ചിലർക്കിത് കണ്ടാൽ അറപ്പും വരും ഇത് കണ്ടു ചിരിച്ചവരും ഉണ്ട് ഈ ചിത്രം കണ്ടവർ ഫോട്ടോഷോപ്പ് ആണ് എഡിറ്റിംഗ് എന്നൊക്കെ പറയും

ഈ ചിത്രം എഫ്ബിയിൽ കണ്ട ഒരു ഫോട്ടോയാണ്‌ പലർക്കും ഇത് ഫോട്ടോഷോപ്പാണ് എഡിറ്റിംഗ് ആണ് എന്നൊക്കെ തോന്നും.പക്ഷെ ഛിത്രം എഡിറ്റിംഗ് ആണോ അല്ലെയോ എന്ന് എനിക്ക് അറിയില്ല. ചിലർക്കിത് കണ്ടാൽ ചിരിയും അറപ്പും ഒക്കെ വന്നേക്കും.എന്നാൽ ഞാൻ അങ്ങനെ ഒരു ജീവിതം ജീവിച്ചിരുന്നു എന്ന് എഡിറ്റിംഗ് ഒന്നും ഇല്ലാതെ തന്നെ പറയട്ടെ ഗൾഫ് ജീവിതത്തിൽ ഇതൊക്കെ നേരിട്ട് കണ്ടവർക്കോ ഇതിന്റെയൊക്കെ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിച്ചവർക്കോ ഇത് കണ്ടാൽ ഒന്നും തോന്നില്ല.ചിലപ്പോൾ ഒരു നെടുവീർപ്പെടുത്ത് നിലത്തേക്കിടാൻ തോന്നും.ഞാൻ ആദ്യമായി കിനാവുകളൊക്കെപാടെ പൂവണിയിക്കാൻ അച്ചാറും കുപ്പിയുമായി പോയത് സൗദിയിലെ റിയാദ് എന്ന സ്ഥലത്തേക്ക് ആണെന്നുള്ളത് ഇവിടെ ഇനി ആർക്കെങ്കിലും അറിയാൻ ബാക്കിയുണ്ടെങ്കിൽ അവരും കൂടി അറിഞ്ഞിരിക്കുക.

റിയാദിൽ മലാസ് എന്ന സ്ഥലത്ത് ഒരു ടൂറിസ്റ്റ് ഹോമിലായിരുന്നു ആദ്യത്തെ ജോലി.എന്റെ ഗൾഫ് ഡയറികൾ ‘എന്ന എഴുത്തിൽ അവിടെ നിന്നും സംഭവിച്ച പല കാര്യങ്ങളും ഇവിടെ മുൻപ് എഴുതിയിട്ടുണ്ട്.ഈ ചിത്രം കണ്ടപ്പോൾ ഓർമ്മ വന്ന ഒരു അനുഭവം കൂടി പറയട്ടെ.ആ ടൂറിസ്റ്റ് ഹോമിൽ ജോലി ചെയ്യുന്ന ഞാനടക്കമുള്ള പതിനഞ്ചോളം ആളുകൾക്ക് ആ ബിൽഡിങ്ങിന്റെ ഏറ്റവും മുകളിൽ ഷീറ്റുകൾ കൊണ്ട് മറച്ച വലിയൊരു റൂമും അതിനോട് ചേർന്ന് ഒരു ബാത്രൂമും കിച്ചണുമായിരുന്നു ഒരുക്കിയിരുന്നത്.റൂമിന്റെ പുറത്ത് കിച്ചന്റെ ഉള്ളിൽ തന്നെ ഒരു സൈഡിലാണ് ബാത്രൂം അതും ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയത്.ഷീറ്റ് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ വീണാൽ അകത്തുള്ളവന്റെ എല്ലാം പിറ്റേന്ന് മനോരമയിൽ വരും അജ്ജാതി സെറ്റപ്പ്.കിച്ചണിൽ നിൽക്കുന്നവർക്ക് ബാത്‌റൂമിൽ എന്തൊക്കെ നടക്കുന്നു എന്നും ബാത്റൂമിൽ കേറിയവർക്ക് കിച്ചണിൽ എന്തൊക്കെ നടക്കുന്നു എന്ന് വ്യക്തമായി കേൾക്കാൻ പറ്റും.ഞാൻ ആദ്യമായി ഇതെല്ലാം കണ്ടപ്പോൾ എന്റെ കൂടെ വന്ന കണ്ണൂർ സ്വദേശി മന്സൂറിനോട് “ഇതിലെങ്ങനെ കേറും..?എന്ന് ചോദിച്ചപ്പോൾ നാട്ടിൽ നിന്നും കേട്ട ഗൾഫല്ല മുന്നിലുള്ള ഗൾഫ് എന്ന് മനസ്സിലായത് പോലെ അവൻ ഒറ്റ ചിരിയായിരുന്നു.എന്നിട്ട് പറഞ്ഞു നല്ല മുട്ട് മുട്ടിയാൽ ഇതൊക്കെ ഒരു പ്രശ്നം ആണോ എന്നും പറഞ്ഞ് അവൻ എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി.ദിവസങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നു.

