ജലദോഷം വന്നാലോ എന്നും പറഞ്ഞ് മാറ്റിനിർത്തിയ അമ്മായിയമ്മ ഉണ്ടോ നിങ്ങൾക്ക് കുറിപ്പ്

നമ്മുടെ ഈ നാട്ടിൽ എത്ര പേർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടെന്ന് അറിയില്ല നിങ്ങളിൽ എത്ര പേർ ഇത് മുഴുവൻ വായിക്കുമെന്ന് അറിയില്ല.എങ്കിലും കുറച്ച് കാലമായി മനസിൽ കൊണ്ട് നടന്ന ഒരു കാര്യത്തെക്കുറിച്ച് എഴുതണമെന്ന് തോന്നി ഇവിടത്തെ ഒരു എഴുത്തുകാരി എഴുതിയ ഒരു കഥ വായിച്ചപ്പോഴാണ് അതിനെക്കുറിച്ച് തുറന്ന് എഴുതാൻ തീരുമാനിച്ചത്.സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ഒരമ്മയെക്കുറിച്ച് ചർച്ച ചെയ്ത ഒരു സമയം ഉണ്ടായിരുന്നല്ലോ ഇപ്പൊ അടുത്ത്.ഒരുപാട് പേർ ആ അമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറ്സ് ചെയ്തിരുന്നു.ഞങ്ങൾ സ്ത്രീകളിൽ തന്നെ പലരും എനിക്കും ഇങ്ങനെ ഉണ്ടായിരുന്നു.എന്നിട്ട് ഞാനെന്റെ കുഞ്ഞിനെ ഒന്നും ചെയ്തിട്ടില്ലല്ലോ അവൾ മനപൂർവ്വം ചെയ്തതാ എന്നൊക്കെ പറഞ്ഞ് രംഗത്ത് വന്നു അങ്ങനെ പറയുന്നവരോട് എനിക്കുമുണ്ട് പറയാൻ ആ അവസ്ഥയിലൂടെ കടന്നുപോയതാണ് ഞാനും ദൈവം തന്ന നിധി തന്നെയാ എന്റെ മോൾ.ഗർഭിണിയാണെന്നറിഞ്ഞ നാൾ മുതൽ കുഞ്ഞിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിച്ച് കാത്തിരുന്ന് കിട്ടിയ കൺമണി ആദ്യമൊക്കെ സ്വന്തം വീട്ടിലെ കിടപ്പും അമ്മയുടെ നോട്ടവും എല്ലാം ആയി നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന ജീവിതം മാറി മറിഞ്ഞതും ഡിപ്രഷൻ എന്ന അവസ്ഥയിലെത്തിയതും പെട്ടെന്നായിരുന്നു.

മൂന്നാം മാസം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ മുതലാണ് അതിന്റെ തുടക്കം 19 ആം വയസിൽ അമ്മയായ കുഞ്ഞിനെ ശരിക്കും എടുക്കാൻ പോലും പേടിയുള്ള ഞാൻ സ്വയം കുഞ്ഞിനെ കുളിപ്പിക്കലും കുഞ്ഞിന്റെ തുണിയും മറ്റു വസ്ത്രങ്ങൾ അലക്കലും വീട്ടുജോലി ചെയ്യലും എല്ലാം ആയി ശരിക്കും തളർന്നു പോയിരുന്നു.ഞാൻ കുളിപ്പിച്ചാൽ കുഞ്ഞിന് ജലദോഷം വന്നാലോ എന്നും പറഞ്ഞ് മാറി നിന്ന അമ്മായിയമ്മ ഉണ്ടോ നിങ്ങൾക്ക് തീരെ സഹിക്കാൻ വയ്യാതെ ഇറങ്ങിപ്പോവാൻ തോന്നിയിട്ടുണ്ട് എങ്ങോട്ടെങ്കിലും.കുഞ്ഞാണെങ്കിൽ രാത്രിയൊന്നും ഉറങ്ങില്ല വെറും കരച്ചിൽ.പാല് കൊടുത്തുകൊണ്ടേയിരിക്കണം കിടത്താൻ പറ്റില്ല അതോടെ കരച്ചിൽ തുടങ്ങും. പകൽ കുഞ്ഞുറങ്ങുമ്പോൾ വീട്ടിലെ ജോലി കാരണം ഒന്നു കിടക്കാൻ പോലും പറ്റാത്ത വിഷമം വേറെ.ഉറക്കമൊന്നും തീരെ ഇല്ലാതായി അതോടെയാണ് ദേഷ്യം എന്നൊരു അവസ്ഥ വരാൻ തുടങ്ങിയത്.ദേഷ്യം മാത്രമല്ല ഒരു തരം മടുപ്പ് ആത്മഹത്യ ചെയ്യാനുള്ള ചിന്തയൊക്കെ വരാൻ തുടങ്ങി പല പ്രാവശ്യം കിണറിന്റെ മതിലിൽ കയറി ചാടാൻ ഒരുങ്ങിയിട്ടുണ്ട്.

