കൺട്രോൾ റൂമിലേക്ക് കണ്ണീരോടെ ഒരു കാൾ രാവിലെ സ്കൂളിൽ വിട്ട കുഞ്ഞിനെ വൈകിട്ട് ഒരുപാടുനേരമായിട്ടും കാണുന്നില്ല

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ല. മിനിറ്റുകൾക്കകം കണ്ടെത്തി, തൃശൂർ കൺട്രോൾ റൂം പോലീസ്.തൃശൂർ നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന ആൺകുട്ടി. ആദ്യ ദിവസത്തെ പ്രവേശനോൽസവ പരിപാടികൾ കഴിഞ്ഞ്, ഉച്ചക്ക് സ്കൂളിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അച്ഛനും അമ്മയും എത്തി. ക്ലാസ്സിൽ നിന്നും അവർ കുട്ടിയെ ഏറ്റുവാങ്ങി, സ്കൂളിനുമുന്നിൽ പാർക്കു ചെയ്തിരുന്ന സ്കൂൾ വാഹനത്തിനടുത്തെത്തി. ആ സമയം വീടിനടുത്തുനിന്നും അതേ വാഹനത്തിൽ സ്കൂളിലേക്ക് വരുന്ന മുതിർന്ന കുട്ടികൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ കുട്ടിയെ കൂട്ടി, രാവിലെ വന്ന വാഹനത്തിൽ കയറി വീട്ടിലേക്ക് പോയ്ക്കൊളളാമെന്ന് പറഞ്ഞു. അച്ഛനും അമ്മയും കുട്ടിയെ അവരെ ഏൽപ്പിച്ചു.

അവരുടെ മൂത്ത കുട്ടി, നഗരത്തിലെ തന്നെ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. ആ കുട്ടിയെ സ്കൂളിൽ നിന്നും കൊണ്ടുവരുന്നതിന് അച്ഛമ്മമാർ അവിടേക്കു പോയി. എന്നിട്ട് മൂത്ത കുട്ടിയെ വാഹനത്തിൽ കയറ്റിവിട്ടു. വീട്ടിലേക്കു പോകും വഴി, ചെറിയകുട്ടി വാഹനത്തിൽ കയറിപ്പോയിയോ എന്ന് ഉറപ്പുവരുത്താനായി അവിടെ ഇറങ്ങി നോക്കി. അപ്പോഴാണ് കുറച്ചു നേരം മുമ്പ് കുട്ടിയെ ഏൽപ്പിച്ചു നൽകിയ സ്കൂളിലെ മുതിർന്ന കുട്ടികൾ അവിടെ വിഷമിച്ചു നിൽക്കുന്നതു കണ്ടത്. അവൻ ഞങ്ങളുടെ കൈവിട്ട് ഓടിപ്പോയി. അവനെ കാണുന്നില്ല. മുതിർന്ന കുട്ടികൾ പറഞ്ഞതുകേട്ട് അച്ഛനും അമ്മയും പരിഭ്രമിച്ചു. എല്ലായിടത്തും അന്വേഷിച്ചു. അവനെ കാണുന്നില്ല. മാത്രവുമല്ല, സ്കൂളിലേക്ക് കുട്ടികളേയും കൊണ്ടുവന്ന വാഹനങ്ങൾ എല്ലാം തന്നെ കുട്ടികളേയും കൂട്ടി തിരിച്ചു പോയിരുന്നു.