ഭാഷയും ജോലിയും വലിയ പ്രശ്നങ്ങളായി മാറിയ ആ സമയത്ത് ആ ബാത്റൂം ഒരു പ്രശ്നമായതെയില്ല.ആരും കിച്ചണിൽ ഇല്ലാത്ത നേരം നോക്കിയുംരാത്രിയിൽ എല്ലാവരും ഉറങ്ങുന്ന സമയത്തുമൊക്കെ കാര്യങ്ങൾ നടത്തി കൊണ്ടിരുന്നു.ഒരു ദിവസം ഞാൻ കിച്ചണിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ബാത്റൂമിനുള്ളിൽ നിന്നും എന്തോ കയ്യിൽ എടുത്ത് ഉള്ളിലുള്ള ബംഗാളി മറച്ച ഷീറ്റിൽ അടിച്ച് ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.ഞാൻ എന്റെ അരികത്ത് നിന്ന് മീൻ കഴുകി കൊണ്ടിരിക്കുന്ന താഹ എന്ന ആളോട് എന്താണ് അവൻ ശബ്ദം ഉണ്ടാക്കുന്നത് എന്ന് ചോദിച്ചപ്പോൾ താഹ ചിരിച്ചു കൊണ്ട് പറഞ്ഞു.നമ്മൾ ഇവിടെ നിൽക്കുന്നത് കൊണ്ട് മറ്റുള്ള ശബ്ദങ്ങൾ ഇങ്ങോട്ട് കേൾക്കാതിരിക്കാൻ നടത്തുന്ന ഒരു പരിപാടിയാണത്.പഠിച്ചു വെച്ചോ ആവശ്യം വരും ആ മറുപടി കേട്ടപ്പോൾ ആദ്യം എനിക്കത് മനസ്സിലായില്ലെങ്കിലും ഇല്ലാത്ത ബുദ്ധി ഉപയോഗിച്ച് ഒന്നും കൂടി ചിന്തിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി.ഹൈ എന്തൊക്കെയാണ്‌ ഗൾഫ് പഠിപ്പിക്കുന്നത് എന്ന് താഹയോട് പറഞ്ഞപ്പോൾ കുറെ കാലമായി ഗൾഫിൽ ജോലിയുള്ള താഹ പറഞ്ഞു ഇനിയെത്ര പഠിക്കാൻ കിടക്കുന്നു ജ്ജ് ആ ചോറ് ഊറ്റിക്കാളെ ദിവസങ്ങൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ദിവസം പതിവില്ലാതെ എനിക്ക് വയറ് വേദന അനുഭവപ്പെടുന്നത്. രാവിലെ പാകിസ്താനി ഹോട്ടെലിൽ നിന്നും കഴിച്ച ഫൂളും തമീസും തമ്മിൽ എന്തോ വാക്കേറ്റം ആമാശയത്തിൽ വെച്ച് നടന്നതും അകത്ത് പ്രശ്നങ്ങൾ വഷളായി ഉള്ളിലേക്ക് പോയവർക്ക് പുറത്തേക്ക് ഓടാൻ തിടുക്കമായി.