ആ സമയത്തെ മാനസിക സംഘർഷം എത്രയാണെന്ന് ഊഹിക്കാൻ പോലും കഴിയാത്തവർ ധാരാളം ഉണ്ടാകും.കുഞ്ഞിനെ എടുത്ത് ഇരുന്ന് ഉറങ്ങാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ കഴിയില്ല ഞാനുറങ്ങി പോയാൽ കുഞ്ഞ് കയ്യിൽ നിന്ന് വീണു പോയാലോ എന്ന പേടി.പകൽ സമയങ്ങളിൽ കുഞ്ഞുമൊത്ത് തനിച്ചിരിക്കുമ്പോൾ ഉണ്ടാകുന്ന ഭയം നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ. കുഞ്ഞെങ്ങാനും കമിഴ്ന്ന് വീണ് ശ്വാസം കിട്ടാതായാലോന്ന് പേടിച്ച് ഒന്ന് ബാത്റൂമിൽ പോലും പോവാൻ പറ്റാതെ അവളേം നോക്കിയിരുന്നിട്ടുണ്ടോ.പലപ്പോഴും കുഞ്ഞ് കരയുമ്പോൾ ഒന്നും ചെയ്യാനാവാതെ ഇരുന്നിട്ടുണ്ട് കരച്ചിൽ കേട്ട് ദേഷ്യം സഹിക്കാൻ വയ്യാതെ തല്ലാൻ കൈയോങ്ങിയിട്ടുണ്ട്. പക്ഷേ എന്തോ ഭാഗ്യത്തിന് തൊട്ടടുത്ത നിമിഷം മനസ് പറയും നിന്റെ ജീവനല്ലേടീ അതെന്ന് ഉറക്കെ കരഞ്ഞിട്ടുണ്ട് കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നുമ്പോഴെല്ലാം.കുഞ്ഞിനെ തൊട്ടിലിൽ കിടത്തി വേഗത്തിൽ ആട്ടി കുഞ്ഞ് ഉറക്കെ കരയുമ്പോൾ അവളെയെടുത്ത് നെഞ്ചോട് ചേർത്ത് അമ്മേടെ മോളെ അമ്മയൊന്നും ചെയ്യില്ലാട്ടോ എന്ന് പറഞ്ഞ് അലറിക്കരഞ്ഞിട്ടുണ്ട്.ഈശ്വരൻ കൂടെയുള്ളതുകൊണ്ട് മാത്രം പിടിച്ചു നിന്ന കുറച്ച് നാളുകൾ.ഇപ്പോഴും ഞാനനുഭവിച്ച ആ അവസ്ഥ വീട്ടിലാർക്കും അറിയില്ല പറഞ്ഞ് കൊടുക്കാൻ എനിക്കും അറിയില്ലായിരുന്നു.

