ഗൾഫ് ജീവിതത്തിന്റെ മായാലോകത്ത് മതിമറന്നാണ് അച്ഛൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നത് എന്ന് കരുതി

ഞാൻ ജനിച്ചു എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നത്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന അച്ഛനോട് എനിക്ക് അധികം അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എന്റെ ലോകം ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെ പോലെ വരുന്ന ഒരാളായിരുന്നു അച്ഛൻ. അതുകൊണ്ടുതന്നെ അച്ഛനോട് എന്തോ ഒരു അകൽച്ച ആയിരുന്നു എന്റെ മനസ്സിൽ. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളും ആഹ്ലാദം തന്നിരുന്നു എങ്കിലും അച്ഛൻ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ വിധിക്കപ്പെട്ടത് അച്ഛനോടുള്ള എന്റെ സ്നേഹകുറവിന് കാരണമായി .ഞാൻ വളരുന്നതിനോടൊപ്പം അച്ഛനോടുള്ള അകാരണമായ അകൽച്ചയും എന്റെ കൂടെ വളരുകയായിരുന്നു. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞയുടൻ അച്ഛൻ എനിക്ക് ഒരു വിസ ശരിയാക്കി തന്നു.ദുബായിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ഒരു ജോലി. നാടും വീടും അമ്മയെയും വിട്ടു പൊന്നത് ഹൃദയഭേദകം ആയിരുന്നെങ്കിലും അച്ഛന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു ദുബായ് എയർപോർട്ടിൽ അച്ഛനും അച്ഛന്റെ ഉറ്റ കൂട്ടുകാരനുമായ സൈദ് ഇക്കയും എയർപോർട്ടിൽ എന്നെ കൂട്ടാൻ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ അച്ഛന്റെ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു. എനിക്ക് സൈദ് ഇക്കയെ പരിചയപ്പെടുത്തി. അതിനുശേഷം വീട്ടിലെയും നാട്ടിലേയും വിശേഷങ്ങൾ ചോദിച്ചു ഞാൻ ചോദിച്ചതിന് മാത്രം മറുപടി നൽകി. ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്ത് എന്നെ വിട്ടിട്ട് അവർ തിരിച്ചു പോയി. സൈദ് താമസിക്കുന്നത് ഇവിടെ അടുത്താണ് എന്താവശ്യമുണ്ടെങ്കിലും സൈദിനെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് നമ്പറും തന്നു.

എസി മുറിയിൽ ഇരുനുള്ള ജോലി ഒന്നിനും ഒരു കുറവും ഇല്ലാത്ത താമസവും ഉണ്ടായിട്ടും നാടുവിട്ടതിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടുവാൻ തുടങ്ങി. ഒരു രാത്രി പോലും അമ്മയെ പിരിഞ്ഞിരികാത്ത എന്നോട് അച്ഛൻ ചെയ്തത് വലിയ ക്രൂരത ആയിപോയി. ഇതുപോലെ സുഖ ജീവിതത്തിൽ മതിമറന്നതുകൊണ്ടായിരിക്കും അച്ഛൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ അച്ഛൻ നാട്ടിലേക്ക് ഞങ്ങളെ കാണുവാൻ വരുന്നു ഉണ്ടായിരുന്നത്. ഇവിടെ കൊണ്ടു വിട്ടിട്ട് ഒരാഴ്ചയായി ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. എന്റെ ചിന്തകളിൽ അച്ഛനോടുള്ള അമർഷം കൂടിക്കൂടി വന്നു അമ്മേ പിരിഞ്ഞ് എനിക്കിനി ജീവിക്കാൻ പറ്റാത്ത അവസ്ഥയിലെത്തി. സങ്കടം സഹിക്കാതെ വന്നപ്പോൾ ഞാൻ സെയ്ദ് ഇക്കയെ വിളിച്ചു. എനിക്ക് ഒരു ദിവസം പോലും ഇവിടെ നിൽക്കാൻ പറ്റില്ല നാട്ടിൽ പോയേ പറ്റുള്ളൂ ഇക്കാ അച്ഛനോട് പറഞ്ഞു അത് ശരിയാക്കി തരണം. ഇക്കാ പറഞ്ഞു മോനെ നീ എന്താണ് പറയുന്നത് നിന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടാണ് ഇത്രയും നല്ലൊരു ജോലി തരപ്പെടുത്തി തന്നത് മോൻ ക്ഷമിക്കൂ ആദ്യമൊക്കെ ഇത്തരം പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകുന്നതാണ് പിന്നീട് എല്ലാം ശരിയായിക്കൊള്ളും. പക്ഷേ ഇക്കയുടെ അനുരഞ്ജനം പാഴായിപ്പോയി ഞാൻ പറഞ്ഞു ഇല്ല എനിക്ക് പോയേ പറ്റൂ അച്ഛനോട് ഇത് പറഞ്ഞ പറ്റു അല്ലെങ്കിൽ ഞാൻ അച്ഛനോട് പറയാതെ ജോലി രാജിവെച്ച് പോകും. ഇക്ക പറഞ്ഞു മോനെ നീ രണ്ടുദിവസം കൂടി ക്ഷമിക്കൂ നമുക്ക് വെള്ളിയാഴ്ച നിന്റെ അച്ഛനെ പോയി കണ്ടു പറയാം.