അവരുടെ അപേക്ഷ പരിഗണിക്കാതെ പത്ത് പതിനൊന്നു മണി വരെ പിടിച്ചു നിന്നെങ്കിലും ഇനി നിന്നാൽ കളി കാര്യമാവും എന്നുറപ്പായത്തോടെ ഞാൻ ലിഫ്റ്റുണ്ടായിട്ടും സ്ലിപ് കിട്ടാതെ മുകളിലേക്ക് സ്റ്റെപ്പിലൂടെ കേറി പാഞ്ഞു.ബാത്റൂമിലേക്ക് കേറാൻ നിക്കുമ്പോൾ കിച്ചണിൽ ബംഗാളികൾ പതിവില്ലാതെ മട്ടൺ ബിരിയാണി വെക്കാനുള്ള ഉള്ളി അരിയലിലാണ്.ഇപ്പൊ കേറണോ പിന്നീട് വരാം എന്ന് ചിന്തിക്കാൻ പോലും സമയമില്ലാത്ത അവസ്ഥ.രണ്ടും കൽപ്പിച്ച് അകത്തേക്ക് കയറി ബംഗാളികൾ അകത്ത് നിന്നും മുട്ടുന്ന വടി കയ്യിലെടുത്ത് അറഞ്ചം പുറഞ്ചം ഷീറ്റിൽ അടിച്ചോണ്ട് വളരെ ശ്രദ്ധിച്ച്‌ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ.കിച്ചണിൽ നിന്നും ബംഗാളികൾ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു വയറിന്റെ സമാധാനം തിരികെ നൽകിയ ആശ്വാസത്തോടെ പുറത്തേക്കിറങ്ങിയ ഞാൻ ബംഗാളികളെ നോക്കിയപ്പോൾ അവൻമ്മാർ എന്നെ നോക്കി വീണ്ടും ചിരിക്കുന്നു.ഇതിനിടയിൽ ഹിന്ദിയിൽ തുമരാ നാം ക്യാ ഹെയുമായി മാത്രം പിടിപാടുള്ള എന്നോട് ഒരുത്തൻ ഹിന്ദിയിൽ എന്തോ ചോദിച്ചതും ഞാൻ ഒന്ന് പരുങ്ങി വയറ് തടവി കാണിച്ചു അതോടെ അവൻമ്മാർ വീണ്ടും ചിരിയോട് ചിരി ജോലി സ്ഥലത്തേക്ക് തിരികെ എത്തിയ ഞാൻ മന്സൂറിനോട് പറഞ്ഞു പകല് വയറിളകാതെ നോക്കിക്കോ ബാത്റൂമിൽ പോയി ഇരുന്ന് കാര്യം കഴിക്കണമെങ്കിൽ വല്ല്യ എടങ്ങേറാണ് ആ ബംഗാളികൾ കളിയാക്കി കൊല്ലും എന്ന് പറഞ്ഞതും അവൻ പറഞ്ഞ മറുപടി അതല്ലേ മെസ്സിൽ പരിപ്പ് കറി വെക്കാൻ ഞാൻ അയക്കാത്തത്.എന്റെ പള്ളക്ക് തീരെ അത്‌ പറ്റൂല എന്ന്.നമ്മൾ നേരിട്ട് കാണാത്ത ചിത്രങ്ങൾ മുഴുവനും ചിലപ്പോൾ നമുക്ക് എഡിറ്റിംഗ് ആണ്.
കടപ്പാട്-റഷീദ് എം ആർ ക്കെ.സലാല

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these