ഉടൻ തന്നെ വിവരം സിറ്റി കൺട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം നഗരത്തിലെ പട്രോളിങ്ങ് വാഹനങ്ങളിലേക്ക് കൈമാറി. ഉടൻ തന്നെ കൺട്രോൾ റൂം വാഹനത്തിൽ പോലീസുദ്യോഗസ്ഥർ സ്കൂളിനടുത്തെത്തി. മാതാപിതാക്കൾ കുട്ടിയെ കാണാതായ വിവരം പോലീസുദ്യോഗസ്ഥരോട് പറഞ്ഞു. പോലീസുദ്യോഗസ്ഥർ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കുക മാത്രമല്ല, കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സ്കൂളിലേക്ക് സർവ്വീസ് നടത്തുന്ന വാഹന ഡ്രൈവർമാരുടെ ടെലിഫോൺ നമ്പറുകൾ പോലീസുദ്യോഗസ്ഥർ സംഘടിപ്പിച്ചു. എന്നിട്ട് അവരെ ഓരോരുത്തരെയായി വിളിച്ചു. വാഹനങ്ങൾ എല്ലാം വിവിധ ദിശകളിലേക്ക് കുട്ടികളേയും കൊണ്ട് യാത്രചെയ്യുകയായിരുന്നു. അധ്യയന വർഷത്തിലെ ഒന്നാമത്തെ ദിവസമായതുകൊണ്ട് പല ഡ്രൈവർമാർക്കും അവരുടെ വാഹനത്തിൽ സ്കൂളിലേക്ക് വരുന്ന കുട്ടികളെ മുഖപരിചയം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. വാഹന ഡ്രൈവർമാരോട് അവരവരുടെ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കുട്ടികളെ പരിശോധിക്കുവാൻ പോലീസുദ്യോഗസ്ഥർ നിർദ്ദേശിച്ചു.

ഒടുവിൽ, നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സ്കൂൾ വാഹനത്തിൽ പോലീസുദ്യോഗസ്ഥർ പറഞ്ഞു നൽകിയ അടയാളങ്ങൾ ഉള്ള ഒരു കുട്ടി ഉണ്ടെന്ന് ഡ്രൈവർ പോലീസുദ്യോഗസ്ഥർക്ക് വിവരം നൽകി. ആ വാഹന ഡ്രൈവറോട് വാഹനം അവിടെ നിർത്തിയിടാൻ പറഞ്ഞു. പോലീസുദ്യോഗസ്ഥർ അച്ഛനേയും കൂട്ടി, പോലീസ് വാഹനത്തിൽ അവിടേക്ക് കുതിച്ചു. കാണാതായ കുട്ടിയെ ആ വാഹനത്തിൽ നിന്നും കണ്ടെത്തി. തനിക്ക് പോകാനുള്ള വാഹനമാണെന്നു കരുതി, സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ, അറിയാതെ കയറിയിരിക്കുകയായിരുന്നു കുട്ടി. കുട്ടിയേയും കൂട്ടി പോലീസുദ്യോഗസ്ഥർ സ്കൂളിനു മുൻപിലെത്തിയപ്പോൾ അച്ഛനും അമ്മയും അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അൽപ്പനിമിഷം പോലും പാഴാക്കാതെ, കുട്ടിയെ കണ്ടെത്തുന്നതിന് ഒപ്പം നിൽക്കുക മാത്രമല്ല, ആശ്വസിപ്പിക്കുക കൂടി ചെയ്ത പോലീസുദ്യോഗസ്ഥർക്ക് അവർ നന്ദി പറഞ്ഞു.

കുട്ടിയെ കാണാതായന്നെറിഞ്ഞ നിമിഷ നേരം കൊണ്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കൺട്രോൾ റൂം പോലീസുദ്യോഗസ്ഥർ, പിങ്ക് പോലീസ് പട്രോളിങ്ങ് എന്നിവരുടെ ആത്മാർത്ഥ പരിശ്രമ ഫലമാണ് ഉടൻ തന്നെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്. ഇതെല്ലാം കൃത്യമായി ഏകോപിപ്പിച്ചതും സന്ദോർഭിചിതമായ നിർദ്ദേശങ്ങൾ നൽകിയതും കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരാണ്. മാതൃകാ പരമായ ഡ്യൂട്ടി നിർവ്വഹിച്ച എല്ലാവർക്കും തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.
കടപ്പാട്-തൃശൂർ സിറ്റി പോലീസ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these