വീടിന്റെ രണ്ട്മൂന്ന് കിലോമീറ്റർ അടുത്തെത്തിയാൽ കൈവീശി കാണുന്നവരോടൊക്കെ വരവറിയിക്കും

ആദ്യമായി ഗൾഫിൽ വരുന്നവൻ പ്രതീക്ഷ വളരെ വലുതാണ് അതൊരു ബുർജ് ഖലീഫ പോലെ മാനംമുട്ടെ ഉയർന്നതാണ്. വന്നിറങ്ങിയ ഉടനെ കാണുന്ന അംബരചുംബികളായ കെട്ടിടങ്ങളും വർണ്ണ ദീപ അലങ്കാരങ്ങളും അവന്റെ പ്രതീക്ഷക്ക് പൊലിമയേകും. പതിയെപ്പതിയെ യാഥാർത്ഥ്യത്തിന് മണൽ ചൂടിലേക്ക് കാലെടുത്ത് വെക്കുമ്പോഴും പ്രവാസത്തിലെ നോവ് മനസ്സിന് അസ്വസ്ഥമാക്കുന്നത്. പിന്നെ എല്ലാം സഹിച്ച് ഒരു ജീവിതം പക്ഷേ മാസാവസാനം നമ്മുടെ അക്കൗണ്ടുകളിലേക്ക് വരുന്ന നമ്മൾ ചോര നീരാക്കി ജോലി ചെയ്തതിന്റെ പ്രതിഫലം അതിൽ ഒരു ഭാഗം വീട്ടിലേക്ക് അയക്കുമ്പോൾ കിട്ടുന്ന സന്തോഷം.

ലീവ്കിട്ടി നാട്ടിലേക്ക് വരാൻ പോകുന്നൂന്ന് പറഞ്ഞപ്പോൾ അവൾക്ക് ഭയങ്കര സന്തോഷം.പെരുന്നാളിന് മുമ്പ് എത്തും എന്നും കൂടി പറഞ്ഞപ്പോൾ അത് ഇരട്ടിയായി.ഇക്കാ ഞാൻ ഒരു കാര്യം പറയട്ടെ?”ന്ന് അവളുടെ ചോദ്യം എന്നോട് ആ പറയൂന്ന് ഞാൻ പറയുന്ന മുമ്പ് തന്നെ അവള് പറയുന്നു. പോർച്ചിലിരിക്കുന്ന ബൈക്ക് അവളെ നോക്കി ചിരിക്കുന്നൂന്ന് .അവിടെ ആഘോഷം തുടങ്ങിയതിന്റെയാണ് ഇതൊക്കെ അല്ലെങ്കിലും നമ്മള് വരുന്നൂന്ന് നാട്ടിലേക്ക് വിളിച്ച് പറഞ്ഞാൽ കൂടുതൽ സന്തോഷിക്കുന്നത് അവരാണ്.സോറി കല്യാണം കഴിയാത്തവർ വെയിറ്റ് ചെയ്യൂ നിങ്ങൾക്ക് സമയം ഉണ്ട്.തലേന്നാൾ കൂടി ഒരു മണിക്കൂറ് ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നമ്മള് എയർപോട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവരുടെ നാണം ഒന്ന് കാണണം പെണ്ണ് കാണാൻ പോയ അന്നത്തെക്കാൾ നാണമായിരിക്കും.

