അച്ഛനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് ഉപേഷിക്കുന്നതിനു മുൻപ് അവസാനമായി മകൻ പറഞ്ഞു

ഒരു ചേർത്ത് പിടിക്കലിൻ്റെ അളക്കാനാവാത്ത ബോധ്യം ആണിത്.ശ്വാസം നിലയ്ക്കും മുൻപ് ഒരാളെയെങ്കിലും ഇങ്ങനെയൊന്ന് ചേർത്ത് പിടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ‘നാം ഉയിരോടെ ജീവിച്ചു’ എന്നുറപ്പിച്ചു പറയാനാവും എന്ന് കരുതുന്നു.അതിന്,നമുക്ക് നമ്മോടും,അപരനോടുമുള്ള ഉള്ളുണർന്ന ശ്രദ്ധ അനിവാര്യമാണെന്ന് തോന്നുന്നു.ഒരിക്കൽ ഒരു വിളി വന്നു. നജീബ്ക്ക. തിരുവനന്തപുരത്ത് നിന്ന് സർക്കാർ ഓഫീസിൽ നിന്നാണ്.പ്രിയപ്പെട്ട സുഹൃത്ത് ഷീലയാണ് ഒരാളുണ്ട്.ബന്ധങ്ങൾ എല്ലാം വിച്ഛേധിക്കപ്പെട്ട ഒരു മനുഷ്യൻ.തീരെ അവശനായപ്പോൾ, ഉണ്ടായിരുന്നതല്ലാംകയ്യിലാക്കി ,വേണ്ടപ്പെട്ടവർ അയാളെ അമ്പലനടയിൽ ഉപേക്ഷിച്ചതാണ്.എന്ത് ചെയ്യുമെന്നറിയുന്നില്ല.തീരെ അവശനാണ്.കാഴ്ചയും കാലിന്റെ സ്വാധീനവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യരെക്കുറിച്ച് പറഞ്ഞുള്ള ഇത്തരം വിളികൾ ഞങ്ങൾക്കിടയിൽ പതിവ് കാര്യമായത് കൊണ്ട് വലിയ പുതുമയൊന്നും അനുഭവപ്പെട്ടില്ല.പിന്നീടുള്ള ഷീലയുടെ വാക്കുകൾ ഉള്ളുലച്ച് കടന്നു പോയി.ദൈവമേ.ഒരു ജീവനുള്ള മനുഷ്യനാണ്.

ഷീലാ.ഇങ്ങോട്ട് കൂട്ടികൊണ്ട് വരാം,കുറ്റിപ്പുറത്ത്ഇല’യിലേക്ക്.അയാൾക്ക് തെല്ലൊരു ആശ്വാസം കൊടുക്കാൻ നമുക്ക് ശ്രമിച്ചു നോക്കാം.ഫോൺ വെച്ചു.വെയിറ്റിംഗ് ഷെഡ്ഡിൽ ഒരു മൂലയിൽ പൂച്ചയും, പട്ടിയും തുണയായി വെള്ളം മാത്രം കുടിച്ച് അവശനായി കിടക്കുന്ന ആ മനുഷ്യൻ്റെ ചിത്രം എടുത്ത് ആരോ ഒരാൾ പ്രചരിപ്പിച്ചു.പോലീസും,അധികാരികളും ഇടപ്പെട്ടു.അങ്ങനെയാണ് അയാളുടെ നിസ്സഹായാവസ്ഥ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയത്.അവിടുന്നാണ് ഷീലയുടെ വിളി വരുന്നത്.പിന്നീട് പലപ്പോഴായി അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചു,ചില ആവശ്യങ്ങളും,കാര്യങ്ങളും കൈമാറപ്പെട്ടു.നേരിൽ കാണാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരാത്മ ബന്ധം രൂപപ്പെട്ടതായി തോന്നിയതോടെ ഒരിക്കൽ നേരിട്ട് തന്നെ അദ്ദേഹത്തെ കാണുന്നതിന് വേണ്ടി തൽക്കാലം താമസിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.ഫോണിൽ സംസാരിച്ച് ശബ്ദം കേട്ട് മാത്രം പഴക്കമുള്ള ഞങ്ങൾ.കൊടുങ്ങല്ലൂരിൽ വെച്ചുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ അയാൾ എൻ്റെ തോളിലേക്ക് തല ചായ്ച്ച് തേങ്ങിക്കൊണ്ടിരുന്നു.

