ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും അമൃത സുരേഷ് എന്ന ഗായികയും മലയാളി പ്രേക്ഷകർക്കും മലയാള സിനിമ ലോകത്തിനും വളരെ വേണ്ടപ്പെട്ടവരാണ്. സംഗീതത്തിലൂടെ മലയാളി ആസ്വാദകരെ സന്തോഷിപ്പിച്ചവരാണ് രണ്ടു പേരും. പ്രഷർ ഒന്നും പ്രിയപ്പെട്ട ഗോപീസുന്ദറും അത്രതന്നെ പ്രിയങ്കരിയായ അമൃത സുരേഷും ഒന്നിക്കുന്നു എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന വാർത്ത. നേരത്തെ തന്നെ ഒന്നിലധികം വിവാഹബന്ധങ്ങൾ ഉണ്ടായിരുന്ന ഗോപിസുന്ദർ ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുകയായിരുന്നു. ഇത്തരം പശ്ചാത്തലങ്ങൾ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം പലപ്പോഴും വിമർശങ്ങൾക്ക് ഇരയായിട്ടുണ്ട് . എന്നാൽ പ്രേക്ഷകരുടെ പ്രിയ ഗായിക അമൃത സുരേഷ് കാര്യം അങ്ങനല്ലായിരുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ ജനപ്രിയനായകൻ ബാലയും ആയിട്ടാണ് അമൃത സുരേഷിന്റെ ആദ്യവിവാഹം.
അവസാനം വരെ വായിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .ഐ മീൻ ട്വിസ്റ്റ് കുറച്ചു അവിഹിതമാണ് എനിക്ക് അമൃതാ സുരേഷിന്റെ പാട്ടുകൾ ഇഷ്ട്ടമാണ്. അവരെ കാണാൻ ഇഷ്ട്ടമാണ്. മകൾക്കൊപ്പം അവർ ചെയ്യുന്ന വ്ലോഗുകൾ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റ്യൂഡ്സ് ഇഷ്ട്ടമാണ് ആരും പൂർണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തിൽ അവർ ഒരാളെ സ്നേഹിച്ചു.. വിവാഹം കഴിച്ച ജീവിച്ചു. അവർക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.അവർ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യൽ മീഡിയ യും മാധ്യമങ്ങളും ഏറ്റെടുത്തു ആഘോഷിച്ചു. (സ്വാഭാവികം – ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകൾ വേണമല്ലോ.)
അമൃതയുടെയും ഗോപിയുടെയും പോസ്റ്റ്ന്റെ താഴെ വരുന്ന കമ്മന്റുകൾ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. വിധിക്കാൻ നിൽക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാൾ ഇപ്പൊ ഏറ്റവും തകർന്നു നിൽക്കുന്നത് ഹിരണ്മയി ആവാം. എത്രത്തോളം അവർ ആ ബന്ധത്തിന്റെ പേരിൽ പൊതു വേദികളിലും സോഷ്യൽ മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികൾ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തിൽ ചേർന്ന് നിന്നു. ഇപ്പോൾ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാൻ ഓർക്കുന്നു.കാരണം ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്.ജീവന് തുല്യം സ്നേഹിച്ച മനുഷ്യരെ മറ്റൊരാൾക്ക് വിട്ടു കൊടുക്കുമ്പോൾ ഉണ്ടാകുന്ന വേദനയെ കുറിച്ചോർക്കുന്നു.അങ്ങനെ ഒക്കെ പറയുമ്പോളും സ്നേഹം അന്ധമാണ് എന്നാണല്ലോ. നമ്മുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാവാം നമ്മൾ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശെരിയുമാകാം.പിന്നെ സദാചാരം.. എനിക്കാ വാക്കിൽ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ്വേർതി അല്ലാതെ ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും മനുഷ്യനല്ലേ ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.