എല്ലാവരും ഇങ്ങനെയാണോന്ന് ചോദിച്ചാൽ അതെനിക്കറിയില്ല പിന്നെ കാറിൽ പോകുമ്പോൾ നുള്ളിയും, പിച്ചിയും, കുറുമ്പ് കാട്ടുമ്പോൾ അടങ്ങിയിരിക്ക് ആരെങ്കിലും കാണുമെന്ന് മുഖം കൊണ്ടവൾ ഗോഷ്ടികാണിക്കും ഇനി വീടിന്റെ രണ്ട്മൂന്ന് കിലോമീറ്റർ അടുത്തെത്തിയാൽ കൈവീശി കാണുന്നവരോടൊക്കെ വരവറിയിക്കും അവസാനം വീട്ടിലെത്തി ഡ്രസ്സൊക്കെ മാറി അയൽപകത്തൊക്കെ ഒരു റൗണ്ട് പോയി വരുമ്പോഴക്ക് കാലങ്ങൾക്ക് ശേഷം വീട്ടില് ഉണ്ടാക്കിയ ഫുഡും കഴിച്ചാൽ പിന്നെ എങ്ങനെയെങ്കിലും ഒന്ന് രാത്രിയായി കിട്ടിയമതീന്നാവും. ആരും അധികം പ്രതീക്ഷിക്കണ്ട ആ ഭാഗം സെൻസർബോർഡ് കട്ട് ചെയ്തു.ഞാൻ പറഞ്ഞുവന്നത് പെട്ടി തുറക്കുന്ന കാര്യമാണ് അത് കൊടുക്കാനുള്ളവർക്കൊക്കെ കൊടുത്താൽ നമ്മൾ ഹാപ്പി അവര് ഹാപ്പിയാണോന്ന് വഴിയെ മനസ്സിലാവും.അവിടുന്നങ്ങോട്ട് ഭരണം മാറിയ ഗവണ്മെന്റിനെ പോലെയാണ്.വൈദ്യുതി ജലം പൊതുമരാമത്ത് ധനകാര്യം കൃഷി അടുക്കളത്തോട്ടം ടൂറിസം അങ്ങനെ എല്ലാ വകുപ്പും നമ്മളങ്ങ് ഏറ്റെടുക്കും.

പിറ്റേന്ന് രാവിലെ മുതൽ ഒരു സഞ്ചിയും കൊണ്ട് ബജാറിലേക്ക് സാധനങ്ങളൊക്കെ വാങ്ങിക്കാൻ.മീൻ വാങ്ങുമ്പോൾ ഇത്തിരി നല്ലത് തന്നെ വാങ്ങണം നമ്മളില്ലാത്തപ്പോൾ വീട്ടുപടിക്കൽ കൊണ്ട് വരുന്നതും വാങ്ങിക്കുന്നതും മിക്കവാറും മത്തിയും അയിലയും ഒക്കെ ആയിരിക്കും. ഉമ്മാക്ക് ഇഷ്ടമായ ചീരയും തൈരും എല്ലാം വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ കാണുന്ന സന്തോഷത്തിന് പകരം വെക്കാൻ ഒന്നുമില്ല.എപ്പോൾ നാട്ടിൽ പോയാലും വീട്ടിലെ എന്തെങ്കിലും പണി ബാക്കികാണും.പെയിന്റിങ്ങോ ജനലിന് കർട്ടനിടാനോ ചുമര് തേക്കാൻ ബാക്കിവെച്ചത് തീർക്കാനോ ഒക്കെ കാണുംഅതും ഒരു സന്തോഷമാണ് ഞങ്ങൾക്ക്.വല്ലപ്പോഴെങ്കിലും മക്കൾക്ക് ബൈക്കിൽ സ്കൂളിലേക്ക് പോണം പിന്നെ വിരുന്നും ടൂറും കല്യാണങ്ങളും ഒക്കെയായി ലീവ് തീരുന്നതേ അറിയില്ല.തിരിച്ച് പോകാൻ രണ്ട്മൂന്ന് ദിവസം ഉള്ളപ്പോഴെ അവളെ കളിയും ചരിയുമൊക്കെ മാഞ്ഞുപോയി കാണും.അവസാനം അവളുടെയും കുട്ടികളുടെയും വീട്ടുകാരുടെയും കണ്ണീരിന് നടുവിലൂടെ ഹൃദയത്തിൽ കൊളുത്തിട്ട് വലിക്കുന്ന വേദനയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ യാത്ര പറഞ്ഞിറങ്ങുമ്പോൾ.നിറഞ്ഞ കണ്ണും പിടയ്ക്കുന്ന മനസ്സുമായി പ്രാർത്ഥനയോടെ അവളും എന്റെ കുടുംബവും കാത്തിരിക്കും ഇനിയുമൊരു രണ്ട് വർഷം കഴിഞുള്ള തിരിച്ചു വരവിനായ് കാതോർത്ത്.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these

No Related Post