ആ മനുഷ്യൻ്റെപാതി വെന്തഹൃദയത്തിന്, പൊട്ടിയൊലിച്ച ലാവയുടെ ചൂടായിരിക്കണം. അങ്ങനെത്തന്നെയാണ്.കണ്ണിൻ്റെ ശസ്ത്രക്രിയയ്ക്ക് ശേഷം,ശരീരവും,മനസ്സും വെന്തുരുകിയ അയാളെ നല്ല ചികിത്സയ്ക്ക് വേണ്ടി ഒരു ആയുവേദആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇല’യിലെ മാണിക്യങ്ങൾ, അസ്‌ലമും, ജമാനും,അമീറും,മധുവും, നാസിമും,ശംനയും മറ്റുള്ളവരും കൂടി അനൂപിൻ്റെ നേതൃത്വത്തിൽ, എങ്ങോട്ടും ചാഞ്ഞു പോവാതിരിക്കാൻ അയാളുടെ ചുറ്റും നിന്ന് കൈ കോർത്ത് പിടിച്ചു.ജീവിതത്തിലേക്ക് തിരികെ നടക്കാൻ അയാൾക്ക് സാധിക്കുമെന്ന ആത്മധൈര്യം വീണ്ടെടുത്തപ്പോഴുംഎന്തിനാണ്,എങ്ങോട്ടാണ് ഇനിയുംസഞ്ചരിക്കേണ്ടത് എന്നത് ഒരു ചോദ്യമായി അയാളുടെ മുന്നിൽ വന്നു നിന്നു.നിശ്ചലമായ അയാളുടെ ചിന്തകൾ, ഒരിടത്തേക്കും ഒഴുകാതെ കെട്ടിനിൽക്കുന്ന വെള്ളം കണക്കെ യായിരുന്നു.ഒരു നദി പോലെ ഒഴുകി കൊണ്ടിരിക്കുന്ന ജീവിതം പ്രളയം വരുമ്പോൾ ചുഴിയിൽ അകപ്പെടും; ഒഴുക്ക് നിൽക്കുമ്പോൾ തട്ടിത്തടഞ്ഞ് കരയിൽ അടിഞ്ഞു നിൽക്കും.

പിന്നെ, എപ്പോഴെങ്കിലുമൊക്കെ ശാന്തമായും ഒഴുകിയിട്ടുണ്ടാകും.തോതിൽ അൽപസ്വൽപം വ്യത്യാസം കാണുമെങ്കിലുംനാം ഓരോരുത്തരും ഇതൊക്കെ അനുഭവിച്ചവരായിരിക്കാനാണ് സാധ്യത.ചിലപ്പോഴെങ്കിലുംനിസ്സഹായരായി അങ്ങനെ നിന്ന് കൊടുക്കുക മാത്രമേ വഴിയുള്ളൂഎന്നതാണ് യാഥാർത്ഥ്യം.ഇപ്പോൾ പരമാവധി ശാന്തമാണ് അയാളുടെ മനസ്സ്.ഇല’യുടെ കരുതലിൽ കഴിയുന്ന , ക്യാൻസർ ബാധിച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ,മാനസികരോഗികൾ, വിധവകൾ,അനാഥബാല്യങ്ങൾ,വാർദ്ധക്യം വന്നു കിടപ്പിലായിപ്പോയവർ,തുടങ്ങി പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യർക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും വാങ്ങിയെടുത്ത്തളർന്നു പോയവർക്ക് തണൽ വിരിക്കുകയാണ് ഇപ്പോൾ ഈ മനുഷ്യൻ.ഇടക്കിടെ അദ്ദേഹം പറയും,ഇക്കാ നിങ്ങൾ എന്നെ വെറുതെയിരുത്തരുത്.എൻ്റെ ചിന്തകൾ കാട് കയറിപ്പോവുന്നു.നീണ്ട മുപ്പത് വർഷ ക്കാലം വിദേശത്ത് നല്ല പത്രാസിൽ ജീവിച്ച്, ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ച്,കുടുംബത്തെവേണ്ട പോലെ സംരക്ഷിച്ച്,ഒരു ചെറിയ വട്ടത്തിനുള്ളിലെ കാഴ്ചകൾ മാത്രം കണ്ട് കൊണ്ടിരുന്ന ഈ മനുഷ്യൻ്റെ ശരീരം തളർന്നതോടെയാണത്രെ, ‘ഇയാളെക്കൊണ്ട് ഇനി എന്ത് നേട്ടം എന്ന് കുടുംബം ചിന്തിച്ചത്.