എന്തുകൊണ്ടാണ് എനിക്ക് കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നുന്നതെന്ന് അവളെന്റെ പ്രാണനല്ലേ എന്നിട്ടും എന്തിനാ അന്ന് അങ്ങനെയെല്ലാം തോന്നിയതെന്ന് മനസിലായത്.ഈ അടുത്ത കാലത്താണ് ഒരു പാട് അമ്മമാർ കടന്ന് പോയ സ്റ്റേജ് ആവുംപക്ഷേ എല്ലാവർക്കും മെന്റൽ പവർ ഒരു പോലെ ആവില്ല.കൂടെ നിൽക്കാനോ ചേർത്തു പിടിക്കാനോ മനസിലാക്കാനോ ആരും ഇല്ലാത്ത അവസ്ഥയിൽ ഒരു പക്ഷേ മനസ്കൈവിട്ടു പോയേക്കാം. അതാണ് ആ അമ്മക്കും സംഭവിച്ചത്.ഞാൻ വിശ്വസിക്കുന്ന ആ ഒരു ശക്തി എന്റെ കൂടെ ഉള്ളതുകൊണ്ടാവാം കുഞ്ഞിന് എന്റെ കൈ കൊണ്ട് ആപത്തൊന്നും ഉണ്ടാവാത്തത്.പറഞ്ഞ് മനസിലാക്കിത്തരാൻ കഴിയാത്ത അവസ്ഥയാവും അനുഭവിക്കുന്നവർക്ക് കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നുന്നു എന്ന് ആരോടും പറയാൻ പറ്റില്ല ചിലപ്പോ നീ മാത്രേ പ്രസവിച്ചിട്ടുള്ളൂ ഞങ്ങളൊന്നും പ്രസവിച്ചിട്ടില്ലാത്ത പോലെ എന്നൊക്കെ പറയുന്ന അമ്മായിയമ്മമാരോടും മറ്റുള്ളവരോടും ഒന്ന് മാത്രേ പറയാൻ ഉള്ളൂ നിങ്ങളെപ്പോലെയാവില്ല എല്ലാവരും മനസിന് തീരെ കട്ടിയില്ലാത്തവരും ഉണ്ട്.അതു മനസിലാക്കി ചേർത്തു പിടിച്ചാൽ ഇനിയൊരമ്മക്കും കുഞ്ഞിനും ഈ ഗതി വരില്ല പഴയ കാലം പോലെ കൂട്ടുകുടുംബം അല്ലല്ലോ എവിടെയും നീ കിടന്നോ കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം എന്ന് പറയാൻ ആരുമില്ലാത്തിടത്ത് സംഭവിച്ച് പോവുന്ന അവസ്ഥയാണ്.ഭർത്താക്കന്മാരോട് ഒരു കാര്യം നിങ്ങളിൽ പലരും പറയുന്ന പരാതിയുണ്ടല്ലോ കുഞ്ഞുണ്ടായപ്പോൾ നിനക്ക് എന്നെ നോക്കാൻ സമയമില്ലല്ലോ എന്ന് എല്ലാവരേയും അല്ല ചിലരെ ആണ് അവളുടെ അവസ്ഥ അതാണ് ചേട്ടന്മാരേ.

പ്രത്യേകിച്ചും ചെറുപ്രായത്തിൽ അമ്മയായവരുടെ കൂടെ ആരും ഇല്ലെങ്കിലും നിങ്ങളുടെ ഒരു ചെറിയ തലോടൽ മതി അവൾക്ക് നഷ്ടപ്പെട്ടു പോയേക്കാവുന്ന ജീവിതം തിരിച്ചു പിടിക്കാൻ അവൾക്ക് മാത്രമല്ല നഷ്ടപ്പെടുന്നത് നിങ്ങൾക്ക് കൂടിയാണ് എന്ന് ഓർക്കുക.എന്റെ അവസ്ഥ കുറച്ചെങ്കിലും മനസിലാക്കി ചിലപ്പോഴെങ്കിലും കുഞ്ഞിനെ ഉറക്കാനും എടുത്തു നടക്കാനും ഭർത്താവിന് സാധിച്ചതു കൊണ്ടാവാം ഒരു പക്ഷേ ആ അവസ്ഥയിൽ നിന്നും മാറാൻ എനിക്ക് സാധിച്ചതും സമാധാനം തിരിച്ച് കിട്ടിയതും.പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവാം. എന്റെ അനുഭവം എന്നെ പഠിപ്പിച്ച ചില കാര്യങ്ങൾ മാത്രമാണിത്.
കടപ്പാട്- അനു

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these