം എന്നാൽ ഒന്നും മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നത് അല്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട വിധത്തിൽ ചെയ്യുക എന്നതാണ് അച്ചടക്കം. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ട പ്രധാന ഒരു കാര്യം ചെയ്യേണ്ട കാര്യങ്ങളാണ് നാം ചെയ്യേണ്ടത് എന്നതാണ്. അതുപോലെതന്നെ ചെയ്യേണ്ടാത്തതായ കാര്യങ്ങൾ ചെയ്യാനും പാടില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യുകയും വേണം. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നാണല്ലോ. ചെറുപ്പകാലങ്ങളിൽ തന്നെ നമുക്ക് അച്ചടക്കമുള്ള ഒരു ജീവിതരീതി അത്യാവശ്യമാണ്.
ഇതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കാൻ ഇടയായത് കഴിഞ്ഞ ദിവസം നേത്രാവതി സെക്കൻഡ്സിൽ കണ്ട ഒരു കാഴ്ച ആണ്. ചെറുപ്പക്കാരായ കപ്പിൾസ് ഇരുന്ന ഒരു സീറ്റ്. രാത്രിയിൽ എവിടെയോ അവർ ഇറങ്ങി. എന്നാൽ അവർ ഇരുന്ന സീറ്റിൽ അവർ തിന്നതിന്റെ വേസ്റ്റുകളും വേസ്റ്റ് ബിന്നിൽ ഇടാൻ പോലും സാധിക്കാതെ കുപ്പികളും ഒക്കെയും ഉണ്ടായിരുന്നു. ഇതിൽ നിന്ന് നാം എന്താണ് മനസിലാക്കുന്നത്. നാം ചെയ്യുന്നത് കൊണ്ടല്ലേ നമ്മുടെ കുട്ടികളും പഠിക്കുന്നത്. ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നതു കൊണ്ട് എന്ത് ഗുണം ആണുള്ളത്. മുട്ടായി കടലാസും കവറുകളും കുറെ കുപ്പികളും ആ സീറ്റിൽ ഇട്ടിട്ടുണ്ടായിരുന്നു. അതുമാത്രമല്ല പേപ്പറിൽ ചുരുട്ടിയ രീതിയിൽ ആഹാരം കഴിച്ചതിന്റെ വേസ്റ്റുകൾ സീറ്റിനടിയിൽ ഉണ്ടായിരുന്നു. നാം എപ്പോഴും വൃത്തിയുള്ളവയായിരിക്കണം. നാം പൊതുമുതൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ പഠിക്കണം. കാരണം നിപ്പ, കൊറോണ പോലെയുള്ള പുതിയ പുതിയ രോഗങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാം ഉപയോഗിക്കുന്ന വസ്തുക്കൾ കൃത്യമായി വേസ്റ്റ് ബോക്സുകളിൽ നിക്ഷേപിക്കുക.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന കടമ മിക്ക ആളുകളും കാണിക്കാറില്ല. എന്തുമാത്രം വൃത്തികേട് ആകാമോ എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നവരാണ് മിക്ക ആളുകളും. അതുപോലെതന്നെ പൊതുമുതൽ നശിപ്പിക്കാൻ മുൻകൈ എടുക്കുകയും ചെയ്യും. ഈ ഒരു സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് വിദ്യാഭ്യാസം കൊണ്ട് വലിയ പ്രയോജനമില്ല. അതിനോട് കൂടെ തന്നെ അച്ചടക്കവും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം. അതുപോലെ തന്നെ പൊതുസമൂഹത്തെ കരുതാനും സ്നേഹിക്കാനും പഠിക്കുക.
നാം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളും മറ്റും എല്ലാ മനുഷ്യർക്കും ജീവജാല ങ്ങൾക്കും ആരോഗ്യകരമായ രീതിയിൽ വസിക്കാൻ യോഗ്യം ആക്കുക എന്നത് ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ ബാധ്യതയാണ്. നമ്മുടെ ഓരോരുത്തരു ടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും ഉപരി വൃത്തിയിലും പരിസ്ഥിതി അവബോധത്തിലും മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യസ്തത പുലർത്താൻ നാം തയ്യാറായിരിക്കണം. പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല . മെട്രോ ട്രെയിനുകളിൽ മദ്യപിച്ചെത്തുന്ന വരെയും പുകവലിക്കുന്നവരെയും യാത്ര ചെയ്യാൻ അനുവദിക്കാറില്ല. മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന ഒരു നടപടികളും മെട്രോ ട്രെയിനുകളിൽ അനുവദിക്കില്ല. മെട്രോ ട്രെയിനുകളിൽ അതിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും സമ്മതിക്കില്ല. ട്രെയിനും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നാണ് നിയമം. ട്രെയിനുകൾക്കുള്ളിൽ ക്യാമറ നിരീക്ഷണം ഉണ്ടായിരിക്കും. നാം യാത്ര ചെയ്യുന്ന ഏതു പൊതു വാഹനം ആയാലും അത് വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.