മാത്രമല്ല, തളർന്നു പോയ ഇയാളെ ശുശ്രൂഷിച്ചു സമയം കളയാനവില്ല എന്ന ചിന്തയിൽ ആണ് സ്വന്തം മകൻ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് ഉപേക്ഷിച്ചത്.അവസാനമായി ആ മകൻ പറഞ്ഞതിങ്ങനെയാണത്രേ. അച്ഛൻ ഇരിക്കൂ;ഞാൻ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം.പിന്നീട് അവനെയും കാത്തുള്ള ഇരിപ്പ് കിടപ്പായി,പിന്നെ തളർന്നു പോയി.ഇല’യിൽ വെച്ച് പോയ മാസം ഈ മനുഷ്യനോടുള്ള സ്നേഹവും,കരുതലും അനുഭവിപ്പിക്കാനും കൂടി വേണ്ടി ഞങ്ങൾ ഒരുമിച്ചുകൂടി.അദ്ദേഹത്തോടുള്ള ആദരവറിയിച്ച് സ്നേഹപ്പുടവ പുതച്ച്, ചേർത്ത് പിടിച്ചപ്പോഴുള്ളഡോ. മുജീബിൻ്റെ വികാരനിർഭരമായ മുഖം കണ്ട് കൂടി നിന്നവരുടെ കണ്ണ് നനഞ്ഞു.അവരോടായിഅയാൾ പറഞ്ഞ വാക്കുകൾ ഇതായിരുന്നു.ഹേ ജനങ്ങളേ.എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി മാത്രം ജീവിച്ച ഞാൻ ഇന്ന്സന്തുഷ്ടനാണ്.

കാരണം ഒരുപാട് മനുഷ്യർക്ക് കരുതലായി നിൽക്കാൻ ഇന്നെനിക്ക് സാധിക്കുന്നുണ്ട്.എനിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചവരോട്സ്നേഹമേ ഉള്ളൂ.നിങ്ങൾ എന്നെ പുറം തള്ളിയില്ലായിരുന്നെങ്കിൽ ഇന്ന് ഈ ‘ഇല’യിൽ ഏറ്റവും പാവപ്പെട്ട മനുഷ്യർക്ക് വേണ്ടിഎന്നെ എനിക്ക് ചലിപ്പിക്കാൻ സാധിക്കില്ലായിരുന്നു.ആയതിനാൽ നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്. നന്ദിയുണ്ട്.ഒറ്റ കാര്യം കൂടിപ്പറയട്ടെ.കുടുംബത്തിന് വേണ്ടി,മക്കൾക്ക് വേണ്ടി നിങ്ങൾ ആവശ്യത്തിൽ കൂടുതൽ ബാക്കി വെക്കരുത്.ഒരു പക്ഷേ നിങ്ങൾ ഉപേക്ഷിക്കപ്പെട്ടേക്കാം. സൂക്ഷിക്കുക.ജീവിതം മറ്റുള്ളവർക്ക് കൂടി വേണ്ടി യുള്ളതാണെന്ന് പഠിക്കാൻവൈകണ്ട. എല്ലാവർക്കും നല്ലത് വരട്ടെ. പ്രാർത്ഥനയോടെഅയാളുടെ വാക്കുകൾ അന്തരീക്ഷത്തിലേക്ക് പരന്നു പരന്നു ലയിച്ചു ചേർന്നിട്ടുണ്ടാവണം.
കടപ്പാട് ശ്രീ നജീബ് കുറ്റിപ്പുറം

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these