അങ്ങനെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു മണിക്കൂറോളം സഞ്ചരിച്ച് പട്ടണത്തിൽ നിന്നും ഒരുപാട് ദൂരെ ഒരു ഒറ്റപ്പെട്ട ലേബർ ക്യാമ്പിന് മുന്നിൽ വണ്ടി നിന്നു . ലേബർ ക്യാമ്പിലെ നിരയായി പണിത മുറികളിൽ ഒന്നിലേക്ക് എന്നെ ഇക്ക കൂട്ടിക്കൊണ്ടുപോയി നിരനിരയായി കിടക്കുന്ന കട്ടിലുകളുടെ ഇടയിൽ ഒരാൾക്കും മാത്രം കഷ്ടി നിൽക്കാവുന്ന സ്ഥലമുണ്ട്. കട്ടിലിന്റെ മുകളിലും സൈഡിലും ആയി മുഷിഞ്ഞതും അല്ലാതെയും തുണികൾ കൊണ്ട് തോരണം തൂക്കിയിരിക്കുന്നു. അച്ഛൻ സൈറ്റിൽ ആണെന്നും വരാറായി എന്നും അച്ഛന്റെ മുറിയിൽ താമസിക്കുന്ന ഒരു ബംഗാളി ഞങ്ങളോട് പറഞ്ഞു. നിങ്ങടെ അച്ഛൻ വെള്ളിയാഴ്ച പോലും ലീവ് എടുക്കാറില്ല അതിനു എക്സ്ട്രാ പണം ലഭിക്കും. അത് അച്ഛന്റെ കട്ടിലിലാണ് മോൻ അവിടെ ഇരുന്നോളൂ മൂലയിലുള്ള ഒരു കട്ടിൽ ചൂണ്ടി കാണിച്ചിട്ട് ഇക്കാ പറഞ്ഞു. മൂന്ന് അടി വീതിയുമുള്ള ഒരു കട്ടിൽ തല ഭാഗത്ത് അല്പം മുകളിലായി ഭിത്തിയിൽ ഒരു കാർഡ്ബോർഡ് ഘടിപ്പിച്ചിരിക്കുന്നു അതിന്റെ മുന്നിൽ ഞാനും അമ്മയും ഉള്ള ഫ്രെയിം ചെയ്ത ഒരു ചിത്രം പിന്നെ കുറച്ച് മരുന്നുകളുടെ കവറുകൾ അലസമായി കിടക്കുന്നു. 25 വർഷമായി എന്റെ അച്ഛൻ ജീവിച്ച ലോകം നോക്കി കാണുകയായിരുന്നു ഞാൻ. അമ്പരപ്പ് മാറും മുൻപേ മുറിയുടെ മുൻപിൽ അച്ഛന്റെ ശബ്ദം.

നിങ്ങൾ എന്താണ് ഒരു മുന്നറിയിപ്പും കൂടാതെ എന്തുപറ്റി മോനെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുനോ. ഞാൻ അച്ഛനെ ഒന്നു നോക്കി തലയിൽ ഒരു തൂവാല കെട്ടിയിട്ടുണ്ട് മുഷിഞ്ഞ ഒരു കവർഓൾ ആണ് വേഷം. മരുഭൂമിയിലെ പൊടിമണ്ണിൽ മുങ്ങി നിൽക്കുന്ന ഒരു രൂപം കൺപീലികളിൽ തെളിഞ്ഞു നിൽക്കുന്ന മണൽത്തരികൾ. വെളുത്ത മുണ്ടും ഷർട്ടും ഇട്ടു പെർഫ്യൂം അടിച്ചു വിലകൂടിയ സിഗരറ്റ് ചുണ്ടിൽ വെച്ച് മാത്രം കണ്ടിട്ടുള്ള അച്ഛന്റെ ആ രൂപത്തിൽ നിന്നും ഇങ്ങനെ അച്ഛനെ കണ്ടപ്പോൾ എനിക്ക് താങ്ങാൻ കഴിയില്ല. ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു എടാ എന്റെ ദേഹത്ത് മുഴുവൻ വിയർപ്പും പൊടിയുമാണ് നിൽക്കടാ എന്ന അച്ഛൻ പറയുന്നുണ്ടെങ്കിലും ഞാൻ അച്ഛനെ വീണ്ടും മുറുക്കി കെട്ടിപ്പിടിച്ചു. 25 വർഷം കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരി പോലെ പെയ്തിറങ്ങി. അച്ഛന്റെ കയ്യിൽ നിന്നും ഒരു സുലൈമാനിയും കുടിച്ച് യാത്രയും പറഞ്ഞ് ഇറങ്ങിയപ്പോൾ സൈദ് ഇക്ക ചോദിച്ചു മോനെ നാട്ടിലേക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്യണോ. ഞാൻ പറഞ്ഞു വേണം ഇക്കാ പക്ഷേ എനിക്കു വേണ്ടിയല്ല എന്റെ അച്ഛന് വേണ്ടി കുടുംബത്തിനു വേണ്ടി ജീവിതം ഹോമിച്ച അച്ഛൻ ഇനി വിശ്രമിക്കട്ടെ. വീട്ടുകാരുടെ സന്തോഷം കാണുവാനായി സ്വന്തം സന്തോഷങ്ങൾ പുറത്തുകാണിക്കാതെ കുബൂസും തൈരും കഴിച്ച് ഞങ്ങളെ പോലുള്ളവരുടെ ഓണസദ്യയും ഉഷാറായിരുന്നു എന്ന് ഒക്കെ വീട്ടിൽ നിന്നും വിളിച്ചു പറയുന്നത് കേൾക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സമർപ്പിക്കുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these