അവരായി അവരുടെ പാടായി അടുത്ത പാട്ടായി നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാൻ.ദൈവമേ അടുത്താഴ്ച സ്കൂൾ തുറക്കും. പുസ്തകം വാങ്ങിയെന്നല്ലാതെ പൊതിഞ്ഞില്ല. യൂണിഫോം തയ്‌പ്പിക്കാൻ കൊടുത്തത് ഇനിയെന്നു കിട്ടുമോ? പിള്ളേരാണേൽ രണ്ടു വർഷം സ്കൂളിൽ പോകാതെ മടിയന്മാർ ആയിട്ടുണ്ട്.നാളെ ജോലിയുണ്ട് രാവിലെ അഞ്ചിന് എണീറ്റാലെ പണിയും തീർത്തു എട്ടുമണിക്ക് പിള്ളേരെ അമ്മേടെ അടുത്ത് കൊണ്ടാക്കിയിട്ട് ജോലിക്ക് പോകാൻ പറ്റൂ. നാളെ തിരക്കുള്ള ദിവസമാണല്ലോ.ഇന്ന് പള്ളിയിൽ പോകണം. പപ്പാ മരിച്ചിട്ട് ഒരു വർഷമായി. ഇനിയിപ്പോ എല്ലാരേയും വിളിച്ചെണീപ്പിച്ചു കുളിപ്പിച്ച് ഇറങ്ങുമ്പോ ഒരു നേരമാവും. കൂട്ടുകാരിയും മകനും വരുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കണം. സൺഡേ നാട്ടിൽ പോകണം പള്ളിയിൽ ചടങ്ങുണ്ട്. പിള്ളേർക്ക് സ്കൂൾ തുറന്നാൽ ഇനിയിപ്പോ എന്നു പോകാനാ നാട്ടിൽ.കുട്ടികളുടെ സ്കൂൾ, ട്യൂഷൻ മകന്റെ ഡാൻസ് ക്ലാസ്സ് ചെറിയവന്റെ സ്പീച് തെറാപ്പി അമ്മയ്ക്ക് തിങ്കളാഴ്ച ആശുപത്രിയിൽ സിടി സ്കാൻ . അപ്പോളേക്കും ശമ്പളം അക്കൗണ്ടിൽ വീഴുമായിരിക്കും.ദൈവേ ലോൺ വാടക EMI, കുട്ടികളുടെ ഫീസ് ബസ് ഫീ എന്റെ ജിം യോഗ .ഇൻഷുറൻസ് പുതുക്കാൻ ഉണ്ട്. കറന്റ് ബില് വൈഫൈ ചിട്ടി പാല് പലചരക്കു പച്ചക്കറി മീൻ ചിക്കൻ.
ഓർക്കുമ്പോ തല പെരുക്കുന്നു. ഇതിന്റെ ഇടയിൽ സിനിമ കാണണം വായിക്കണം എന്തേലുമൊക്കെ എഴുതണം, ഇന്ന് ബെന്യാമിന്റെ തരകൻസ് ഗ്രന്ഥാവാലി കയ്യിൽ കിട്ടി. ഒരു റീല് എടുക്കണം ഇടയ്ക്ക് ഫേസ്ബുക്കിൽ കുത്തിപ്പിടിച്ചു എന്തേലുമൊക്കെ എഴുതണം.അയ്യോ. ഞാനപ്പോ എന്താ പറഞ്ഞു വന്നത്. ഒരു ദിവസം 24 മണിക്കൂർ പോരെന്നാണോ ഓർമയില്ല വയസ്സായി വരുകാണ് ഹാ ഓർത്ത്.നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ” എന്നാണല്ലോ പഴംചൊല്ല്. പഴം ചൊല്ലിൽ പതിരില്ല എന്ന് ഞങ്ങടെ കർത്താവും പറഞ്ഞിട്ടുണ്ട്.ഓ.. കർത്താവിന്റെ കാര്യം പറഞ്ഞപ്പോളാ.. തിരി വാങ്ങി വച്ചിട്ടുണ്ട്. ഞാനൊന്നു പോയേച്ചും വരാം. ഞാൻ പാവാണ്… ആരും പൊങ്കാല ഇട്ടേച്ചും പോയേക്കരുതേ
കടപ്പാട് -നിധി കുര്യൻ